ഇവിടെ വീടോ? ഒരിക്കലും നടക്കില്ല: ഇന്ന് 14 ലക്ഷത്തിന്റെ വീടുകാണാൻ ആൾത്തിരക്ക്!

Mail This Article
വീതി വളരെ കുറഞ്ഞ പ്ലോട്ടിൽ അദ്‌ഭുതകരമായി വീടൊരുക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.
തൃശൂർ പഴഞ്ഞിയാണ് സ്വദേശം. കുടുംബം ഭാഗം വച്ചപ്പോൾ 6.5 സെന്റ് കിട്ടിയെങ്കിലും വീതി വെറും 4.5 മീറ്റർ മാത്രമായിരുന്നു. വീടുവയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും ഇത്രയും വീതി കുറഞ്ഞ സ്ഥലത്ത് വീട് പ്രായോഗികമല്ല എന്നുപറഞ്ഞു പലരും കൈമലർത്തി. ഒടുവിൽ എൻജിനീയർ പോൾ ജേക്കബിന്റെ അടുക്കലെത്തി. അദ്ദേഹം പച്ചക്കൊടി കാട്ടി. പ്ലാൻ വരച്ചു. ഞങ്ങളുടെ ബജറ്റും പരിമിതമായിരുന്നു. അതിനുള്ളിൽ നിന്നുകൊണ്ട് സൗകര്യമുള്ള വീട് ഒടുവിൽ സഫലമായി.

അടിത്തറ മുതൽ കൃത്യമായി ഹോംവർക്ക് ചെയ്തു. ബെൽറ്റ് വാർക്കാതെ മണ്ണടിച്ച് തറ ഒരുമിച്ച് കോൺക്രീറ്റ് ചെയ്തു. സ്ഥലം ലാഭിക്കാൻ കനംകുറഞ്ഞ സിമന്റ് ബ്ലോക്ക് കൊണ്ടാണ് ഭിത്തികെട്ടിയത്.
ബുദ്ധിപരമായി ഇടങ്ങൾ വിന്യസിച്ചതിലൂടെ സ്ഥലപരിമിതി മറികടന്നു. ലിവിങ്- ഡൈനിങ്- കിച്ചൻ നേർരേഖയിൽ ഒറ്റഹാളിന്റെ ഭാഗമായി വിന്യസിച്ചു. അതിനാൽ അകത്തേക്ക് കയറുമ്പോൾ ഇടുക്കം അനുഭവപ്പെടുന്നില്ല.

പൊതുവെ കിച്ചൻ ക്യാബിനറ്റുകൾ മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് നിർമിക്കുക. എന്നാലിവിടെ ലാമിനേറ്റ് ഒഴിവാക്കി മൾട്ടിവുഡ് മാത്രം ഉപയോഗിച്ചു.
ഇടുങ്ങിയ പ്ലോട്ടിൽ വീടുപണിയുമ്പോൾ കാറ്റ്, വെളിച്ചം, ക്രോസ്സ് വെന്റിലേഷൻ എന്നിവ വെല്ലുവിളിയാകാറുണ്ട്. വശങ്ങളിൽ ജനൽ കൊടുത്തതുകൊണ്ട് പ്രയോജനമില്ല. ഈ പ്രശ്നം മറികടക്കാൻ മുറികളുടെ ഉയരംകൂട്ടി, സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി. ഇതുവഴി നാച്ചുറൽ ലൈറ്റ് അത്യാവശ്യം ഉള്ളിൽനിറയുന്നു.
ബജറ്റ് പരിമിതമെങ്കിലും പ്രധാനവാതിലും മറ്റും തടിയിൽ വേണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്രകാരം പ്രധാനവാതിൽ, കട്ടിള, ജനൽ ഫ്രെയിം എന്നിവ തടിയിൽ നിർമിച്ചു.
കിടപ്പുമുറികളാണ് ഏറ്റവും വിശാലമായി ഒരുക്കിയത്. ഇവിടെ എട്ടടി വീതിയുണ്ട്. ഒരു കിടപ്പുമുറിയുടെ അറ്റാച്ഡ് ടോയ്‌ലറ്റ് പൊതുവായും ഉപയോഗിക്കാം. ഇതിനായി രണ്ടു ഡോറുകൾ നൽകി.

വിലക്കയറ്റത്തിന്റെ കാലത്ത് സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം 14 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി എന്നത് ചില്ലറ കാര്യമല്ല.
ഇപ്പോൾ നിരവധിയാളുകൾ വീടുകാണാനായി എത്താറുണ്ട്. ഭൂരിഭാഗവും ഇതുപോലെ ചെറിയ സ്ഥലത്ത് വീട് വയ്ക്കാനുള്ള ആഗ്രഹവുമായി എത്തുന്നവരാണ്.
Project facts
Location- Pazhanji, Thrissur
Area- 675 Sq.ft
Owner- Johnson, Shyni
Design- Paul Jacob K
P.Jac Developers, Thrissur
Budget- 14 Lakhs