‘ഞങ്ങൾ തമ്മിൽ വഴക്കുകൾ പതിവ്, 2 മാസമൊക്കെ മിണ്ടാതിരുന്നിട്ടുണ്ട്, പക്ഷേ’; ദീപക് ദേവിനെക്കുറിച്ച് ജിസ് ജോയ്
Mail This Article
സംഗീതസംവിധായകൻ ദീപക് ദേവിന് എല്ലാ ഫോർമാറ്റും ചേരുമെന്ന് സംവിധായകൻ ജിസ് ജോയ്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന തലവന്റെ സംഗീതവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് ദീപക് ദേവിനെക്കുറിച്ചുള്ള കൗതുകകരമായ നിരീക്ഷണം ജിസ് ജോയ് പങ്കുവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച ചിത്രമാണ് തലവൻ. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഏറെ ചർച്ചയായിരുന്നു. തലവന്റെ ത്രില്ലർ മൂഡിന് ഇണങ്ങുന്ന ട്രാക്ക് ഒരുക്കുന്നതിന് ഇടയിൽ പലപ്പോഴും ചെറിയ വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും ജിസ് ജോയ് വെളിപ്പെടുത്തി.
"തലവനു മുൻപ് ബൈസിക്കിൾ തീവ്സും സൺഡേ ഹോളിഡേയുമാണ് ഞങ്ങളൊരുമിച്ചു ചെയ്ത സിനിമകൾ. ഞാനും ദീപക്കും തമ്മിൽ വൻ വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നിട്ടു മിണ്ടാതിരിക്കും. രണ്ടു മാസമൊക്കെ ഞാൻ മിണ്ടാതിരുന്നിട്ടുണ്ട്. ഈ വഴക്കുകളെല്ലാം ഏറ്റവും മികച്ച ഒരു വർക്ക് പുറത്തു വരുന്നതിനു വേണ്ടിയാണ്. പലപ്പോഴും ഇടിയുടെ വക്കു വരെ എത്തിയിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്തു സംഭവിക്കുന്നതാണ്," ജിസ് ജോയ് പറഞ്ഞു.
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ദീപക് ദേവ് സൂപ്പർ സിലക്ടീവ് ആണെന്ന് ജിസ് ജോയ് അഭിപ്രായപ്പെട്ടു. "ദീപുവിനെപ്പോലെ ഇത്രയും വൈവിധ്യമാർന്ന സംഗീതം ചെയ്തിട്ടുള്ള ആളുകൾ കുറവാണ്. സ്വയംവര ചന്ദ്രികേ, കരളെ കരളിന്റെ കരളെ, പറയാതെ അറിയാതെ, മൊഴികളും മൗനങ്ങളും, മഴ പാടും കുളിരായി, ഒരു നോക്കു കാണുവാൻ, കണ്ടോ നിന്റ കണ്ണിൽ ഒരു പ്രചണ്ഡനം, സോനാ സോനാ നീ ഒന്നാം നമ്പർ എന്നിങ്ങനെ നോക്കിയാൽ വൈവിധ്യമാർന്ന ട്രാക്കുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. എല്ലാത്തരം ഫോർമാറ്റും അദ്ദേഹത്തിനു ചേരും. അതാണ് അദ്ദേഹത്തെ സമീപിക്കുന്ന സംവിധായകന്റെ ധൈര്യം. സിനിമകളുടെ കാര്യത്തിൽ ദീപു സൂപ്പർ സിലക്ടീവ് ആണ്. ഇത്രയും സിലക്ടീവ് ആകരുതെന്ന് ഞാൻ ദീപുവിനോടു പറയാറുണ്ട്. എംപുരാൻ ഉള്ളതുകൊണ്ടാണ് അദ്ദേഹം അധികം വർക്കുകൾ എടുക്കാത്തത്. കുറെക്കൂടി സിനിമകൾ ദീപക് ദേവിന്റെ പേരിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ," ജിസ് ജോയ് പറഞ്ഞു.
"ഇത്രയും സൗണ്ടിങ് സെൻസ് ഉള്ള മറ്റൊരു മ്യൂസിക് ഡയറക്ടർ ഇല്ല. സുഷിൻ ശ്യാമും ജേക്സ് ബിജോയിയും ഷാൻ റഹ്മാനും ഉൾപ്പടെയുള്ള ഇപ്പോഴത്തെ പ്രമുഖ സംഗീതസംവിധായകരെല്ലാം പറയാറുണ്ട്, സാങ്കേതികമായി എന്തു സംശയം വന്നാലും അവർ ആദ്യം വിളിക്കുന്നത് ദീപക് ദേവിനെ ആണെന്ന്! അത്രയും ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം," ജിസ് ജോയ് പറഞ്ഞു.