ADVERTISEMENT

സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്? മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്, ചുണ്ടിലും നെഞ്ചിലുമായി. സന്തോഷത്തിലും സങ്കടത്തിലും വിഷാദത്തിലുമെല്ലാം കൂട്ടായി പാട്ടുകളെത്തുന്നുണ്ട് ഹൃദയങ്ങളിൽ. സംഗീതമില്ലാതെ ഒരു ദിനം പോലും കടന്നു പോകാറില്ലെന്നതു ശരി തന്നെ. സംഗീതത്തിനു േവണ്ടി മാത്രമായി ലോകം ഒരു മാറ്റി വച്ച ദിനമാണ് ജൂൺ 21. ഓരോ ദിനവുമിങ്ങനെയെത്തുന്നതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഈ ദിനം ആഘോഷിക്കാനുണ്ടായ കാരണത്തെ കുറിച്ച്  ലോക സംഗീത ദിനത്തിനും പറയുവാനുണ്ട് ഒരു കഥ. പാട്ടുദിനം വന്ന വഴി ഇങ്ങനെ:

അമേരിക്കൻ സംഗീതജ്ഞനായ ജോയല്‍ കൊഹന്‍ ആണ് 1976ൽ സംഗീതദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഈ ദിനത്തിൽ ആർക്കും എവിടെയും ആടിപ്പാടാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജോണിന്റെ ആശയം പക്ഷേ അമേരിക്കയിൽ നടപ്പിലായില്ല. എന്നാൽ ആറു വർഷങ്ങൾക്കിപ്പുറം ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് സംഗീതദിനമെന്ന ആശയം ഫ്രാൻസിൽ യാഥാർഥ്യമാക്കി. 

ഫ്രഞ്ചുകാരുടെ സാംസ്കാരിക ജീവിതത്തേക്കുറിച്ചു നടത്തിയ പ്രത്യേക പഠനത്തിലെ കണ്ടെത്തലുകളാണ് സംഗീതദിനമെന്ന ആശയത്തിനു വഴിതുറന്നത്. 5 ലക്ഷം പേരെയാണ് പഠനത്തിനു വിധേയമാക്കിയത്. അതിൽ ചെറുപ്പക്കാരിൽ രണ്ടിൽ ഒരാൾക്ക് സംഗീതത്തില്‍ അഭിരുചിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. തുടർന്ന് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവർക്കായി ഒരു ദിനം മാറ്റി വയ്ക്കാനും ഫ്രഞ്ച് മന്ത്രാലയം തീരുമാനിച്ചു. അങ്ങനെ 1982ൽ പാരീസിൽ ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരിൽ ആ ദിനം ആദ്യമായി ഫ്രാൻസിൽ ആഘോഷിക്കപ്പെട്ടു. പാട്ടും നൃത്തവുമായി ചെറുപ്പക്കാർ തെരുവിലിറങ്ങി. അന്നു തൊട്ടിന്നോളം ജൂൺ 21 സംഗീതദിനമായി ഫ്രാൻസിൽ ആഘോഷിക്കപ്പെടുന്നു. ഫെറ്റ് ഡി ലാ മ്യൂസിക് എന്ന പേരിലാണ് ഇപ്പോഴും ഫ്രാൻസിൽ ഈ ദിനം അറിയപ്പെടുന്നത്.

വർഷങ്ങളോളം ഫ്രാൻസിൽ മാത്രം ഒതുങ്ങി നിന്ന സംഗീതദിനം പിന്നീട് ലോകരാജ്യങ്ങൾ ഏറ്റെടുത്തു. ഇന്ന് ഇന്ത്യ, ജെർമനി, ഇറ്റലി, ഗ്രീസ്, റഷ്യ, ഓസ്ട്രേലിയ, പെറു, ബ്രസീൽ, മെക്സിക്കോ, കാനഡ തുടങ്ങി 121ഓളം രാജ്യങ്ങളാണ് ജൂൺ 21 സംഗീതദിനമായി ആഘോഷിക്കുന്നത്. സംഗീത പരിപാടികളും മറ്റുമായി സംഗീതജ്ഞരും ആസ്വാദകരും പാട്ടുകൾക്കൊപ്പം കൂടുന്നു.

English Summary:

Back story of world music day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com