ആരും കേൾക്കാത്ത പാട്ടുകൾ!
Mail This Article
'കച്ചേരിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള തർക്കം കയ്യാങ്കളിയിൽ. വിചിത്രമായ കേസാണല്ലോ!' കുറ്റപത്രം മറിച്ചുനോക്കിയ ന്യായാധിപൻ കൗതുകം കൊണ്ടു. അതിനു തുടർച്ചയായി ഒരു സംശയനോട്ടം എന്നിലേക്കു നീണ്ടുവന്നു. 'നിങ്ങൾ പാടുമോ? സംഗീതം പഠിച്ചിട്ടുണ്ടോ?' രണ്ടിനുംകൂടിയുള്ള മറുപടി ഒരു വാക്കിൽ തീർത്തു.
'ഇല്ല.'
'അങ്ങനെയാണെങ്കിൽ നിങ്ങൾക്കെങ്ങനെ സംഗീതത്തെ ശരിയായി വിലയിരുത്താൻ സാധിക്കും, അതും ശാസ്ത്രീയ സംഗീതത്തെ?'
ന്യായാധിപൻ ഉന്നയിച്ച ചോദ്യം സ്വാഭാവികംതന്നെ. എന്നിരുന്നാലും അതിനെ അതിജീവിക്കാൻപോന്ന മറുപടി മനസ്സിലുണ്ട്. പറഞ്ഞില്ലെന്നുമാത്രം. വേണ്ടിവന്നുമില്ല. ഇരുകക്ഷികളും ഒത്തുതീർപ്പിൽ എത്തിക്കഴിഞ്ഞു. ഉഭയസമ്മതപ്രകാരം വ്യവഹാരം പിൻവലിക്കാനുള്ള രാജി ഹർജിയും സമർപ്പിച്ചു. അതോടെ മേൽനടപടികൾ അവസാനിക്കുകയായി. കോടതിമൂലയിൽ വക്കീലന്മാരുടെ കാർമികത്വത്തിൽ വാദിയും പ്രതിയും കൈകൊടുത്തുപിരിഞ്ഞു.
അതങ്ങനെ തീർന്നതിൽ ഞാനും ആശ്വസിച്ചു. പക്ഷേ 'ഇന്ത്യൻ എക്‌സ് പ്രസി'ൽ, നല്ല മുഴുപ്പിൽ 'മ്യൂസിക് ക്രിട്ടിക് അസാൾട്ടഡ്' എന്ന വാർത്ത കൊടുത്ത മാധ്യമമിത്രത്തെ ഇനി എങ്ങനെ നേരിടും എന്നൊരു ജാള്യത ബാക്കിയുണ്ട്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഒട്ടൊരു സമാധാനമുണ്ടായി. ശ്രീജൻ ബാലകൃഷ്ണൻ ഇതൊക്കെ എത്ര കണ്ടതാണ്? ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു! അതിലപ്പുറം ഒന്നുമില്ല. ഇങ്ങനെ നിശ്വസിച്ചെന്നാലും ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റു കോടതിയിലെ ജഡ്ജി പ്രകടിപ്പിച്ച സന്ദേഹം ഉള്ളിൽ ഉറങ്ങാൻ മടിച്ചു. സത്യത്തിൽ അദ്ദേഹത്തോടു പറയേണ്ടതായിരുന്നു, ഞാൻ സംഗീതം പഠിച്ചിട്ടില്ലെന്നു മാത്രമല്ല പന്ത്രണ്ടു സ്വരങ്ങളിൽ ഒന്നുപോലും കൃത്യമായി പിടിക്കാൻ എനിക്കു സാധിക്കില്ല. എന്നിട്ടും എഴുതുന്നു, കയ്യേറ്റങ്ങൾ ഉണ്ടായി, വ്യവഹാരങ്ങൾ നേരിട്ടു. അതിനുപോന്ന സംഗീതബോധം പൈതൃകമായി തന്ന മഹനീയ ജൻമം കണ്മറഞ്ഞുപോയിട്ടു കുറച്ചു കാലമായി.
എളിയ കലോപാസകനായി ജീവിച്ച സുദീർഘ വർഷങ്ങളിൽ ഒരു കച്ചേരിപോലും നിർവഹിക്കാൻ കഴിയാതെപോയ അപ്പയിൽനിന്ന് ഈ മകൻ സ്ഥാവരജംഗമ സ്വത്തുക്കളൊന്നും സ്വീകരിച്ചിട്ടില്ല. പക്ഷേ അതിനെക്കാൾ വിലപിടിച്ച സംഗീതവാസനയും സഹൃദയത്വവും ആസ്വാദനശീലവും നൽകി അദ്ദേഹം എന്നെ അനുഗ്രഹിച്ചു. സംഗീതത്തെപ്പറ്റി എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ഈ അനുഗ്രഹം എന്നെ യോഗ്യനാക്കുന്നു.
ആലപ്പുഴയുടെ ചെറിയ വട്ടത്തിനുള്ളിൽ വന്നുപോയ പാട്ടുകാരുടെ മുന്നിൽ അപ്പ പലപ്പോഴും എന്നെ കൊണ്ടുചെന്നിരുത്തി. അമ്പലപ്പറമ്പിലെ സംഗീത ഗുസ്തികൾ കാണാൻ ഈന്തപ്പഴം, പൊരി, ഹൽവ എന്നിവയുടെ പ്രലോഭനങ്ങൾ ചെലുത്തി. അതിനെ മറികടക്കാൻ അന്നത്തെ പയ്യനുണ്ടോ കഴിയുന്നു! അങ്ങനെ മുല്ലക്കലും കിടങ്ങാംപറമ്പിലും ഉടുപ്പിയിലുമായി കുറെയേറെ പാട്ടുകച്ചേരികൾ കേട്ടു. മുല്ലപ്പൂവും വിഭൂതിയും അണിഞ്ഞ സംഗീതജ്ഞരെ അടുത്തു കാണാൻ അവസരമുണ്ടായി. കാലംപോകെ അവരുടെ കച്ചേരികൾ പകർത്തിയെടുക്കാൻ തലങ്ങും വിലങ്ങും മണ്ടിനടന്ന സന്ദർഭങ്ങളിൽ സ്വന്തം വീട്ടിനുള്ളിൽ മറഞ്ഞുകിടന്ന മാണിക്യത്തെ ഞാൻ തിരിച്ചറിഞ്ഞില്ല. അരിക്കുടി രാമാനുജ അയ്യങ്കാരുടെ ചതുർരാഗമാലിക പല്ലവി മുതൽ ഭീംസേൻ ജോശിയുടെ ശുദ്ധകല്യാൺ വരെ കേൾപ്പിച്ചു കൊടുത്തപ്പോഴും അവയെല്ലാം ആവതുപോലെ തിരികെ പാടിത്തന്നപ്പോഴും പകർത്തിയെടുക്കാൻ തോന്നിയില്ല. അപ്പയുടെ മുഴക്കമുള്ള ശരീരവും സംഗീത കൽപനകളും എന്നും ഇങ്ങനെ കൂടെയുണ്ടാവും എന്നു ഞാൻ വൃഥാ ധരിച്ചുപോയി.
ഒരേസമയം സംഗീതത്തെ വെറുക്കാനും ഉന്മാദിയെപ്പോലെ സംഗീതത്തിനു പിന്നാലെ അലഞ്ഞു തിരിയാനും അപ്പ കാരണമായിട്ടുണ്ട്. പണി തീരാത്ത ചെറിയ രണ്ടു മുറി-അടുക്കള വീടും അതിനുള്ളിൽ തിങ്ങി ഞെരിഞ്ഞ ഏഴു മനുഷ്യജീവികളും അവരുടെ വീർപ്പുമുട്ടലുകളും അനുഭവിച്ചു വളർന്ന ദാരിദ്ര്യംപിടിച്ച ബാല്യം സംഗീതത്തെ ഉൾക്കൊള്ളാൻ ഒരുതരത്തിലും പാകമായിരുന്നില്ല. മൂത്ത സഹോദരൻ കോളേജിൽ പഠിക്കുന്നു. താഴെയുള്ളവർ പല ക്ലാസുകളിലായി ചിതറി കിടക്കുന്നു. കൂലിപ്പണിക്കാരനായ അപ്പ കൂട്ടുകാരുടെ പാനവിനോദങ്ങളിൽ പങ്കെടുക്കാറില്ല, പണിസ്ഥലം വിട്ടാൽ നേരെ വീട്ടിലെത്തും. കുളിച്ചു വരുമ്പോഴേക്കും അന്തിവിളക്കു തെളിഞ്ഞിട്ടുണ്ടാകും. ഉടനെ സദിര് തുടങ്ങും. അതങ്ങനെ ലക്കും ലഗാനുമില്ലാതെ നീണ്ടുനീണ്ടുപോകും. കല്യാണിയും കാംബോജിയും നേർത്ത ഇരുമ്പുകമ്പിപോലെ ഞങ്ങളുടെ കാതുകളിൽ തുളച്ചുകയറും. സ്വരപ്രസ്തരങ്ങൾ നെഞ്ചിൽ വന്നിടിച്ചു വേദനിപ്പിക്കും. തുറന്നുവച്ച പുസ്തകങ്ങൾക്കു മുന്നിൽ ഉറക്കം തൂങ്ങി വീണുകൊണ്ടിരുന്ന ഞങ്ങളെ വിളിച്ചുണർത്തി, അമ്മ കഞ്ഞി വിളമ്പിത്തന്നു. തലേന്നാൾ പറഞ്ഞേൽപ്പിച്ച പാഠങ്ങൾ പഠിക്കാതെ ചെന്ന ഞങ്ങളെ അധ്യാപകർ നല്ലോണം തല്ലി, ഉച്ചവെയിലിൽ ഇറക്കിനിർത്തി. വീട്ടിലെ സാഹചര്യം അവർ എങ്ങനെ അറിയാൻ!
ഇതൊന്നും അപ്പയും ശ്രദ്ധിച്ചില്ല. ഗൗരവത്തിൽ എടുത്തില്ല. ഉള്ളിൽ ഉറഞ്ഞുകൂടിയ ജീവിത ദുഃഖങ്ങളെ മറികടക്കാൻ അദ്ദേഹം സംഗീതത്തെ ആശ്രയിച്ചു. പകൽനേരത്തെ കഠിനാധ്വാനങ്ങൾ നൽകിയ കടുത്ത ശരീരവേദനയെ ശാരീരസാധനയിലൂടെ സ്വയം സാന്ത്വനിപ്പിച്ചു. ഇതൊക്കെ അറിയുന്നതുകൊണ്ടാവാം മക്കളുടെ പഠനത്തെ താറുമാറാക്കുന്ന വിധത്തിൽ നിത്യവും തകർത്താടിക്കൊണ്ടിരുന്ന സംഗീതമേളയെ അമ്മയും എതിർക്കാൻ തുനിഞ്ഞില്ല. പക്ഷേ ഒരിക്കൽ, ഒരിക്കൽ മാത്രം അമ്മ പ്രതിഷേധിച്ചു. ചിതലെടുത്തു പറിഞ്ഞുപോയ വാതിൽപ്പലക കയറിട്ടു കെട്ടി മുറുക്കുന്നതിനിടെ ഒരു ചോദ്യം-
'ശ്ശെടാ, ഇതൊന്നു നിർത്തുവോ, പിള്ളേർക്കു പഠിക്കണ്ടേ?'
അന്നേരം അപ്പ ത്യാഗരാജസ്വാമികളുടെ 'ക്ഷീരസാഗര'ത്തിൽ ഉല്ലസിക്കുകയായിരുന്നു. അതിതാര സ്ഥായിയിൽ പെട്ടെന്നുണ്ടായ ഇടപെടൽ ഏകാഗ്രത തെറ്റിച്ചു. ശ്രുതിപോയി. താളം പിഴച്ചു. ദേവഗാന്ധാരി കുത്തനെ താഴെ വീണു തരിപ്പണമായി. ഞാൻ അമ്മയെ നോക്കി ഗൂഢമായി ചിരിച്ചു. അന്നത്തെ ചിരി ഇന്നത്തെ കണ്ണീരാണ്. അതിങ്ങനെ ഹൃദയത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
അപ്പയുടെ സംഗീത പശ്ചാത്തലം എനിക്കത്ര വ്യക്തമല്ല. വീണവാദകയായ മുത്തശ്ശിയിൽനിന്ന് അദ്ദേഹം അടിസ്ഥാനപാഠങ്ങൾ പഠിച്ചുകാണണം. ഒരു മലബാറുകാരൻ ഭാഗവതരുടെ കീഴിൽ ഏഴെട്ടുകൊല്ലം കർണാടക സംഗീതം പരിശീലിച്ചതായി എപ്പോഴോ പറഞ്ഞിരുന്നു. ചൂഷണ വിമുക്തമായ ചുവന്ന പ്രഭാതം സ്വപ്‌നം കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അപ്പയെ പ്രോത്സാഹിപ്പിച്ചു. അവരുടെ ചില നാടകങ്ങളിൽ അദ്ദേഹം പാടി, അഭിനയിച്ചു. അന്നത്തെ കിരാത ഭരണകൂടം ഏക മകനെ ഇല്ലാതാക്കിക്കളയുമോ എന്ന ഭീതിയിൽ മുത്തച്ഛൻ അദ്ദേഹത്തെ വീട്ടുതടവിലാക്കി. കലാജീവിതം എന്നേക്കുമായി അവസാനിച്ചു.
അതിൽ അങ്ങേയറ്റം നിരാശകൊണ്ട അപ്പ കാലാന്തരത്തിൽ വീടിനെ വേദിയാക്കി, കുടുംബാംഗങ്ങളെ ശ്രോതാക്കളാക്കി കലാസപര്യ മരണംവരെ തുടർന്നുകൊണ്ടുപോയി. അന്നാളുകളെ ഓർമിക്കാൻ ഇപ്പോൾ ഒരു ശുദ്ധ ധന്യാസിയും ഏതാനും സിനിമാഗാന ശകലങ്ങളും മാത്രമേ ശേഷിക്കുന്നുള്ളൂ. അതെങ്കിലും പകർത്തിയെടുക്കാൻ സാധിച്ചല്ലോ എന്ന ഭാഗ്യത്തിൽ മറ്റു ഭാഗ്യക്കേടുകൾ ഞാൻ മറക്കും.
സംഗീതത്തിലെ ഈ പൈതൃക സ്രോതസിനെപ്പറ്റി ഇതുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റുമാനൂർ കോടതിയിൽ അതിനുള്ള സന്ദർഭം ഉണ്ടായിരുന്നു. പക്ഷേ തെളിയിക്കാൻ ഞാൻ നിന്നില്ല. അതിനുള്ള കാരണം മീർ ഗുലാം ഹസൻ 'മസനവി'യിൽ എത്രയോ മുൻപേ എഴുതിയിട്ടുണ്ട്-
'നിങ്ങൾ കാറ്റിൽനിന്ന് സുഗന്ധത്തെ വേർപെടുത്താൻ ആവശ്യപ്പെടുന്നു. ചോരയിൽനിന്ന് ചുവപ്പുനിറത്തെയും ചന്ദ്രനിൽനിന്ന് നിലാവിനെയും കുയിലുകളിൽനിന്ന് ഗാനത്തെയും നീക്കംചെയ്യാൻ ആവശ്യപ്പെടുന്നു. ഇവയെ വേർതിരിക്കാൻ അവയെ സംയോജിപ്പിച്ചവനുപോലും സാധ്യമല്ലെന്ന സത്യം നിങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ!'
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)