‘എല്ലാവരും ഗ്യാങ്സ്റ്റർ, പക്ഷേ മോൺസ്റ്റർ വരും വരെ മാത്രം’: കോലിയുടെ സെഞ്ചറിക്കു പിന്നാലെ അബ്രാർ അഹമ്മദിനെ ‘ട്രോളി’ ആർസിബി- വിഡിയോ

Mail This Article
ബെംഗളൂരു∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ശുഭ്മൻ ഗില്ലിനെ പുറത്താക്കി വ്യത്യസ്തമായ യാത്രയയപ്പും നൽകി ആരാധകരുടെ കണ്ണിലെ കരടായി മാറിയ പാക്ക് താരം അബ്രാർ അഹമ്മദിനെ പരിഹസിച്ച് ഐപിഎൽ ടീം ആർസിബി. സമൂഹമാധ്യമത്തിൽ ചിത്രം സഹിതം പങ്കുവച്ച ലഘു കുറപ്പിലാണ്, അബ്രാർ അഹമ്മദിനെ ആർസിബി ‘ട്രോളി’യത്. അബ്രാർ അഹമ്മദിന്റെയും വിരാട് കോലിയുടെയും ചിത്രങ്ങൾ ചേർത്തുവച്ച്, ‘എല്ലാവരും ഗ്യാങ്സ്റ്ററാണ്, മോൺസ്റ്റർ വരും വരെ മാത്രം’ എന്ന വാചകം സഹിതമാണ് ആർസിബിയുടെ പരിഹാസം.
ഇന്ത്യ ആറു വിക്കറ്റിന് ജയിച്ച മത്സരത്തിൽ പാക്കിസ്ഥാൻ ബോളർമാരിൽ ഏറ്റവും ശ്രദ്ധ നേടിയ താരം അബ്രാർ അഹമ്മദായിരുന്നു. 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ശുഭ്മൻ ഗില്ലിന്റെ വിക്കറ്റും വീഴ്ത്തിയ അബ്രാറിനെ, വളരെ കരുതലോടെയാണ് വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാർ നേരിട്ടത്. മത്സരത്തിനിടെ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ അബ്രാർ അഹമ്മദിന്റെ പന്ത് ശ്രദ്ധ നേടിയിരുന്നു. വിക്കറ്റെടുത്തതിനു ശേഷം പ്രത്യേക ആംഗ്യത്തിലൂടെ ഗില്ലിന് അബ്രാർ നൽകിയ യാത്രയയപ്പിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
∙ കാത്തുകാത്തിരുന്ന സെഞ്ചറി
മത്സരത്തിൽ ഇന്ത്യ ജയിക്കുമോ എന്ന ആശങ്ക ഇന്നലെ ആരാധകർക്കുണ്ടായിരുന്നില്ല, മറിച്ച് വിരാട് കോലി സെഞ്ചറി തികയ്ക്കുമോ എന്ന ആകാംക്ഷയായിരുന്നു സജീവം. പാക്ക് ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ, 43–ാം ഓവറിലെ മൂന്നാം പന്ത് എറിയാനെത്തുമ്പോൾ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടത് 2 റൺസ് മാത്രം. വിരാട് കോലിക്കു സെഞ്ചറി തികയ്ക്കാൻ വേണ്ടതു 4 റൺസ്. ക്രീസ് വിട്ടിറങ്ങിയുള്ള കോലിയുടെ ഷോട്ടിൽ പന്ത് ലോങ് ഓഫിലെ ബൗണ്ടറി ലൈൻ കടന്നപ്പോൾ ഇന്ത്യക്കാരുടെ 2 മോഹങ്ങൾ സഫലം. 51–ാം ഏകദിന സെഞ്ചറിയുമായി കോലി (111 പന്തിൽ 100*) നിറഞ്ഞാടിയതോടെയാണ് ഐസിസി ടൂർണമെന്റിൽ അയൽവൈരികൾക്കെതിരെ ഇന്ത്യ വീണ്ടുമൊരു അവിസ്മരണീയ ജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 241 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ 45 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 2017 ടൂർണമെന്റിലെ ഫൈനലിലേറ്റ തോൽവിക്ക് ഇന്ത്യയുടെ മറുപടി കൂടിയായി ഈ വിജയം. കോലിയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പാക്കുകയും ചെയ്തു.
പാക്കിസ്ഥാൻ ബോളർമാരെ കാണുമ്പോൾ വീര്യം കൂടാറുള്ള വിരാട് കോലി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ ബാറ്റൺ പിടിച്ചപ്പോൾ അതിലേക്കുള്ള വഴിയൊരുക്കിയത് ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ (52 പന്തിൽ 46) സ്ട്രോക്ക് പ്ലേയാണ്. ശ്രേയസ് അയ്യരുടെ ഉജ്വല പിന്തുണ (67 പന്തിൽ 56) കൂടിയായപ്പോൾ ഇന്ത്യൻ വിജയം അനായാസമായി. ഏകദിനത്തിൽ 14,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റർ, കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ ഫീൽഡർ (158) എന്നീ റെക്കോർഡുകളും ഇന്നലെ കോലിയുടെ പേരിലായി. നേരത്തേ, 3 വിക്കറ്റ് നേടിയ സ്പിന്നർ കുൽദീപ് യാദവും 2 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് പാക്കിസ്ഥാനെ പിടിച്ചു കെട്ടിയത്.