ADVERTISEMENT

സ്വകാര്യജീവിതം ചർച്ചയാക്കി സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടിയുമായി ഗായിക അഭയ ഹിരൺമയി. ജീവിതത്തിലെ പല ഘട്ടങ്ങളിലും എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും അഭയ പറയുന്നു. പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഗായികയുടെ പ്രതികരണ കുറിപ്പ്. 

‘ഇപ്പോള്‍ എന്നെ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകള്‍ പറയുന്നു. എന്റെ മുൻപത്തെ ജീവിതം നിങ്ങൾ കണ്ടിട്ടില്ല. അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ചു പറയും, എന്തു തന്നെ സംഭവിച്ചാലും അവൾ ഹാപ്പിയാണെന്ന്. അതെ, എനിക്കു തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നതുപോലെ എനിക്കും തെറ്റുകൾ പറ്റി. പക്ഷേ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. ജീവിതം എല്ലായ്പ്പോഴും എന്നെ മികച്ചതെന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്നു പഠിക്കുക, വീണ്ടും തെറ്റുകൾ വരുത്തുക. അതിൽ നിന്നു വീണ്ടും പഠിക്കുക. അങ്ങനെയാണ് നമ്മൾ നമ്മുടെ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ ജീവിക്കുക’, അഭയ ഹിരൺമയി കുറിച്ചു. 

അഭയയുടെ കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ഗായികയെ പിന്തുണച്ചു രംഗത്തെത്തുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലും ചർച്ചയാക്കി അഭയയ്ക്കെതിരെ നിരവധി പേർ വിമർശന സ്വരങ്ങളുയർത്തിയിരുന്നു. അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അനാവശ്യ ആരോപണങ്ങൾ ഉയർന്നത്. പരിഹാസ കമന്റുകളോടു ഗായിക പ്രതികരിച്ചെങ്കിലും വിമർശനങ്ങൾ വീണ്ടും സജീവമായി. പിന്നാലെയാണ് അഭയയുടെ പ്രതികരണ കുറിപ്പ് എത്തിയത്. 

English Summary:

Abhaya Hiranmayi talks on her personal life and happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com