മകളില്ലാത്ത ആദ്യ പിറന്നാൾ, ആഘോഷങ്ങൾ ഒഴിവാക്കി ഇളയരാജ
Mail This Article
ഇസൈജ്ഞാനി ഇളയരാജയ്ക്ക് 81–ാം പിറന്നാളിന്റെ മംഗളങ്ങൾ നേരുകയാണ് ലോകത്തിന്റെ നാനാ ഇടങ്ങളിൽ നിന്നും ആരാധകർ. അദ്ദേഹത്തിന് സംഗീതാദരവുമായി എത്തിയവരും നിരവധി. പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രിയപ്പെട്ട സംഗീതജ്ഞന് ജന്മദിനാശംസകൾ അറിയിച്ചു. എന്നാൽ ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇളയരാജ. മകളും ഗായികയും സംഗീതസംവിധായികയുമായ ഭവതാരിണിയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നിന്നും അദ്ദേഹം മുക്തനായിട്ടില്ല.
ഭവതാരിണിയുടെ വിയോഗത്തിൽ നിന്നു കരകയറാൻ തനിക്കു സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ പിറന്നാൾ തനിക്ക് സന്തോഷം നൽകുന്നില്ലെന്നും ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്നും ഇളയരാജ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. തനിക്ക് ജന്മദിനാശംസകൾ നേർന്ന പ്രിയപ്പെട്ടവരോടു സംവദിക്കാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർബുദ രോഗത്തെത്തുടർന്നു ചികിത്സയിൽ കഴിയവെ ഈ വർഷം ജനുവരിയിലാണ് ഭവതാരിണി (47) വിടവാങ്ങിയത്. ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നണിഗാനശാഖയിലും സംഗീതസംവിധാനരംഗത്തും സജീവസാന്നിധ്യമായിരുന്നു ഭവതാരിണി. മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.