ലൈംഗികമായി പടരുന്ന അണുബാധകള്‍ പലത്; പരിശോധനയില്‍ ഇക്കാര്യം ശ്രദ്ധിക്കണം

Mail This Article
വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാതെ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗികമായി പടരുന്ന അണുബാധകള്‍ അഥവാ എസ്‌ടിഐകള്‍ക്ക് കാരണമാകാം. ഇവ നേരത്തെ കണ്ടെത്താനും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും ഇടയ്‌ക്കിടെയുള്ള പരിശോധനകള്‍ സഹായിക്കും.
ബാക്ടീരിയ, വൈറസ്, പാരസൈറ്റുകള്‍ എന്നിവ മൂലം ഉണ്ടാകുന്ന എസ്‌ടിഐകള്‍ സാധാരണ ഗതിയില്‍ ലൈംഗിക ബന്ധത്തിലൂടെയാണ് പടരുക. യോനീ, ഗുദം, വായ എന്നിവ ഉപയോഗിച്ചുള്ള വജൈനല്‍, ഏനല്‍, ഓറല്‍ സെക്‌സിലെല്ലാം ഈ എസ്‌ടിഐ സാധ്യതയുണ്ട്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പ്രസവ സമയത്തും, അണുബാധയുള്ള രക്തം നല്‍കുന്നതിലൂടെയും, സൂചികള്‍ വീണ്ടും ഉപയോഗിക്കുന്നതിലൂടെയും എസ്‌ടിഐകള്‍ പടരാമെന്ന് ഗൈനക്കോളജിസ്‌റ്റും ഒബസ്‌റ്റെട്രീഷ്യനുമായ ഡോ. പ്രതിഭ സിംഗാള്‍ ഹെല്‍ത്ത്‌ഷോട്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഗൊണേറിയ, സിഫിലിസ്, ക്ലമെഡിയ, എച്ച്‌ഐവി, എച്ച്‌പിവി, ട്രിക്കോമോണിയാസിസ് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന എസ്‌ടിഐകള്‍. ഇവയില്‍ പലതും ആദ്യ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ കാണിച്ചെന്ന് വരില്ല. പലതരം എസ്‌ടിഐകളും അവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇനി പറയുന്നു.
1. ക്ലമെഡിയ
ക്ലമെഡിയ ട്രക്കോമാറ്റിസ് ബാക്ടീരിയ മൂലം വരുന്ന ഈ ലൈംഗികരോഗം മൂത്രപരിശോധനയിലൂടെയും ലൈംഗിക അവയവങ്ങളില്‍ നിന്നെടുക്കുന്ന സ്വാബിന്റെ പരിശോധനയിലൂടെയും കണ്ടെത്താം. പരിശോധനയ്‌ക്ക് മുന്‍പ് ഒന്ന് രണ്ട് മണിക്കൂറത്തേക്ക് മൂത്രമൊഴിക്കാന്‍ പാടില്ല. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, യോനിയില്‍ നിന്ന് അസാധാരണ സ്രവങ്ങള്‍, അടിവയറ്റില്‍ വേദന എന്നിവയൊക്കെയാണ് ഈ എസ്‌ടിഐയുടെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ലക്ഷണമൊന്നും ഉണ്ടായില്ലെന്നും വരാം.
2. ഗൊണേറിയ
നെസ്സേരിയ ഗൊണേറിയ ബാക്ടീരിയ മൂലം വരുന്ന ഈ എസ്‌ടിഐ മൂത്ര പരിശോധനയിലൂടെയും ലൈംഗിക അവയവങ്ങള്‍, കഴുത്ത്, മലാശയം എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന സ്വാബിന്റെ പരിശോധനയിലൂടെയും കണ്ടെത്താം. ഈ പരിശോധനയ്‌ക്കും ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ നേരം മൂത്രമൊഴിക്കാതെ ഇരിക്കേണ്ടതാണ്.
മഞ്ഞ, പച്ച നിറത്തില്‍ യോനിയില്‍ നിന്ന് സ്രവം, മൂത്രമൊഴിക്കുമ്പോള്‍ വേദന, കഴുത്ത് വേദന എന്നിവയാണ് ഗൊണേറിയ ലക്ഷണങ്ങള്‍.
3. സിഫിലിസ്
ട്രെപോണെമ പല്ലിഡം ബാക്ടീരിയയാണ് സിഫിലിസ് ഉണ്ടാക്കുന്നത്. കൈ ഞരമ്പില്‍ നിന്നെടുക്കുന്ന രക്തത്തിന്റെ പരിശോധനയിലൂടെയാണ് ഈ രോഗം കണ്ടെത്തുക. പ്രത്യേക തയ്യാറെടുപ്പുകള്‍ ഈ പരിശോധനയ്‌ക്ക് ആവശ്യമില്ല.
വേദനയില്ലാത്ത പുണ്ണുകള്‍, കൈ, കാല്‍പാദങ്ങളില്‍ തിണര്‍പ്പുകള്‍, പനി പോലുള്ള ലക്ഷണങ്ങള്‍ എന്നിവ സിഫിലിസ് രോഗികള്‍ക്ക് വരാം.
4. എച്ച്‌ഐവി
രക്തപരിശോധനയാണ് എച്ച്‌ഐവി തിരിച്ചറിയാന്‍ ഉപയോഗിക്കാറുള്ളത്. പനിയുടെ ലക്ഷണങ്ങള്‍, വീര്‍ത്ത ഗ്രന്ഥികള്‍, ഭാരനഷ്ടം എന്നിവയെല്ലാം എച്ച്‌ഐവി രോഗികളില്‍ കാണപ്പെടാറുണ്ട്. വളരെ വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പുറത്ത് കാണാതെയും ഇരിക്കാം.
5. എച്ച്‌പിവി
പാപ് സ്‌മിയര്‍ പരിശോധന, എച്ച്‌പിവി ഡിഎന്‍എ പരിശോധന, സെര്‍വിക്കല്‍ സ്വാബ് പരിശോധന എന്നിവയിലൂടെയാണ് എച്ച്‌പിവി സാന്നിധ്യം കണ്ടെത്തുക. ഈ പരിശോധനയ്‌ക്ക് 24 മണിക്കൂര്‍ മുന്‍പ് ലൈംഗിക ബന്ധവും ടാംപൂണുകളുടെ ഉപയോഗവും ഒഴിവാക്കണം.
ലൈംഗികാവയവങ്ങളിലെ അരിമ്പാറയാണ് എച്ച്‌പിവിയുടെ മുഖ്യ ലക്ഷണം. ചിലര്‍ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പ്രത്യക്ഷമായെന്നും വരില്ല.
6. ട്രിക്കോമോണിയാസിസ്
ട്രിക്കോമോണാസ് വജൈനാലിസ് പാരസൈറ്റ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. യോനിയില്‍ നിന്നുള്ള സ്വാബോ, മൂത്രമോ പരിശോധിച്ച് ഈ പാരസൈറ്റിന്റെ സാന്നിധ്യം കണ്ടെത്താം. പരിശോധനയ്‌ക്ക് രണ്ട് മണിക്കൂര്‍ മുന്‍പ് മൂത്രമൊഴിക്കരുത്.