ഇത്തവണ കളത്തിലല്ല, ദുബായ് സ്റ്റേഡിയത്തിൽ ‘സൂര്യ’നുദിച്ചത് ഗാലറിയിൽ; വൈറലായി കളത്തിനു പുറത്തെ സൂപ്പർതാരങ്ങൾ– ചിത്രങ്ങൾ

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടച്ചൂട് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിലാണെങ്കിലും, സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത് ചില ‘ഗാലറിച്ചിത്രങ്ങൾ’. ഭാര്യയ്ക്കൊപ്പം ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാനെത്തിയ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വൈറൽ താരങ്ങളിൽ പ്രമുഖൻ. സൂര്യയും ഭാര്യയുമൊത്തുള്ള, ഗാലറിയിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചാംപ്യൻസ് ട്രോഫി ടീമിൽ സൂര്യയ്‌ക്ക് ഇടംലഭിക്കുമോയെന്ന് ഉറ്റുനോക്കിയിരുന്നവരെ ടീം തിരഞ്ഞെടുപ്പിനൊടുവിൽ സിലക്ടർമാർ നിരാശപ്പെടുത്തിയെങ്കിലും, ഗാലറിയിൽ ഇന്ത്യൻ ടീമിന് ആവേശം പകരാൻ സൂര്യ എത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ.
സൂര്യയ്‌ക്കു പുറമേ ഇന്ത്യൻ ട്വന്റി20 ടീമംഗങ്ങളായ തിലക് വർമ, അഭിഷേക് ശർമ, പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഇമാദ് വാസിം, ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി, ബോളിവുഡ് താരം സോനം കപൂർ, ആനന്ദ് അഹൂജ, സുകുമാർ, ജാസ്മിൻ വാലിയ, അതീഫ് അസ്‍ലം തുടങ്ങിയവരും മത്സരം കാണാനായി ദുബായിൽ എത്തിയിട്ടുണ്ട്. ഗാലറിയിൽ നിന്നുള്ള ഇവരുടെ ദൃശ്യങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
എന്തായാലും മിന്നും താരങ്ങളുടെ ദുബായ് യാത്ര വെറുതെയായില്ല. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ, 49.4 ഓവറിൽ 241 റൺസിന് പുറത്തായി. അർധസെഞ്ചറി നേടിയ സൗദ് ഷക്കീലാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ച് ഫോറുകൾ സഹിതം ഷക്കീൽ നേടിയത് 62 റൺസ്. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ (77പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38) എന്നിവരും പാക്ക് നിരയിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ വിരാട് കോലിയുടെ 51–ാം ഏകദിന സെഞ്ചറിയുടെ കരുത്തിൽ ഇന്ത്യ 45 പന്തും ആറു വിക്കറ്റും ബാക്കിനിർത്തി വിജയത്തിലെത്തി.





