ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

രണ്ടു ദിവസം മുമ്പ് കാട്ടാന ആക്രമണങ്ങളെ പറ്റി എഴുതിയപ്പോൾ അതിൽ പ്രതിപാദിച്ച ആറളം പുനരധിവാസ മേഖലയിലെ ദുരിതങ്ങൾ ഇത്രവേഗം ഒരു ദുരന്തമായി ആവർത്തിക്കപ്പെടുമെന്ന് വിചാരിച്ചില്ല. പക്ഷേ 'ഏതു നിമിഷവും' എന്ന പ്രയോഗം അവിടെ നിലനിൽക്കപ്പെടുന്ന ഒരു യാഥാർഥ്യമാണ്. 

അതെ, ഒരു സർക്കാർ സ്പോൺസേഡ് 'കൊളോസിയ'മാണ് ആറളം ആദിവാസി പുനരധിവാസ മേഖല. സംരക്ഷിക്കപ്പെടേണ്ട ഒരു വിഭാഗത്തെ കാട്ടാനകള്‍ക്കു ചവിട്ടിയരയ്ക്കാനായി പാർപ്പിച്ചിരിക്കുന്ന ഒരു ഇടം. 2003ലാണ് എ.കെ.ആന്റണി സർക്കാർ ആറളം ഫാമിന്റെ 3500 ഏക്കർ ഭൂമി 3502 ഷെഡ്യൂൾഡ് ട്രൈബ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി പതിച്ചു നൽകിയത്. കശുമാവും തെങ്ങും കവുങ്ങും റബറുമെല്ലാം വിളഞ്ഞിരുന്ന ഫലഭൂയിഷ്ടമായ ഇടം. 2013 മുതൽ കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങി. വളരെ പ്രതീക്ഷയോടെ ഇവിടേക്കു കടന്നുവന്ന ജനതയെ കാത്തിരുന്നത് പക്ഷേ സമാനതകളില്ലാത്ത ദുരന്തങ്ങളാണ്. 2014ൽ മാധവി കൊല്ലപ്പെട്ടത് മുതൽ കാട്ടാനക്കലി എന്ന വിനോദം ഈ കൊളോസിയത്തിൽ ആരംഭിച്ചു. 2023ൽ രഘു കൊല്ലപ്പെട്ടതോടുകൂടി 14 പേരാണ് ആറളം പുനരധിവാസ മേഖലയിൽ മാത്രം കൊല്ലപ്പെട്ടത്. ഇപ്പോഴിതാ വെള്ളി, ലീല എന്ന ദമ്പതികൾ കൂടി കൊല്ലപ്പെട്ടപ്പോൾ ഇതുവരെ 16 പേർ ഈ സർക്കാർ വക കുരുതിക്കളത്തിൽ ചവിട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ കൊല്ലപ്പെട്ട റിജേഷ്, ബബീഷ്, വാസു, രഘു എന്നിവരെല്ലാം യുവാക്കളായിരുന്നു. ഇപ്പോൾ ഇവിടെ 1500 കുടുംബങ്ങൾ പോലും അവശേഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജീവഭയം നിമിത്തം തങ്ങളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് അവർ പലായനം ചെയ്തു.

ഓരോ പ്രാവശ്യം ആളുകൾ കൊല്ലപ്പെടുമ്പോഴും ജനപ്രതിനിധികൾ സർവകക്ഷി മീറ്റിങ്ങുകൾ നടത്തി പല വാഗ്ദാനങ്ങളും പ്രഖ്യാപിക്കും. യാതൊന്നും യാഥാർഥ‌്യമാകില്ല. അടുത്ത മരണത്തിനു വീണ്ടും ഇത് ആവർത്തിക്കും. ഈ പ്രഹസനങ്ങൾ കണ്ട് കണ്ട് ഏതോ സിനിമയിലെ ഇന്നസെന്റിന്റെ മുഖഭാവമാണ് ഞങ്ങൾ പ്രദേശവാസികൾക്ക്. ഈ മരണങ്ങളിലും ഇത്തരം പ്രഹസനങ്ങൾ ആവർത്തിക്കപ്പെടുമെന്നതിൽ സംശയമൊന്നുമില്ല.  

എഴുപതിൽപരം കാട്ടാനകൾ വനവുമായി യാതൊരു ബന്ധവുമില്ലാതെ ഫാമിലും പുനരധിവാസ മേഖലയിലുമായി വർഷങ്ങളായി തമ്പടിച്ചിരിക്കുകയാണ്. ഇവറ്റകളുടെ ജനനവും, മരണവുമെല്ലാം ഇവിടെ തന്നെ. 55 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ആറളം വന്യജീവി സങ്കേതത്തിൽ ഇവ പ്രവേശിക്കുന്നു കൂടിയില്ല. അവിടെ ഇവയ്ക്ക് ജീവിക്കാനുള്ള ആവാസ വ്യവസ്ഥയോ, തീറ്റയോ ഇല്ലെന്നുള്ളതാണ് മറ്റൊരു യാഥാർഥ്യം. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ വന്യജീവി സങ്കേതത്തിലേക്ക് അവിടുത്തെ കർഷകർ ആട്ടിപ്പായിക്കുന്ന ആനകൾ ഇറങ്ങി വരുമ്പോൾ ഇവയുടെ എണ്ണം അധികരിക്കുന്നു. മലയാളിയുടെ ആനകളോടുള്ള കാൽപനിക വൈകാരികതകളും സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങളും കൂടിയാകുമ്പോൾ ഇവിടെ ഇവയ്ക്ക് അനുകൂലമായുള്ള മണ്ണൊരുങ്ങി. 

വർഷംതോറും വള്ളംകളി പോലെ ഇവയെ കാട്ടിലേക്ക് ഓടിക്കാനുള്ള  വനംവകുപ്പ് വക എലിഫന്റ് ഡ്രൈവുകൾ നടത്തപ്പെടും. യാതൊരു പ്രയോജനവും ഉണ്ടാകാറില്ല. ഒന്നാമതായി, ഇത്ര വിസ്തൃതിയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ മൊത്തത്തിൽ തുരത്തുക അപ്രായോഗികം. രണ്ടാമതായി, തുരത്തുന്നവ ഫെൻസിങ് ഇല്ലാത്ത ഇടങ്ങളിലൂടെ പിറ്റേദിവസം തന്നെ തിരിച്ചു വരും. ഈ കലാപരിപാടിക്കായി നികുതിപ്പണത്തിൽനിന്ന് ചെലവഴിക്കുന്നതാവട്ടെ കോടികളും. 

ഇപ്പോൾ കൊല്ലപ്പെട്ട ദമ്പതികൾ സ്വന്തം പറമ്പിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത് എന്ന സത്യം കാൽപനിക സിദ്ധാന്തങ്ങൾ പടച്ചുവിടുന്നവരുടെ കണ്ണുതുറപ്പിക്കുമോ? ഈ അടുത്തകാലത്തായി കൊല്ലപ്പെട്ടവരെല്ലാം ആദിവാസികളാണെന്നത് ആദിവാസികളും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മേലുള്ള ആഘാതമാണ്. അല്ലെങ്കിൽ വന്യജീവികളുടെ ക്രമാതീതമായ വർധനയും സ്വഭാവരീതിയിലുണ്ടായ വ്യതിയാനങ്ങളും ഇത്തരം സമവാക്യങ്ങൾ തകർത്തു കഴിഞ്ഞു. വീണ്ടും ആവർത്തിക്കുകയാണ്, കേരളത്തിന്റെ മലയോര മേഖല ഇന്നൊരു കുരുതിക്കളമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പൗരന്  ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ നിസ്സംഗതയും, കെടുകാര്യസ്ഥതയും നിമിത്തം സൃഷ്ടിക്കപ്പെട്ട കുരുതിക്കളങ്ങൾ.

English Summary:

aralam's recurring elephant attacks highlight a tragic human-wildlife conflict. Government inaction and the displacement of tribal communities demand urgent solutions to prevent further loss of life.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com