ശരിയായി ആഹാരം കഴിച്ചില്ലെങ്കിൽ ജഠരാഗ്നി ശരീരധാതുക്കളെ ദഹിപ്പിക്കും; വേണം യോജിച്ച ഭക്ഷണം: ഇത് ശീതകാല സ്പെഷൽ സാലഡ്
Mail This Article
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല്‍ ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം. എങ്കിലും തീവ്രത അനുഭവപ്പെടുന്നത് ഡിസംബറിൽ തന്നെ.
മഞ്ഞുകാലത്ത് പൊതുവേ ആകാശവും അന്തരീക്ഷവും ചില സമയങ്ങളിൽ മഞ്ഞ് മൂടിയിരിക്കും. ശക്തമായ തണുത്ത കാറ്റും ഉണ്ടാകും. വായുവിൽ പൊടിപടലങ്ങള്‍ കൂടും. വളരെ തണുപ്പുള്ള മഞ്ഞുകാലത്ത് ശരീരം സ്വയം പ്രതിരോധം തീർക്കാറുണ്ട്. പൊതുവേ എല്ലാവർക്കും ശരീരത്തിലെ അഗ്നിബലം വർധിക്കുന്നു. അതുകൊണ്ടുതന്നെ മഞ്ഞുകാലത്തിനു യോജിച്ചതും പോഷകപ്രദമായതുമായ ഭക്ഷണം കഴിക്കണം. ശരിയായി ആഹാരം കഴിച്ചില്ലെങ്കിൽ ജഠരാഗ്നി ശരീരധാതുക്കളെ ദഹിപ്പിക്കും. ശരീരം ശോഷിക്കുകയും ക്ഷയിക്കുകയും ചെയ്യും. മഞ്ഞുകാലത്ത് അനുഭവപ്പെടുന്ന തണുപ്പിനെ അതിജീവിക്കാനുള്ള ഊർജം കൂടി നാം കഴിക്കുന്ന ആഹാരത്തിൽനിന്നു ലഭിക്കേണ്ടതുണ്ട്.
ആരോഗ്യസംരക്ഷണത്തിന് മഞ്ഞുകാലത്തും പ്രധാനമാണ് സാലഡുകൾ. ഓറഞ്ച്, മുന്തിരി, പെയർ, മാതളനാരങ്ങ, വാഴപ്പഴം, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, തണ്ണിമത്തൻ, കിവി, സ്ട്രോബെറി, ബ്ലൂബെറി, അത്തിപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, തേൻ, തൈര്, നാളികേരപ്പാൽ, ചെറുനാരങ്ങാനീര്, കാബേജ്, തക്കാളി, ലെറ്റ്യൂസ്, ബ്രൊക്കൊളി, മുളപ്പിച്ച പയർ, ഇലകൾ, ബീറ്റ്റൂട്ട്, കാരറ്റ്, നെല്ലിക്ക, മുള്ളങ്കി, കുക്കുംബർ, കാപ്സിക്കം, ചെറുനാരങ്ങ, ചെറിയ ഉള്ളി, സവാള തുടങ്ങിയവ എല്ലാം തന്നെ മഞ്ഞുകാലസാലഡുകൾക്കു യോജ്യം. ഈത്തപ്പഴം, ബദാം, വാൾനട്ട്, ആപ്രിക്കോട്ട്, ഉണങ്ങിയ മുന്തിരി, ഉണക്ക വാഴപ്പഴം, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളും മഞ്ഞുകാല സാലഡുകൾക്കു നന്ന്.
സാലഡുകൾ ശീതകാല സ്പെഷൽ
1. ചെറുപയർ–കാബേജ് സാലഡ്
ചേരുവകൾ
- മുളപ്പിച്ച ചെറുപയർ – ഒരു കപ്പ് (നല്ലതുപോലെ വെള്ളം കളഞ്ഞു വാറ്റി എടുക്കണം)
- കാബേജ് – ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്
- ഉള്ളി അരിഞ്ഞത് – കാൽ കപ്പ്
- തക്കാളി കുരുകളഞ്ഞ് അരിഞ്ഞത് – അര കപ്പ്
- കാപ്സിക്കം ചെറുതാക്കി അരിഞ്ഞത് (മഞ്ഞ) – 2 ടീസ്പൂൺ
- പച്ചമുളക് വട്ടത്തിൽ ചെറുതാക്കി അരിഞ്ഞത് – ഒരു ടീസ്പൂൺ
- ജീരകപ്പൊടി – അര ടീസ്പൂൺ
- കുരുമുളകുപൊടി – കാൽ ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് – 3 സ്പൂൺ
- ഉപ്പ്, ചെറുനാരങ്ങാനീര് – ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം: മുളപ്പിച്ച ചെറുപയറും കാബേജും തക്കാളിയും ഒരു പാത്രത്തിലിട്ട് ഇളക്കുക. അതിലേക്ക് ഉള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, കുരുമുളകു പൊടി, ജീരകപ്പൊടി എന്നിവയും ചേർത്തു യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് അനുസരിച്ച് ഉപ്പും ചെറുനാരങ്ങാനീരും ചേർത്തു വീണ്ടും ഇളക്കി 15 മിനിറ്റ് അടച്ചുവച്ചശേഷം ഉപയോഗിക്കാം.
2. കുക്കുംബർ–കാരറ്റ് സാലഡ്
ചേരുവകൾ
- കുക്കുംബർ – 200 ഗ്രാം
- ക്യാരറ്റ് – 200 ഗ്രാം
- കാപ്സിക്കം പച്ച – പകുതി
- കുരുമുളകുപൊടി – അര ടീസ്പൂൺ (ആവശ്യത്തിന്)
- കട്ടിത്തൈര് – 2 കപ്പ്
- സവാള – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം: തൈര് ഒരു പാത്രത്തിൽ ഒഴിക്കുക. അതിലേക്ക് കുക്കുംബറും ക്യാരറ്റും കട്ടി കുറച്ച് നീളത്തിൽ ഗ്രേറ്റ് ചെയ്ത് ഇടുക. സവാളയും ഗ്രേറ്റ് ചെയ്ത് അതിൽ ചേർക്കുക. അതിനുശേഷം കാപ്സിക്കം വളരെ ചെറിയ കഷണങ്ങളാക്കിയതും ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവച്ചശേഷം എടുത്തു കഴിക്കാം.
3. ഫ്രൂട്ട് സാലഡ്
ചേരുവകൾ
- ഗ്രീൻ ആപ്പിൾ – 1 ചെറുതാക്കി അരിഞ്ഞത്
- പേരയ്ക്ക – 1 ചെറുതാക്കി അരിഞ്ഞത്
- മാതളനാരങ്ങ – 1 പൊളിച്ച് കുരുമാത്രം എടുക്കുക
- റോബസ്റ്റ പഴം – 1 ചെറുതാക്കി വട്ടത്തിൽ അരിഞ്ഞത്
- സിട്രസ് ഓറഞ്ച് – തൊലി കളഞ്ഞ് അല്ലികൾ
- പഴുത്ത പപ്പായ – പകുതി, ചെറുതാക്കി അരിഞ്ഞത്
- കുരുവില്ലാ മുന്തിരി (കറുപ്പ്)– 200 ഗ്രാം
- പുതിനയില – 3 സ്പൂൺ , ചെറുതാക്കി അരിഞ്ഞത്
- ചെറുനാരങ്ങാനീര്, തേൻ – ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം: ആപ്പിൾ, പേരയ്ക്ക, റോബസ്റ്റ പഴം, സിട്രസ് ഓറഞ്ച്, പപ്പായ, കുരുവില്ലാ മുന്തിരി എന്നിവ ഒരു പാത്രത്തിലിട്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുന്തിരിയും മാതളക്കുരുവും അതിലേക്കു ചേർക്കുക. മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് അനുസരിച്ച് ചെറുനാരങ്ങാനീരും തേനും ചേർത്തു യോജിപ്പിക്കുക. അതിലേക്ക് പുതിനയിലകളും ചേർത്തതിനുശേഷം പഴങ്ങളുടെ പാത്രത്തിലേക്കു ചേർത്ത് ഇളക്കുക. ആവശ്യത്തിന് അനുസരിച്ചു കഴിക്കാം. ഈ ഫ്രൂട്ട് സാലഡ് പ്രമേഹരോഗികൾക്കും കഴിക്കാം.
വിലാസം:
ഡോ കെ.എസ്.രജിതൻ
സൂപ്രണ്ട്, ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ- 22
rajithanks@gmail.com, Mob: 9447252678