സഫാരിക്കും ഹാരിയറിനും സ്റ്റെല്‍ത്ത് എഡിഷൻ; പുറത്തിറങ്ങുക വളരെ കുറച്ചുമാത്രം

Mail This Article
ടാറ്റ സഫാരി 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ലിമിറ്റഡ് സ്റ്റെല്‍ത്ത് എഡിഷന് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. കരുത്തും ആഡംബരവും അപൂര്‍വതയും ഒത്തു ചേര്‍ന്ന 2,700 സ്റ്റെല്‍ത്ത് എഡിഷന് വാഹനങ്ങള്‍ മാത്രമാണ് പുറത്തിറക്കുക. സ്റ്റെല്‍ത്ത് എഡിഷനില്‍ സഫാരിക്കു പുറമേ ഹാരിയറും ലഭ്യമാവും.

ചെറിയ മാറ്റങ്ങളോടെ കറുപ്പഴകിലാണ് സ്റ്റെല്‍ത്ത് എഡിഷന് പുറത്തിറങ്ങുക. ഹാരിയര്‍ സ്റ്റെല്‍ത്ത് എഡിഷന്റെ വില 25.09 ലക്ഷം രൂപ മുതലും സഫാരി സ്റ്റെല്‍ത്ത് എഡിഷന്റെ വില 25.74 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. സഫാരി സ്റ്റെല്‍ത്ത് എഡിഷന് 6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളിലും ലഭ്യമാണ്. മാറ്റെ ബ്ലാക്ക് ഫിനിഷ് തന്നെയാവും സ്റ്റെല്‍ത്ത് എഡിഷന് വാഹനങ്ങളെ ആദ്യം ആകര്‍ഷിക്കുക. 19 ഇഞ്ച് കറുപ്പ് അലോയ് വീലുകള്‍ സ്റ്റെല്‍ത്ത് എഡിഷന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.
അകത്തും പുറത്തും സ്റ്റെല്‍ത്ത് എഡിഷന് ബാഡ്ജിങും മോഡലിന്റെ അപൂര്വതയെ കുറിക്കുന്നു. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകളാണ്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ്, 10 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.25 ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, 10 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഏഴ് എയര്‍ബാഗുകളാണ് സഫാരിയുടേയും ഹാരിയറിന്റേയും സ്റ്റെല്‍ത്ത് എഡിഷന് മോഡലുകള്‍ക്ക് ടാറ്റ നല്‍കിയിരിക്കുന്നത്. എബിഎസ് വിത്ത് ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇഎസ്സി, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും യാത്രികരുടെ സുരക്ഷ ഉറപ്പിക്കുന്നു.

'ഇന്ത്യയിലെ എസ്യുവി വിഭാഗത്തില്‍ വര്‍ഷങ്ങളായി ടാറ്റ മോട്ടോഴ്സ് മുന്നിലുണ്ട്. ഇന്ത്യന്‍ വിപണയില്‍ ലൈഫ്സ്റ്റൈല്‍ എസ്യുവി എന്ന വിഭാഗം അവതരിപ്പിച്ചത് ടാറ്റ സഫാരിയാണ്. 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ടാറ്റ സഫാരിക്ക് ആദരമായിട്ടാണ് സ്റ്റെല്‍ത്ത് എഡിഷന് പുറത്തിറക്കുന്നത്. ആകെ 2700 യൂണിറ്റ് സ്റ്റെല്‍ത്ത് മാറ്റെ ബ്ലാക്ക് ഫിനിഷ് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. സാധാരണ എസ്യുവിക്കും അപ്പുറത്ത് അഭിമാനവും സാഹസികതയും കരുത്തും ചേര്‍ന്ന വാഹനങ്ങളായിരിക്കും സ്റ്റെല്‍ത്ത് എഡിഷനിലേത്. അപൂര്‍വമായ വാഹനം സ്വന്തമാക്കുക എന്നതിനപ്പുറം സ്റ്റെല്‍ത്ത് എഡിഷന് വാങ്ങുമ്പോള്‍ ഓട്ടമൊബീല്‍ ചരിത്രത്തിന്റെ ഒരു ഭാഗമാണ് നിങ്ങള്‍ ഗാരിജിലേക്കെത്തിക്കുന്നത്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിസിഒ വിവേക് ശ്രീവാസ്തവ ഹാരിയറിന്റേയും സഫാരിയുടേയും സ്റ്റെല്‍ത്ത് എഡിഷന് പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.