കണ്ണാടി നോക്കാൻ പോലും ഭയം, പിതാവിന്റെ പരിഹാസം കാരണം പ്ലാസ്റ്റിക് സർജറികൾ! അറിയാക്കഥകൾ ഏറെയുള്ള മൈക്കൽ
Mail This Article
ലോകത്തെ ത്രസിപ്പിച്ച സംഗീത ഇതിഹാസം വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വര്‍ഷം. പോപ്പ് സംഗീതം എന്നാൽ ഏത് സംഗീതാസ്വാദകനും ആദ്യം മനസ്സിലേക്ക് എത്തുക മൈക്കൽ ജാക്സനായിരിക്കും. പാട്ടും നൃത്തവുമായി കാലഘട്ടങ്ങളെ അതിശയിപ്പിച്ച പ്രതിഭ. ആസ്വാദനത്തിന്റെ പരകോടിയിലേക്ക് ലോകത്തെ നയിച്ച മൈക്കൽ.
വേദികളിൽ പാട്ടിനൊപ്പം നിഴൽചിത്രം പോലെ നൃത്തം ചെയ്യുന്ന ജാക്സന്റെ ചടുലത ലോകത്തെ അമ്പരപ്പിച്ചു. ഇത് മനുഷ്യനു സാധിക്കുമോ എന്നു നമ്മൾ ചിന്തിച്ചുപോയി. ലോകമെമ്പാടുമുള്ള ബാല്യ–കൗമാര–യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരനെ ഈ നൂറ്റാണ്ടു തന്നെ കണ്ടിരിക്കില്ല. പോപ്പ് ലോകത്തെ ചക്രവർത്തിയെന്നു ലോകം വിളിച്ചതും അതുകൊണ്ടു കൂടിയാണ്. ജാക്സന്റെ പാട്ടും അപൂർവമായ നൃത്തവും അതിർവരമ്പുകൾ ഭേദിച്ച് ജനമനസ്സുകളിൽ ചേക്കേറി.
1958 ഓഗസ്റ്റ് 29ന്, അമേരിക്കയിലെ ഇൻഡ്യാനയിലുള്ള ഗാരി എന്ന സ്‌ഥലത്ത് ഉരുക്കുമില്ലിലെ ജോലിക്കാരനായിരുന്ന ജോസഫ് ജാക്‌സന്റെയും കാതറിന്റെയും ഒൻപതു മക്കളിൽ ഏഴാമനായാണ് മൈക്കൽ പിറന്നത്. ജോസഫിന്റെ പരിമിതമായ വരുമാനത്തിൽ നിറംമങ്ങിപ്പോയ അരക്ഷിതബാല്യമായിരുന്നു മൈക്കലിന്റെയും സഹോദരങ്ങളുടെയും. ഉരുക്കുമില്ലിലെ പരുക്കൻ ജോലിയും ജീവിതത്തിന്റെ പരാധീനതകളും ജോസഫിനെ ക്രൂരനായ പിതാവാക്കിത്തീർത്തിരുന്നു. മക്കളാരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മർദനമായിരുന്നു മറുപടി.
കുഞ്ഞു മൈക്കൽ കണ്ണാടി നോക്കുന്നതുപോലും മഹാപരാധമായാണു പിതാവ് കണ്ടത്. ‘ഈ വൃത്തികെട്ട മുഖം കാണാൻ കണ്ണാടി നോക്കാൻ നിനക്കു നാണമില്ലേ...’ ജോസഫ് ചോദിച്ചുചോദിച്ച് മൈക്കലിനു കണ്ണാടി നോക്കാൻ തന്നെ പേടിയായി. ‘എത്രയോ കാലം ഞാൻ കണ്ണാടി നോക്കിയിട്ടേയില്ല. മുഖം കഴുകുന്നതുപോലും ഇരുട്ടത്തായിരുന്നു..’ – ഇടർച്ചയോടെ മൈക്കൽ അങ്ങനെ ഓർമിച്ചിട്ടുണ്ട്. മൈക്കൽ ജാക്സന്റെ മുഖമൊന്നു കാണുവാൻ, ഒന്നു തൊടാൻ, ഒരു ഞൊടിയിട നേരമെങ്കിലും ആ പാട്ടൊന്നു കേൾക്കാൻ ലോകം പിന്നീടു കാത്തുനിന്നുവെന്നത് ചരിത്രം.
ജോസഫിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മക്കൾ പോപ്പ് പാടിത്തുടങ്ങിയതും മൈക്കലും സഹോദരി ജാനറ്റും ലോക സംഗീതത്തിലിടം നേടിയതും. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെ എന്നും വിവാദങ്ങളുടെ നിഴലിൽ നിർത്തിയതിൽ പിതാവിന്റെ പെരുമാറ്റവും വലിയ ഘടകമായിരുന്നു. പിതാവിന്റെ രൂക്ഷമായ പെരുമാറ്റം കാരണം മനസ്സിൽ നിറഞ്ഞ അപകർഷതാബോധമാണ് തന്റെ മുഖത്ത് എണ്ണമറ്റ പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.
1960കളുടെ തുടക്കമായിരുന്നു പോപ്പ് സംഗീതത്തിന്റെ സുവർണനാളുകൾ. റഗ്ഗെയുടെയും റോക്കിന്റെയും സമ്മിശ്ര ഭാവതാള ലയത്തോടെ പോപ് സംഗീതം അമേരിക്കയെ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിച്ച കാലം. എൽവിസ് പ്രസ്‌ലിയും ബീറ്റിൽസിന്റെ നായകനായ ജോൺ ലെനനും ലോകത്തെ കൊതിപ്പിച്ചിരുന്ന കാലം. ഇതൊന്നുമായിരുന്നില്ല മക്കളെ സംഗീതത്തിലേക്കു നയിക്കാൻ ജോസഫിനെ പ്രേരിപ്പിച്ചത്. ദാരിദ്ര്യമായിരുന്നു കാര്യം. പിതാവിന്റെ നിർബന്ധത്തിലാണ് അന്തര്‍മുഖനായ മൈക്കലും പാടിത്തുടങ്ങിയത്. അധികം വൈകാതെ, അഞ്ചു സഹോദരരുടെ പോപ്പ് സംഘമായ ‘ജാക്‌സൻസ് ഫൈവ്’ ട്രൂപ്പിലെ മുഖ്യഗായകനുമായി മൈക്കൽ. മോടൊൺ എന്ന പ്രശസ്‌ത റെക്കോർഡ് കമ്പനിയുമായി അഞ്ചംഗസംഘം കരാറൊപ്പിടുമ്പോൾ പ്രധാനഗായകനായ മൈക്കൽ ജാക്‌സനു വെറും ഒമ്പത് വയസ്സായിരുന്നു പ്രായം.
‘ജാക്‌സൻ ഫൈവി’ലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ മൈക്കൽ ജാക്‌സന്റേതായി മാറി. ഓരോ സംഗീതയാത്രയും കാണികളുടെ എണ്ണത്തിലും ടിക്കറ്റ് വിൽപനയുടെ കാര്യത്തിലും ചരിത്രവുമായി. ആ കമ്പനിയുടെ പ്രസിഡന്റ് ബെരി ഗോർഡ് അന്നു മൈക്കലിന്റെ കണ്ണുകളിലേക്കു നോക്കി അവരോടു പറഞ്ഞു: ‘ഞാൻ നിങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിക്കും. നിങ്ങളെക്കുറിച്ചു ചരിത്രപുസ്‌തകങ്ങൾ എഴുതപ്പെടും. നിങ്ങളുടെ ആദ്യത്തെ ആൽബം നമ്പർ വൺ ആയിരിക്കും. രണ്ടാമത്തെ ആൽബവും നമ്പർ വൺ ആയിരിക്കും. മൂന്നും നമ്പർ വൺ. നാലും നമ്പർ വൺ!’ അതത്രയും സത്യമായി.
ബാല്യംവിടും മുൻപേ ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു മൈക്കൽ. 1969ൽ അമേരിക്കയിൽ ഇറങ്ങിയ മികച്ച പത്ത് പോപ്പ് ഗാനങ്ങളിൽ നാലും മൈക്കലിന്റേതായിരുന്നു. സംഗീതലോകത്തിലാദ്യമായി, ഒരു പതിനൊന്നുകാരൻ കൈവരിച്ച ഏറ്റവും വലിയ നേട്ടം! രണ്ടുവർഷം കഴിഞ്ഞ് ഗ്രാമി അവാർഡ്. പിൽക്കാലത്ത് ‘ആർട്ടിസ്‌റ്റ് ഓഫ് ദ് മിലേനിയം’ വരെ നേടാനിരിക്കുന്ന ഒരാൾക്കു കിട്ടിയ ആദ്യ പുരസ്‌കാരം. ‘ഡോണ്ട് സ്‌റ്റോപ്പ് ടിൽ യു ഗെറ്റ് ഇനഫ്’ എന്ന പാട്ടിലൂടെ വീണ്ടും ഗ്രാമി. ലോകം അപ്പോഴേക്കും മൈക്കലിലേക്കു കൂടുകൂട്ടിത്തുടങ്ങിയിരുന്നു. ലോകമെങ്ങുനിന്നും പാടാനുള്ള ക്ഷണങ്ങൾ മൈക്കലിനെ തേടിയെത്തി. ജ്യേഷ്ഠൻമാരുടെ നിഴലിൽനിന്നു മാറി തേരോട്ടം തുടങ്ങിക്കിഴിഞ്ഞിരുന്നു മൈക്കൽ ഇതിനോടകം. ഡയാന റോസിനൊപ്പം ചേർന്നു പുറത്തിറക്കിയ മസിൽസും പിന്നീട് എന്നുമെന്നും ലോകത്തെ ത്രില്ലടിപ്പിച്ച ത്രില്ലറും ഈ കുതിപ്പിന്റെ ആദ്യ ഏടുകളാണ്.
മൈക്കൽ ജാക്സനെന്ന ജ്വരം അമേരിക്ക കടന്ന് കടലും കായലും കരയും അതിർത്തികളും ഭാഷകളും ഭേദിച്ച് മനസ്സുകളിലേക്കു ചേക്കേറി. പോപ്പ് സംഗീതത്തിലൂടെ ലോകത്തിന്റെ നെറുകയിൽ കയറിയവർ വേറെയുമുണ്ട്. പക്ഷേ നമ്മുടെ തനിനാടൻ മനസ്സുകളിൽവരെയിങ്ങനെ നൃത്തവും പാട്ടുമായി അലിഞ്ഞു ചേർന്നവർ വേറെയുണ്ടാകില്ല.
സംഗീതത്തിന്റെ മറുപേരായി അന്നു മാറിയിരുന്ന ബീറ്റിൽസിനെ പോലും കടത്തിവെട്ടി മൈക്കലിന്റെ ഈണങ്ങൾ മ്യൂസിക് ചാർട്ടുകളിലും വിപണികളിലും പുരസ്കാരങ്ങളിലും മേൽക്കൈ നേടി. 1984ൽ, ഏഴ് ഗ്രാമി അവാർഡുകളും എട്ട് അമേരിക്കൻ മ്യൂസിക് അവാർഡുകളും സ്വന്തമാക്കിയ ‘ത്രില്ലർ’, ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട സംഗീത ആൽബമായി. ആകെ പതിമൂന്ന് ഗ്രാമികളാണ് മൈക്കലിനു ലഭിച്ചിട്ടുള്ളതെന്നോർക്കണം. 1984 മേയ് മാസത്തിൽ ‘ത്രില്ലർ’ ഗിന്നസ് ബുക്കിലും ഇടംനേടി. പോപ്പുലർ മ്യൂസിക് ആൽബത്തിന്റെ എക്കാലത്തെയും വലിയ വിൽപനയുടെ പേരിലായിരുന്നു അത്. ബീറ്റിൽസ് പുറത്തിറക്കിയ ഒൻപത് ആൽബങ്ങളുടെ ആകെ വിൽപന നാലുകോടിയിലെത്തിയ സമയത്തായിരുന്നു മൈക്കൽ ജാക്‌സൻ ആ നേട്ടം കരസ്‌ഥമാക്കിയത്. ഇന്നും വിൽപനയിൽ മുന്നിലാണ് ത്രില്ലർ. 100 മില്യനിലധികം കോപ്പികൾ ലോകത്താകമാനം വിറ്റഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ടിവി കാഴ്‌ചക്കാരുടെ എണ്ണക്കൂടുതലിന്റെ പേരിലായിരുന്നു മറ്റൊരു ഗിന്നസ് പ്രവേശം; 1993 ജൂൺ മുപ്പതിന്, എൻബിസി സംപ്രേഷണം ചെയ്‌ത ‘സൂപ്പർ ബോൾ 17’ന്റെ ആസ്വാദകരുടെ സംഖ്യയുടെ പേരിൽ– നൂറു കോടിയിലേറെപ്പേർ!
‘ത്രില്ലറി’നുശേഷം ലോകത്തെ ത്രില്ലടിപ്പിക്കുവാൻ മൈക്കലിനു കഴിഞ്ഞില്ല. ആൽബങ്ങൾക്കൊന്നും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. കൂടാതെ ലൈംഗികാപവാദങ്ങളും. ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ നടത്താനിരുന്ന സംഗീത പരിപാടികളും മൈക്കൽ റദ്ദാക്കി. പിന്നീട് രണ്ടാം വിവാഹമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തി; ഹിസ്റ്ററി എന്ന സംഗീത ആൽബവുമായി. എങ്കിലും മൈക്കലിന്റെ പ്രതിഭയുടെ മൂർച്ച അതിലില്ലായിരുന്നു. കേസുകളും മരണാസന്നനാണെന്ന വാർത്തകളും മൈക്കലിന്റെ ജീവിതത്തെ കരിനിഴലിലാക്കി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു ലോകം പറഞ്ഞു തുടങ്ങിയ നാളുകൾ. ഈണങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ലോകത്തെ അതിശയിപ്പിച്ച വ്യക്തിയെക്കുറിച്ച് വിവാദങ്ങൾ മാത്രം പത്രങ്ങൾക്ക് എഴുതുവാനുണ്ടായിരുന്ന കാലം.
മരിച്ചിട്ടും വിടാതെ വിവാദങ്ങളിന്നും അദ്ദേഹത്തിനൊപ്പമുണ്ട്. മൈക്കൽ ജാക്സനെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ഇന്റർനെറ്റിനും ആദ്യം പറയാനുള്ളത് ഇവ തന്നെയെന്നത് വേദനിപ്പിക്കുന്ന സത്യം. എല്ലാത്തിനും വിരാമമിട്ട്, പാടിത്തീരാത്ത പക്ഷിയെ പോലെ നോവുകളും നിഗൂഢതകളും ബാക്കിയാക്കി മൈക്കൽ പറന്നകന്നു.