എളുപ്പത്തിൽ മീനിന്റെ തൊലി ഉരിച്ചെടുക്കാൻ ഈ ട്രിക്ക് മതി

Mail This Article
മീൻ കറിയായും ഫ്രൈയായും കഴിക്കാൻ ഇഷ്ടമാണെങ്കിലും അവ വെട്ടിവൃത്തിയാക്കി എടുക്കുക പ്രയാസമാണ്. ചെറിയ മീനെങ്കിൽ പറയുകയും വേണ്ട, ചെമ്പല്ലി, മാന്തൾ, ചൂര, വറ്റ പോലുള്ള തൊലി ഉരിച്ചെടുക്കുന്ന മീൻ ഇനി എളുപ്പത്തിൽ വൃത്തിയാക്കാനുള്ള ട്രിക്കുണ്ട്. എങ്ങനെയെന്ന് അറിയാം.
ചെമ്പല്ലി എങ്കിൽ ആദ്യം ഫ്രീസറിൽ വയ്ക്കാം. അരമണിക്കൂറോളം വച്ചാൽ മതി. ശേഷം മീനിന്റെ അരികുകൾ തലവരെ കത്തി കൊണ്ടോ കത്രിക ഉപയോഗിച്ചോ വെട്ടാം. വാലും കളയണം. ശേഷം താല കളയണം. തല ഭാഗത്തു നിന്നും തൊലി താഴേയ്ക്ക് ഉരിച്ചെടുക്കാവുന്നതാണ്. ഫ്രിസറിൽ വച്ചാൽ മീൻ ഉറപ്പോടെ തന്നെ കൈയിൽവച്ച് തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാവുന്നതാണ്.
മീൻ മസാലയിൽ പൊതിഞ്ഞത് ഉണ്ടാക്കാം
മീൻ പൊരിച്ചും കറിവച്ചും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, ദശകട്ടിയുള്ള മീൻ വറുത്ത് മസാലയിൽ പൊതിഞ്ഞ രുചിക്കൂട്ട് നിങ്ങൾക്ക്ഇഷ്ടപ്പെടും.
ചേരുവകൾ
മീൻ കഷ്ണങ്ങൾ ആക്കിയത് - 5 എണ്ണം
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
മുളക്പൊടി – രണ്ടു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഗരംമസാല-അരടീസ്പൂൺ
നാരങ്ങാനീര് - അരമുറി നാരങ്ങയുടെ
തക്കാളി അരച്ചത് - ഒരു കപ്പ്
വലിയ ഉള്ളി അരിഞ്ഞത്- ഒരു കപ്പ്
ഇഞ്ചി വെളുത്തുളളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ
പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം
കറിവേപ്പില, മല്ലിയില, എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീൻ കഷ്ണങ്ങളിലേക്കു അര ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളക്പൊടി ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്തു ഒരു മണിക്കൂർ മാരിനേറ്റ് ചെയ്‌ത് വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു മീൻ കഷ്ണങ്ങൾ ഫ്രൈ ചെയ്തെടുക്കുക. ഇതേ എണ്ണയിലേക് വലിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് , കറിവേപ്പില, എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക. തക്കാളി അരച്ചതും ചേർത്തു തിളപ്പിക്കുക . ഇതിലേക്കു മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപൊടി , ഗരം മസാല , ഉപ്പ് ചേർത്തു പച്ച മണം മാറുന്നത് വരെ നന്നായി വഴറ്റി എടുക്കുക .ഫ്രൈ ചെയ്ത മീൻ കഷ്ണങ്ങൾ ചേർത്തു പതുക്കെ ഇളക്കി കൊടുക്കുക. മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം.