നീ - ഗിരിജ ചാത്തുണ്ണി എഴുതിയ കവിത

Mail This Article
ചിലപ്പോൾ
നീ കാടായിരുന്നു
പൂത്തുനിൽക്കുന്ന
മുളന്തണ്ടിലൂടെ ചൂളം
വിളിക്കുന്ന പെരുംകാട്
ചിലപ്പോൾ
നീ പുഴയായിരുന്നു
പാദസരങ്ങൾ കിലുക്കി അമ്പിളിവെട്ടത്തിനോട്
കൊഞ്ചിചിരിച്ചൊഴുകുന്ന പുഴ
ചിലപ്പോൾ
നീ കടലായിരുന്നു
അഗാധഗർത്തങ്ങളിൽ
സ്വത്വം ഒളിപ്പിക്കുന്ന
തിരയിളക്കങ്ങളില്ലാത്ത കടൽ
ചിലപ്പോൾ
നീ മരുഭൂമിയായിരുന്നു
കടലലകൾ തീർക്കുന്ന
സ്വർണ്ണവർണ്ണമുള്ള മണൽത്തരികളെ
മാറിലേറ്റുന്ന ഥാർ മരുഭൂമി
ചിലപ്പോൾ
നീ നാട്ടിടവഴിയായിരുന്നു
ഇളം കാറ്റിനോപ്പം തുള്ളികളിച്ചുല്ലസിക്കുന്ന
പാരിജാതപൂക്കളുടെ ഗന്ധമൊഴുകുന്ന
മണ്ണിടവഴി
ചിലപ്പോൾ
നീ പ്രകൃതിയായിരുന്നു
അർദ്ധനാരീശ്വര സങ്കൽപം
കുടികൊള്ളുന്ന
ചരാചരങ്ങളെയുൾക്കൊള്ളുന്ന
ശക്തിസ്രോതസ്!
ചിലപ്പോൾ
നീ നിർമലയായിരുന്നു
ഇതൾവിടരുന്ന ഗ്രാമചന്തങ്ങളുടെ
ശുദ്ധനൈർമ്മല്യം പോലെ!
ചിലപ്പോൾ
നീയെന്നാൽ ഞാനായിരുന്നു
കാലമായിരുന്നു!