ADVERTISEMENT

സ്വകാര്യജീവിതത്തെ വിമർശിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക അഭയ ഹിരൺമയി. അമ്മയ്ക്കൊപ്പം പാട്ടു പാടുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഗായികയുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറും വിധത്തിൽ ചിലർ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും കുറിച്ചുള്ള അനാവശ്യ വിലയിരുത്തലുകളും വിമർശനങ്ങളുമാണ് പലരും ഉന്നയിച്ചത്. അവയോടെയല്ലാം രൂക്ഷമായി തന്നെ അഭയ പ്രതികരിച്ചു. 

‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’ എന്നു കമന്റ് ചെയ്തയാളോട്, അതെങ്ങനെ നിങ്ങൾക്കു പറയാൻ സാധിക്കും എന്ന് അഭയ തിരിച്ചു ചോദിച്ചു. ‘നിങ്ങളെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു’ എന്ന മറുപടി ലഭിച്ചതോടെ താൻ മുൻപും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പ്രതികരിച്ചു. ‘നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റർ ഗോപി സുന്ദറിൽ നിന്ന് കുറച്ച് ശ്രദ്ധ നേടുക’ എന്നാണ് മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അഭയയ്ക്കു ലഭിച്ച പരിഹാസ കമന്റ്. ‘താങ്കൾ എന്താണ് അദ്ദേഹത്തെക്കുറിച്ചോർത്തു വിഷമിക്കുന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ’ എന്ന് അഭയ പ്രതികരിച്ചു. 

അമ്മ ‌അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ ഹൃദ്യമായ വിഡിയോ ആണ് അഭയ ഹിരൺമയി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ലതികയെ, ഗുരു നെയ്യാറ്റിങ്കര മോഹനചന്ദ്രൻ പഠിപ്പിച്ച ക‍ൃതിയാണിത്. ഓർമവച്ച കാലം മുതൽ താൻ മൂളി നടക്കുന്ന കൃതിയാണിതെന്ന് അഭയ കുറിച്ചു. നിരവധി പേരാണ് അമ്മ–മകൾ കോംബോയെ പ്രശംസിച്ചു രംഗത്തെത്തുന്നത്. മുൻപ് ‘ഗണപതിയേ’ എന്ന പാട്ടിന് ലതികയും അഭയയും ചേർന്നൊരുക്കിയ കവർ പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംഗീതത്തിൽ കുട്ടിക്കാലം മുതൽ പരിശീലനം നേടിയ ആളാണ് അഭയയുടെ അമ്മ ലതിക മോഹൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി. വർഷങ്ങളോളം തുടർച്ചയായി സംഗീത കച്ചേരികളും അവതരിപ്പിച്ചിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഏതാനും വർഷങ്ങൾക്കു മുൻപാണ് ലതിക വീണ്ടും പാട്ടിൽ സജീവമായിത്തുടങ്ങിയത്. ഇനിയും പാട്ടിൽ കൂടുതൽ നേടാനുള്ള പരിശ്രമങ്ങളിലാണ് അമ്മയെന്ന് മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അഭയ ഹിരൺമയി വെളിപ്പെടുത്തിയിരുന്നു. 

English Summary:

Abhaya Hiranmayi reacts against the unwanted comments on singing video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com