‘എന്റെ വരികൾ സിനിമാപ്പേരുകളാക്കാറുണ്ട്, ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’; ഇളയരാജയ്ക്ക് പരോക്ഷ വിമർശനം
Mail This Article
പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതജ്ഞൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ സൃഷ്ടികളിലെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിൽ താൻ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. വിണ്ണെതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ താൻ എഴുതിയ കവിതകളുടെ പേരുകളാണെന്നും അവ പിന്നീട് സിനിമകൾക്കായി ഉപയോഗിച്ചെന്നും വൈരമുത്തു കൂട്ടിച്ചേർത്തു.
‘ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നു കരുതിയാണ് മറ്റുള്ളവര്‍ എന്റെ കവിത ഉപയോഗിക്കുന്നത്’, വൈരമുത്തു പറഞ്ഞു. താന്‍ ഈണമൊരുക്കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നിയമനടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.
പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍ കൂടിയാണെന്നു സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുൻപ് ഇതേ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടർന്ന്, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ ഭീഷണിമുഴക്കുകയും ചെയ്തു.