‘ഒരിക്കൽപ്പോലും നേരിൽ കാണാനായില്ല, പക്ഷേ’; പ്രിയങ്കയുടെ പിതാവിനെക്കുറിച്ച് വികാരാധീനനായി നിക്
Mail This Article
പങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ പിതാവ് അശോക് ചോപ്രയെക്കുറിച്ചു വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് അമേരിക്കൻ ഗായകൻ നിക് ജൊനാസ്. നേരിൽ കാണാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ഭാര്യാപിതാവിനെ താൻ ഏറെ സ്നേഹിക്കുന്നുവെന്ന് ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിതാവിനൊപ്പമുള്ള പ്രിയങ്കയുടെ കുട്ടിക്കാല ചിത്രം പങ്കിട്ടുകൊണ്ട് ലോക പിതൃദിനത്തിലാണ് നിക് ഹൃദ്യമായ കുറിപ്പെഴുതിയത്.
‘എന്റെ ഭാര്യാപിതാവ് അശോക് ചോപ്രയ്ക്ക് പിതൃദിനാശംസകൾ. നമുക്ക് ഒരിക്കൽപോലും നേരിൽ കാണാനുള്ള അവസരം ലഭിച്ചില്ല. താങ്കളുടെ മകളിലൂടെയും കൊച്ചുമകളിലൂടെയും എനിക്ക് താങ്കളോട് ആഴമേറിയ ആത്മബന്ധം തോന്നുന്നു. ഞങ്ങൾ എല്ലാവരും താങ്കളെ വളരെയധികം സ്നേഹിക്കുന്നു’, പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്തുകൊണ്ട് നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2013ലാണ് അശോക് ചോപ്ര അന്തരിച്ചത്. 2018ൽ ആയിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹം. വിവാഹശേഷം ഇന്ത്യയിലെ പതിവ് സന്ദർശകനായ നിക്, പ്രിയങ്കയുടെ അമ്മ മധു ചോപ്രയുമായും സവിശേഷമായ ആത്മബന്ധം സൂക്ഷിക്കുന്നു. നിക് വിദേശിയായതുകൊണ്ട് തനിക്കൊരിക്കലും വേർതിരിച്ചു കാണാനാകില്ലെന്നും മകളുടെ പങ്കാളിയെക്കുറിച്ച് എന്തൊക്കെയാണോ ആഗ്രഹിച്ചത് ആ ഗുണങ്ങളെല്ലാം നിക്കിൽ ഉണ്ടെന്നും മധു ചോപ്ര അടുത്തിടെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.