ADVERTISEMENT

കേട്ടു മതിവരാത്ത പാട്ടുകള്‍ നമുക്കൊരുപാടുണ്ട്. റേഡിയോയ്ക്കായി കാത്തിരുന്ന നേരത്ത് തുടങ്ങി ചിപ്പുകളുടെ കാലമെത്തിയപ്പോള്‍ പോലും വിടാതെ നമ്മെ പിന്തുടര്‍ന്ന ഈണങ്ങള്‍. എത്ര കേട്ടാലും മതിവരാത്തവ. ഓരോ കേള്‍വിയിലും ഒരായിരം ഓര്‍മകളെ മിന്നിത്തെളിയിക്കുന്ന പാട്ടുകള്‍. അതില്‍ ചിലതാകട്ടെ അടുത്തിടെയായി വീണ്ടും നമ്മുടെ കേള്‍വികളെ കീഴടക്കികളഞ്ഞു. എങ്ങനെയാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ പാട്ടുകള്‍ക്ക് പണ്ടത്തെക്കാള്‍ ഭംഗിയായി നമ്മുടെ കാതോരത്തിങ്ങനെ പുണര്‍ന്നിരിക്കണക്കുന്നതെന്ന് അദ്ഭുതം തോന്നുന്നില്ലേ? വരികളും ഈണവും ആലാപനവും ക്ലാസ്സിക് ആയിരുന്നു എന്നതാണ് ആത്യന്തികമായ ഉത്തരം. അത്തരത്തിലുള്ള ചില പട്ടികളുടെ കഥയറിയാം ഈ സംഗീത ദിനത്തില്‍. 

കണ്‍മണി അന്‍പോട് കാതലന്‍...

നിഗൂഢതകള്‍ മാത്രമുള്ളൊരു മലയിടുക്ക്. ചെറുങ്ങനെ മിന്നുന്ന വെളിച്ചം. മലകളുടെ കനംപേറിയ ഇടുക്കുകളിലൂടെ തെല്ലൊരഹങ്കാരത്തോടെ വന്നുപോകുന്ന കാറ്റ്. അവിടെയാണ് ഭ്രാന്തമായ പ്രണയത്തിനൊടുവില്‍ പിടിച്ചുവാങ്ങിയ സ്‌നേഹത്തിനൊപ്പം അയാളിരിക്കുന്നത്. അവിടെ വച്ചാണ് അവര്‍ ആ പാട്ട് പാടിയതും. നാല് പതിറ്റാണ്ടിനപ്പുറവും അത്രമേല്‍ സ്‌നേഹത്തോടെ കരുതലോടെ പ്രണയിക്കുന്ന മനസ്സുകള്‍ക്ക് പരസ്പരം പാടിക്കൊടുക്കാനിഷ്ടമുള്ളൊരു തമിഴ് പാട്ടായി അത് മാറി. ഒരു പ്രണയിതാവിന് പ്രാണനായ പ്രണയിയോട് ഇതിനപ്പുറം മനോഹരമായി എങ്ങനെയാണ് സംസാരിക്കാനാകുക എന്ന് തോന്നിപ്പോകും കണ്‍മണി അന്‍പോട് കാതലന്‍ എന്ന പാട്ട് കേട്ടാല്‍. അത്രമേല്‍ നിഷ്‌കളങ്കമായി എങ്ങനെയാണ് ഉള്ളിലുള്ള പ്രണയത്തിന്റെ ആഴം തന്റെ മനസ്സിന്റെയും ബുദ്ധിയുടെയും ചെറിയ ലോകത്ത് നിന്നുകൊണ്ട്, അയാള്‍ക്കൊരിക്കലും മനസ്സിലാക്കാനാകാത്ത അയാളെയും മനസ്സിലാക്കാനാകാത്ത ലോകത്തോട് പറയുകയെന്ന് പാടിത്തന്ന പാട്ടായിരുന്നു അത്. സന്തോഷവും അതിരില്ലാത്ത കരുതലും ഇഴചേരുന്നിടത്ത് പലപ്പോഴും അയാള്‍ വികാരങ്ങളാല്‍ വിങ്ങുന്നുണ്ട്. കമല്‍ഹാസന്‍ എന്ന ഇതിഹാസ തുല്യനായ നടനും രോഹിണി എന്ന നടിയും നടിച്ചും നിനച്ചും പൂര്‍ത്തിയാക്കിയ ഗാനം ക്ലാസ്സിക് എന്ന വാക്കിനപ്പുറം മറ്റൊന്നും അര്‍ഹിക്കുന്നില്ല. മറ്റൊരു വിശേഷണവും ചേരുകയുമില്ല. പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് രാജാ ഈണം എന്നതിനപ്പുറം കമല്‍ഹാസന്റെ വോയ്‌സ് ഓവറാണ്. അനുകരണങ്ങള്‍ക്കും ഏറ്റുപാടലിനും അതീതമായി ആ ഗാനം മാറിയതും മറ്റൊന്നുംകൊണ്ടല്ല. പ്രണയപ്പാട്ടാണെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് എന്നി സിനിമിലൂടെ ഓര്‍മകളുടെ ഈണം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പക്ഷേ അവിടെ പ്രണയമായിരുന്നു. പ്രാണന്‍ പകുത്തുനല്‍കിയ രണ്ട് ചങ്ങാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പേയാരുന്നു. അവിടെ കൃത്യമായി ഗാനം പ്ലേസ് ചെയ്യപ്പെട്ടു. ഒരാള്‍ മരണത്തിന്റെ ആഴങ്ങളില്‍ നിന്നും മറ്റേയാള്‍ സൗഹൃദത്തെ തിരിച്ചുപിടിച്ച് ഒരായുഷ്‌കാലം കൂടെ കാണുമായിരുന്ന ഒരു സങ്കടത്തില്‍ നിന്നും. അക്കാര്യം തന്നെയാണ് കണ്‍മണി അന്‍പോട് കാതലനെ കാലാതീതമാക്കിയത്. അടിമുടി സ്‌നേഹമാണ്. സ്‌നേഹം മാത്രമാണ് പാട്ട്. ജാനകിയമ്മയായിരുന്നു ഗാനത്തിലെ പെണ്‍സ്വരം. ഗുണ എന്ന ചിത്രത്തിലെ ഗാനത്തിന് സംഗീതം ഇളയരാജ. രാജാസാറിന്റെ രാജാപ്പാട്ടുകള്‍ തമിഴിന്റെ വികാരമായതെങ്ങനെയെന്ന് കണ്‍മണി അന്‍പോട് കാതലന്‍ പാതിപ്പകര്‍ന്നുകൊണ്ടിരിക്കുന്നു. ഉള്ളുതൊട്ട് മനുഷ്യനെഴുതുന്ന കത്തില്‍ പോലും സംഗീതത്തിനിടമുണ്ടെന്നറിയിച്ച വരികളെഴുതിയത് വാലിയായിരുന്നു. 

മഞ്ഞുമ്മല്‍ ബോയ്‌സിലെ നിര്‍ണായകമായ രംഗത്ത് കണ്‍മണി അന്‍പോട് കാതലിനെ രണ്ടു വരികളേയുള്ളൂ. പക്ഷേ തീയറ്ററില്‍ നിന്നിറങ്ങിയ ഓരോ മനുഷ്യനും അതിനു മുന്നിലും പിന്നിലുമുള്ള വരികളും ഈണവും പിന്നെയും തേടിയിറങ്ങി. ഹരംപിടിച്ചു കേള്‍ക്കാന്‍ തുടങ്ങി. തമിഴനും മലയാളിയും തെലുങ്കരും കന്നഡിഗരും ഒരുപോലെ ആ ഒരൊറ്റ സീനിനു ശേഷം കണ്‍മണി പാട്ടിനു പിന്നാലെ പോയി.

താമരൈ പൂവുക്കും...

നട്ടപ്പാതിരയ്ക്ക ചോക്ലേറ്റ് കോഫി ചോദിച്ചെത്തിയ റൗഡിയെയും കൂട്ടരെയും തലങ്ങും വിലങ്ങും തല്ലി തനിനിറം പുറത്തെടുത്ത ലിയോയുടെ ക്രൗര്യത്തിനൊപ്പം പിന്നണിയില്‍ മുഴങ്ങിയത് താമരൈ പൂവുക്കും എന്ന പാട്ടാണ്. പ്രണയത്തിന്റെ രസത്തേരിലേറി രണ്ടാളുകള്‍ പൂക്കള്‍ക്കും പുഴയ്ക്കും മരങ്ങള്‍ക്കുമൊപ്പം ആടിപ്പാടിയ പാട്ട് എങ്ങനെയാണ് ഇങ്ങനെയൊരിടത്ത് ചേരുന്നതെന്ന് നമുക്കു തോന്നും. പക്ഷേ ഭക്ഷണത്തിലെ അഡാറ് കോമ്പിനേഷന്‍ പോലെ അടിയും പാട്ടും അലതല്ലി പിന്നീട് അത് ക്ണ്ടിരുന്ന ഓരോ മനസ്സിലും. കൊഞ്ചി പാടുന്ന സുജാതയുടെ സ്വരവും കൃഷ്ണ ചന്ദറിന്റെ കുസൃതി സ്വരവും എങ്ങനെയാണ് ചോര ചിന്തുന്ന ഫൈറ്റ് സീനിന്റെ പിന്നണിയില്‍ ചേര്‍ത്തതിനു പിന്നിലെന്ന്ു സംവിധായകനായ ലോകേഷ് കനകരാജിനെ അറിയുള്ളൂ. സുജാതയുടെ മറ്റൊരു ഗാനമായ ചക്കു ചക്കുവും ലോകേഷിന്റെ തന്നെ വിക്രത്തിന്റെ ഫൈറ്റ് സീനില്‍ പരീക്ഷിച്ചു വിജയിച്ചതിന്റെ ആത്മവിശ്വാസവുമാകാം. വൈരമുത്തുവിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ട പാട്ടാണ് താമര പൂവുക്കും....

കറു കറു കറുപ്പായി

ചുറ്റുമുള്ളതെന്തിനെയും മനസ്സുകൊണ്ടെങ്കിലും നൃത്തമാടിക്കുന്ന പ്രഭുദേവ മാജിക്, റോജയുടെ എ്ക്കാലത്തേയും മികച്ച റൊമാന്റിക് എക്‌സ്പ്രഷന്‍ ഇതൊക്കെ നിറഞ്ഞ പാട്ടാണ് കറു കറു കറുപ്പായി. തന്റേടിയായ തമിഴ് പെണ്ണിന്റെ ഉറച്ച സ്വരം പ്രണയത്തിന്റെ ലഹരിയ്ക്കു വഴി മാറിയ പാട്ട് എന്നെന്നും പ്രിയപ്പെട്ടതാണ്. തട്ടുപൊളിപ്പന്‍ പാട്ടുകളുടെ സംഗീത സംവിധായകന്‍ ദേവ ഈണമിട്ട ഈ പാട്ടും ലിയോയിലുണ്ട്. അച്ഛനും മകളും തമ്മിലുള്ള ചങ്ങാത്തത്തിന്റെ താളമായാണ് പാട്ട് പുനരവതരിക്കുന്നത്. ഉണ്ണി മേനോന്റെയും അനുരാധ ശ്രീരാമിന്റെയും ആലാപന ശൈലിയാണ് പാട്ടിന്റെ ഹൈലൈറ്റ്. സ്വരത്തെയും ഭാവത്തെയും പട്ടം കണക്കെ പറത്തിവിട്ട് അവരിരുവരും പാടിത്തകര്‍ത്ത പാട്ടിനൊപ്പം ലിയോയില്‍ വിജയ് ഡാന്‍സ് ചെയ്തപ്പോള്‍ തീയറ്ററുകളില്‍ ആ പാട്ടിന്റെ ലഹരി പതിന്‍മടങ്ങായി പരന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലും ഷോര്‍ട്‌സുകളിലും ഇന്നും അതിന്റെ വൈബ് മാറിയിട്ടില്ല. കെ.സുഭാഷിന്റേതായിരുന്നു വരികള്‍.

അഴഗിയ ലൈല..

ഇങ്ങനെയൊക്കെ അളിയന്‍മാരുണ്ടാകുമോ ഇങ്ങനെയൊക്കെ പ്രണയമുണ്ടാകുമോ ഇങ്ങനേം ഉണ്ടോ ഒരു കല്യാണം എന്നു ചോദിച്ചുപോയ സിനിമയായിരുന്നു ഗുരുവായൂര്‍ അമ്പലനടയില്‍. വന്നവരും പോയവരുമൊക്കെ ചിരിപ്പിച്ച ചിത്രത്തിലെ ഏറ്റവും ത്രില്ലിങ് ആയ സീനിലെ പശ്ചാത്തലത്തിലെത്തിയ പാട്ടിനൊപ്പമായിരുന്നു പിന്നെ മലയാളത്തിലെ ഹിറ്റ് റീലുകളെല്ലാം. ഇഷ്ടമുളള പെണ്‍കുട്ടികളെ ഓര്‍ത്തും അവരുടെ പിന്നാലെ നടന്നും പാടിയ കുരുത്തംകെട്ട പാട്ടുകളിലൊന്നായിരുന്നു അത്... അഴഗിയ ലൈല....മനോയുടെ ബാസ് സ്വരത്തിലെത്തിയ പാട്ട് അന്നേ ഹിറ്റുകളുടെ കൂട്ടത്തിലാണ്. പക്ഷേ 2024ലെത്തിയൊരു സിനിമയിലെ വല്ലാത്തൊരു അളിയന്‍ വൈബ് കാണിക്കാന്‍ ആ ഗാനം തിരഞ്ഞെടുത്തപ്പോള്‍ മലയാളികള്‍ക്കെല്ലാം പെരുത്തിഷ്ടമായി. രംഭയുടെ ഗ്ലാമര്‍ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പാട്ടിന്റെ തകര്‍പ്പ് മോഡിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു മാറ്റവും വന്നിട്ടില്ല. മലയാളം സിനിമയില്‍ വീണ്ടും പാട്ടെത്തിയപ്പോള്‍ സീനില്‍ ഡാന്‍സൊന്നുമില്ലെങ്കിലും മനസ്സുകൊണ്ട് അന്നേരം ആ പാട്ടിന്റെ ബീറ്റിനൊപ്പം സഞ്ചരിക്കാത്തവരായി ആരുമുണ്ടാകില്ല. പഴനി ഭാരതിയുടെ വരികള്‍ക്ക് സിര്‍പി ഈണമൊരുക്കിയ പാട്ടാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com