'ഭവതാരിണി പാടണമെന്ന് ആഗ്രഹിച്ചു, പക്ഷേ...'; സഹോദരിയുടെ ശബ്ദം പുനഃസൃഷ്ടിച്ച് യുവൻ ശങ്കർ രാജ
Mail This Article
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ആ ഗാനത്തിന്റെ ശബ്ദമായിരുന്നു. ഈയടുത്ത് അന്തരിച്ച ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിലാണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്നു സംശയിച്ച ആരാധകരുടെ മുൻപിലേക്ക് വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംഗീതസംവിധായകനും ഭവതാരിണിയുടെ സഹോദരനുമായ യുവൻ ശങ്കർരാജ. ഭവതരിണിയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയായിരുന്നുവെന്ന് യുവൻ ശങ്കർരാജ വെളിപ്പെടുത്തി.
യുവൻ ശങ്കർരാജയുടെ വാക്കുകൾ ഇങ്ങനെ: "ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സിനിമയിലെ രണ്ടാമത്തെ ഗാനം എനിക്കു വളരെ സ്പെഷലാണ്. ഈ വികാരം നീതിപൂർവമായി വിവരിക്കാൻ എന്റെ വാക്കുകൾക്ക് കഴിയുമോ എന്നറിയില്ല. ബെംഗളൂരുവിൽ വച്ച് ഈ ഗാനം ഒരുക്കുമ്പോൾ ഇതെന്റെ എന്റെ സഹോദരിക്കു വേണ്ടിയുള്ളതാണെന്ന് എനിക്കു തോന്നി. അവൾ സുഖം പ്രാപിച്ചു തിരിച്ചെത്തുമ്പോൾ ഈ ഗാനം റെക്കോർഡ് ചെയ്യാമെന്നാണ് കരുതിയത്. പക്ഷേ, ഒരു മണിക്കൂറിനു ശേഷം 'അവൾ ഇനി ഇല്ല' എന്ന വാർത്തയാണ് എനിക്കു ലഭിച്ചത്. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ മ്യൂസിക് ടീമിനും ഇത് സാധ്യമാക്കിയ പ്രക്രിയയിൽ പങ്കുചേർന്ന എല്ലാവർക്കും ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സന്തോഷവും ദു:ഖവും ഒരുപോലെ അനുഭവിക്കുന്ന നിമിഷമാണ് ഇത്."
പിന്നണി ഗായികയും സംഗീത സംവിധായികയുമായിരുന്ന ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 5–നാണ് അന്തരിച്ചത്. അവരുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനം ആരാധകർക്കും പുതിയ അനുഭവമായി. 'ചിന്ന ചിന്ന കൺഗൾ' എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തതു മുതൽ ട്രെൻഡിങ്ങിലുണ്ട്. 55 ലക്ഷത്തിലധികം പേർ ഇതിനോടകം യുട്യൂബിൽ മാത്രം ഈ പാട്ടു കണ്ടു കഴിഞ്ഞു. ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കപിലൻ വൈരമുത്തുവാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ടൈംലെസ് വോയ്സസ്.എഐ ആണ് ഭവതാരിണിയുടെ ശബ്ദം എഐ സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ചത്. മുൻപ് എ.ആർ റഹ്മാനു വേണ്ടി ബംബ ബാക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദവും ഇവർ പുന:സൃഷ്ടിച്ചിരുന്നു.