ADVERTISEMENT

പാട്ടു ജീവിതം പലർക്കും പല തരത്തിലാണ്. ചിലർ ആസ്വാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റു ചിലർക്ക് സംഗീതം വരുമാനമാർഗം കൂടി ആണ്. ഇപ്പോൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കൂടി കലാകാരന്മാർക്കു മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഏറെയുണ്ട്. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലത്ത് പാട്ടിനോടുള്ള അഭിനിവേശം കൊണ്ട്, കഷ്ടതകൾ സഹിച്ച് പാട്ടുലോകത്തേക്കെത്തിയ നിരവധി പേരുണ്ട്. അവരിൽ പലരും ഇടക്കാലത്തുവച്ചു കൊഴിഞ്ഞുപോയി. ചിലർ സാഹചര്യങ്ങളോടു പൊരുതിത്തോറ്റ് പിന്മാറി. വേറെ ചിലർ പ്രതിസന്ധികളോടു മല്ലിട്ട് ജയിച്ചുകയറി. വരുമാനം കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നിട്ടും കലയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട്, കിട്ടുന്ന അവസരങ്ങളൊന്നും വിട്ടുകളയാൻ കൂട്ടാക്കാതെ അവർ പിടിച്ചു നിന്നു. വേദികളിൽ നിന്നു വേദികളിലേക്ക് പാട്ടുമായി പറന്നു ചെന്നു. അവരെ ഹൃദയം കൊണ്ട് കേട്ടിരുന്ന് ജനം കയ്യടിച്ചു. തുടക്കകാലത്ത് നേരിടേണ്ടിവന്ന വെല്ലുവിളികളും വരുമാനമെന്ന നിലയിൽ പാട്ടിനെ സ്വീകരിച്ച സാഹചര്യവുമെല്ലാം മനോരമ ഓൺലൈനിനോടു തുറന്നുപറയുകയാണ് ലോകസംഗീതദിനത്തിൽ ചില സ്വരസൗന്ദര്യങ്ങൾ.  

കെ.എസ്.ചിത്ര 

സംഗീതാധ്യാപികയായി എവിടെയെങ്കിലും ജോലി നോക്കാം എന്ന ആഗ്രഹത്തിൽ സംഗീതം പ്രധാനവിഷയമായി എടുത്താണ് ഞാൻ പഠിച്ചത്. ശാസ്ത്രീയ സംഗീതമായിരുന്നു ഇഷ്ടം. വളരെ അവിചാരിതമായിട്ടാണ് ഞാൻ സിനിമാ മേഖലയിൽ എത്തിയത്. എന്നാൽ സിനിമാ സംഗീതം ഒരു പ്രഫഷൻ ആക്കി മാറ്റും എന്നൊന്നും ഒരിക്കലും വിചാരിച്ചിട്ടില്ല. സിനിമയിൽ പാടി തുടങ്ങുന്ന സമയത്തും സ്കൂളിലോ കോളേജിലോ ജോലി ചെയ്യണമെന്നു തന്നെയായിരുന്നു ചിന്ത. പിന്നെ സിന്ധു ഭൈരവിയിൽ പാടി ദേശീയ പുരസ്‌കാരം കിട്ടി കഴിഞ്ഞപ്പോൾ ഒരുപാട് അവസരങ്ങൾ വന്നു തുടങ്ങി. അങ്ങനെ പല ഭാഷകളിലായി പാടി സിനിമാ സംഗീതത്തിലേക്കു പൂർണമായി കടന്നുവന്നു. കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക, അതിനോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോയി ജോലി നേടുക എന്നതായിരുന്നു എന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. അതൊരു സ്ഥിര വരുമാനമാർഗം ആണല്ലോ. അല്ലാതെ സിനിമയെ ആദ്യകാലങ്ങളിൽ ഒരു വരുമാനമാർഗമായി കണ്ടിട്ടില്ല. പക്ഷേ പിന്നീട് കൂടുതൽ തിരക്കുകൾ ആയി. മറ്റു ജോലിക്ക് പോകാൻ കഴിയില്ല എന്നായപ്പോൾ ആണ് ഇത് തന്നെ പ്രഫഷൻ ആക്കി മാറ്റിയത്. ഞാൻ ഒരു നൂറിലധികം പാട്ടുകൾ പാടിക്കഴിഞ്ഞതിനു ശേഷമാണ് എന്റെ ഒരു പടം പോലും പത്രത്തിൽ വരുന്നത്. സോഷ്യൽ മീഡിയ കാരണം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ കുട്ടികൾ ഒരു പാട്ടു പാടിയാലും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സാധ്യതകൾ ഏറെയാണ്. 

ജി.വേണുഗോപാൽ 

സംഗീതം നമുക്കൊരു പാഷനോ അഭിനിവേശമോ ആണെങ്കിൽ നമ്മൾ അതിന്റെ സാമ്പത്തിക നേട്ടത്തെപ്പറ്റി ചിന്തിക്കില്ല. ഒരു നല്ല സംഗീതജ്ഞൻ ഒരിക്കലും പണം ലക്ഷ്യമാക്കി പോകില്ല. ഞാൻ സംഗീതത്തിനു വേണ്ടി എന്ത് റിസ്കും എടുക്കാൻ തയാറായിരുന്നു. അതുകൊണ്ട് പണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പണത്തെപ്പറ്റി എന്ന് ചിന്തിച്ചു തുടങ്ങുന്നോ അന്ന് കലയോടുള്ള അഭിനിവേശം നിൽക്കും. അപ്പോൾ യഥാർഥ സംഗീതപ്രേമി ചെയ്യേണ്ടത് രണ്ടിലും ഒരു ബാലൻസ് ഉണ്ടാക്കുക എന്നുള്ളതാണ്. ഒരു സംഗീതപ്രേമി ആയി തുടരാൻ കഴിയുന്നത് വലിയ കാര്യമാണ്. പണത്തിനു പിന്നാലെ ആർത്തിയോടെ പായുമ്പോൾ കലയോടുള്ള യഥാർഥ അഭിനിവേശം നഷ്ടമാകും. സംഗീതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം മറക്കും. വയറൊഴിഞ്ഞു കിടന്നാലും പാടും. പണ്ട് ഞാൻ ഉൾപ്പെടുന്ന ഒരു തലമുറ പാട്ടിനു വേണ്ടി ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ തലമുറ പാട്ടുകൊണ്ട് ജീവിക്കുന്നു. കൃത്യമായ സംഗീത അഭിനിവേശം ഇന്നത്തെ തലമുറയിൽ കാണുന്നില്ല.

എം.ജയചന്ദ്രൻ 

1995ൽ ആണ് ഞാൻ ആദ്യമായി സിനിമ ചെയ്യുന്നത്. അതിനു മുന്നേ തന്നെ ആൽബം പാട്ടുകളും സീരിയലിന് വേണ്ടിയുള്ള പാട്ടുകളും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ പഠിച്ചത് എൻജിനീയറിങ് ആണ്. അതുകൊണ്ട് ആ ജോലിക്ക് തന്നെ പോകണം എന്നായിരുന്നു അച്ഛനും അമ്മയും ആഗ്രഹിച്ചത്. പക്ഷേ സംഗീതം ആയിരുന്നു എന്റെ പാഷൻ. സംഗീതത്തിൽ തന്നെ നിൽക്കണം, അതും മ്യൂസിക് കമ്പോസിഷൻ തന്നെ ചെയ്യണം എന്നായിരുന്നു എല്ലാ കാലത്തും എന്റെ ആഗ്രഹം. ഞാൻ വന്ന സമയത്ത് സംഗീതം ഒരു പ്രഫഷൻ ആക്കി എടുത്താൽ സാമ്പത്തിക നേട്ടം ഉണ്ടാകുന്ന സാഹചര്യമായിരുന്നില്ല. റഹ്മാൻ സർ, ഇളയരാജ സർ, ഹാരിസ് ജയരാജ് തുടങ്ങിയവർ അന്നേ വലിയ പ്രതിഫലം വാങ്ങുന്നവരായിരുന്നു പക്ഷേ ഇവിടെ വളരെ തുച്ഛമായ പ്രതിഫലമാണ് കിട്ടിക്കൊണ്ടിരുന്നത്. 2009-10 കാലഘട്ടത്തിൽ നിർമാതാവ് പറഞ്ഞ പ്രതിഫലത്തിന് സംഗീതം ചെയ്തു തീർക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ കടമെടുത്ത് ആ വർക്ക് ചെയ്തു തീർക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. അങ്ങനെ ഒരുപാട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടു. എനിക്ക് മുൻപെ വന്ന രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ ചേട്ടൻ, എ.ടി.ഉമ്മർ തുടങ്ങിയവർ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. അവർ ചെയ്ത പാട്ടുകൾ ഇന്നും എല്ലാവരും നെഞ്ചോടു ചേർക്കുന്നു. ആ പാട്ടുകൾ പാടിയ പാട്ടുകാർ നേട്ടങ്ങൾ കൊയ്‌തെടുത്തെങ്കിലും ഇവരെല്ലാം പാടുപെടുകയായിരുന്നു. അവർക്ക് അർഹിച്ച സാമ്പത്തിക നേട്ടം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. അവിടെയാണ് റോയൽറ്റി തുടങ്ങിയ കാര്യങ്ങൾ പ്രസക്തമാകുന്നത്. പാട്ടിന്റെ റോയൽറ്റി അവർക്ക് കിട്ടിയിരുന്നെങ്കിൽ അവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരികയില്ല എന്നു മാത്രമല്ല വളരെക്കാലം കൂടി അവർ നമ്മോടൊപ്പം ഉണ്ടായിരുന്നേനെ. ഇന്നിപ്പോൾ സാഹചര്യം മാറി. കല ഒരു തുറന്ന അരങ്ങായി മാറി. സിനിമയോടും സംഗീതത്തോടും താല്പര്യമുള്ളവർക്ക് കടന്നുവരാനുള്ള ഒരു തുറന്ന സമീപനത്തോടെ മലയാള സിനിമ മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അതിൽ സന്തോഷമുണ്ട്. ഒരുപാട് പുതിയ കലാകാരൻമാർ ചെയ്യുന്ന വർക്കുകൾക്ക് വ്യത്യസ്‍തതയും നല്ല കാഴ്ചപ്പാടുമുണ്ട്. അത് മലയാള സിനിമയ്ക്കു പുരോഗതി ഉണ്ടാക്കും.

ശരത് 

ആദ്യമൊന്നും സംഗീതത്തെ വരുമാനമാർഗമായി കാണാൻ കഴിയില്ലായിരുന്നു. ദാസേട്ടൻ പോലും ഒരുപാട് പാടിക്കഴിഞ്ഞല്ലേ ജനങ്ങളിൽ എത്തിയത്. അന്ന് ആകെ ഉള്ളത് റേഡിയോ ആയിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിൽ പാടുമ്പോൾ ഞാൻ വിചാരിച്ചത്, 'ഹോ ഇനി മലയാളം സിനിമാ സംഗീതം ഞാൻ ഭരിക്കും' എന്നൊക്കെ ആയിരുന്നു. സംഗീതം എന്നും പാഷൻ ആയിരുന്നു. എന്റെ അച്ഛൻ സെയിൽ ടാക്സ് കമ്മീഷണറും അമ്മ ടീച്ചറും ആയിരുന്നു. അമ്മ എല്ലാത്തിനും എന്നെ പിന്തുണച്ചു. ആദ്യത്തെ പാട്ട് ചെയ്യുമ്പോൾ പ്രൊഡ്യൂസർ മുങ്ങിക്കളഞ്ഞു. പിന്നെ എന്റെ അമ്മയുടെ മാല പണയം വച്ചാണ് ഓർക്കസ്ട്രയ്ക്കു പൈസ കൊടുത്തത്. ചിത്രച്ചേച്ചിയും മനോയും ഒക്കെയാണ് പാടിയത്. അതിനു ശേഷമാണ് വരുമാനത്തെപ്പറ്റി ചിന്തിച്ചത്. അച്ഛൻ പെൻഷൻ ആയതിനു ശേഷം വരുമാനം കിട്ടിയില്ലെങ്കിൽ പറ്റില്ല എന്നായി. ക്ഷണക്കത്തിലെ പാട്ടുകൾ ഹിറ്റ് ആയെങ്കിലും പടം ബോക്സ് ഓഫീസ് ഹിറ്റ് ആകാത്തതുകൊണ്ട് അടുത്ത പടം ചെയ്യാൻ രണ്ടുമൂന്നു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ കാര്യങ്ങളിലും ദൈവാധീനം വേണം. സിനിമയിൽ ഭാഗ്യമാണ് വേണ്ടത്. ഞാൻ ചെയ്തതിൽ 95 ശതമാനം പാട്ടുകളും ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നത് വലിയ സന്തോഷമാണ്. എന്നാൽ അതിൽ നിന്ന് ഞാൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന് ചോദിച്ചാൽ സംശയമാണ്. എന്റെ ഉപജീവനം നടന്നു പോയിരുന്നത് പരസ്യ ചിത്രങ്ങൾക്ക് വേണ്ടി പാട്ട് ചെയ്താണ്. സിനിമയിൽ വന്നതിനു ശേഷവും പരസ്യം ചെയ്താണ് ഞാൻ ജീവിച്ചുപോന്നത്. "മഴ മഴ കുട കുട മഴ വന്നാൽ പോപ്പിക്കുട" എന്ന പരസ്യം കേട്ടിട്ടുള്ളവർ പക്ഷേ അത് ഞാൻ ചെയ്തതാണെന്ന് മനസിലാക്കികാണില്ല. സിനിമ ചെയ്യുമെങ്കിലും പലപ്രാവശ്യവും പറ്റിക്കപ്പെട്ടിട്ടുണ്ട് പക്ഷേ എന്നെ കൈപിടിച്ച് നിർത്തിയത് പരസ്യങ്ങൾ മാത്രമാണ്. അതിനാണ് പറയുന്ന പ്രതിഫലം കൃത്യമായി കിട്ടിയിട്ടുള്ളത്. പക്ഷേ അഞ്ചു മിനിറ്റ് കൊണ്ട് ആളുകൾ ആസ്വദിക്കുന്ന പാട്ട് ഇരുപത് സെക്കൻഡിൽ ചെയ്യണം അതാണ് പരസ്യത്തിന്റെ കാര്യം. സംഗീതത്തോടുള്ള അഭിനിവേശം കാരണമാണ് പിടിച്ചു നിന്നത്. പാട്ടുകൾ ചെയ്യണം എന്നായിരുന്നു ആഗ്രഹം അല്ലാതെ സംഗീതത്തിലൂടെ പണം സമ്പാദിക്കാൻ കഴിയുമെന്നു ചിന്തിച്ചിട്ടേയില്ല. ഇപ്പോഴുള്ള കുട്ടികൾക്ക് അവസരങ്ങൾ കൂടുതലുണ്ട്. ഒരു പാട്ടുപാടി വൈറലായാൽ പിന്നെ കൈ നിറയെ അവസരങ്ങളാണ്. അതുപോലെ തന്നെ സാമ്പത്തിക നേട്ടവും ഉണ്ടാകുന്നുണ്ട്.  

രാജലക്ഷ്മി 

ഞാൻ വളരെ ചെറിയ പ്രായത്തിലാണ് സംഗീതലോകത്തേക്കു വന്നത്. കുട്ടിയായിരുന്നപ്പോൾ തന്നെ ഗാനമേള ട്രൂപ്പുകളിൽ പാടിത്തുടങ്ങി. അപ്പോൾ തന്നെ വരുമാനം കിട്ടിത്തുടയിരുന്നു. അതുകൊണ്ടു തന്നെ സംഗീതത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാൻ കഴിയും എന്ന് ഉറപ്പായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ സംഗീതവും പഠനവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും സംഗീതത്തിനായിരുന്നു പ്രാധാന്യം. അന്ന് ദൂരദർശൻ മാത്രമേയുള്ളൂ. ആളുകളുടെ ശ്രദ്ധ കിട്ടാൻ വലിയ പാടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. ആളുകളെ പ്രശസ്തരാക്കാനും അതുപോലെ തന്നെ ആളുകൾക്ക് എത്രമാത്രം റീച്ച് ഉണ്ട് എന്ന് തീരുമാനിക്കാനും സമൂഹമാധ്യമങ്ങളുടെ സഹായം തേടുന്നുണ്ട്. പുതിയ തലമുറയ്ക്കു സമൂഹമാധ്യമങ്ങൾ വഴി വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. നന്നായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്ക് നന്നായി പണം ഉണ്ടാക്കാൻ കഴിയും. പണ്ടൊക്കെ പ്രതിഫലം കുറവും അത് കിട്ടാൻ ബുദ്ധിമുട്ടും ആയിരുന്നു. പണ്ട് ദൂരദർശൻ മുതൽ പാടി വന്ന കുട്ടി എന്നൊരു പരിഗണന എനിക്ക് കിട്ടാറുണ്ട്. ഇപ്പോഴത്തെ ഒരു തിരയിൽ പലരും ഒലിച്ചു പോകുന്നെങ്കിലും എന്നെ ആളുകൾ മറന്നിട്ടില്ല എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഈ മേഖലയിൽ പിടിച്ചു നിൽക്കുക എന്നത് വലിയ പാടാണ്‌. അത് നിരന്തരമായ കഠിനാധ്വാനവും സംഗീതത്തോടുള്ള ആത്മസമർപ്പണവും ആത്മാർഥതയും അഭിനിവേശവും ഒക്കെ ഉണ്ടെങ്കിലേ കഴിയൂ. സംഗീതത്തെ ചേർത്തുപിടിച്ചാൽ സംഗീതം നമ്മെ തിരിച്ചും ചേർത്തു പിടിക്കും. എന്റെ അനുഭവം അതാണ്. ഒരിടത്തും തളർത്താത്ത തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ സഹായിക്കുന്നത് സംഗീതമാണ്.

English Summary:

Malayalam popular singers opens up about their beginning period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com