ഈ ഇലക്ട്രോണിക് മാലിന്യങ്ങൾ വീട്ടിലുണ്ടോ? ഒഴിവാക്കുന്നതാണ് ബുദ്ധി

Mail This Article
പുതിയകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇല്ലാത്ത വീട് സങ്കൽപിക്കാൻ പോലുമാകില്ല. ആവശ്യവും ഉപയോഗവും കണക്കിലെടുക്കുന്നതിന് പുറമേ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നത് ക്രേസായി കൊണ്ടുനടക്കുന്നവർ പോലുമുണ്ട്. വാങ്ങുക, കുറച്ചുകാലം ഉപയോഗിക്കുക, വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് തള്ളുക, അടുത്തത് വാങ്ങുക.. ഇതാണ് പലരുംപിന്തുടരുന്ന രീതി. എന്നാൽ ഈ പ്രവണത വീട്ടിലുള്ളവരുടെ ജീവന് പോലും ഭീഷണിയാണെന്ന് അറിയുമോ? കൃത്യമായ രീതിയിൽ റീസൈക്കിൾ ചെയ്യുകയോ ഡിസ്പോസ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ ഇവ ഹാനികരമാകാം. ഉപയോഗശേഷം വീട്ടിൽ നിന്നും നീക്കം ചെയ്യേണ്ട ചില ഇലക്ട്രോണിക് സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഡ്രോയറുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴയ മൊബൈലുകൾ

സ്മാർട്ട്‌ഫോണുകൾ, ഫീച്ചർ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള മൊബൈലുകളിൽ ലിഥിയം - അയൺ ബാറ്ററികളുണ്ട്. ഇവയ്ക്ക് കേടുണ്ടായാൽ കാലക്രമേണ അപകടകരമായി മാറാൻ സാധ്യത ഏറെയാണ്. ഇത്തരത്തിൽ കാലപ്പഴക്കം ചെന്ന ഫോണുകളുടെ ബാറ്ററികൾ വീർത്ത് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായ സംഭവങ്ങൾ ഏറെയുണ്ട്. അതിനാൽ കേടായ മൊബൈലുകൾ ഡ്രോയറിനുള്ളിൽ സൂക്ഷിക്കാതെ നന്നാക്കിയെടുക്കുകയോ അല്ലാത്തപക്ഷം സുരക്ഷിതമായി ഡിസ്പോസ് ചെയ്യുകയോ വേണം.
പഴയ പവർ കേബിളുകൾ
കാലക്രമേണ പഴയ വൈദ്യുതി കേബിളുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ടേക്കാം. അത്തരം കേബിളുകൾ വീട്ടിലുണ്ടെങ്കിൽ അടിക്കടി പരിശോധിച്ച് ഇൻസുലേഷൻ പൂർവസ്ഥിതിയിലുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ മാറ്റി സ്ഥാപിക്കണം. യഥാസമയത്ത് പരിശോധിച്ചില്ലെങ്കിൽ ഇവ ഷോക്കേൽക്കുന്നതിനും തീപ്പൊരികൾ ഉണ്ടായി തീപിടിത്തത്തിനും കാരണമാകാം.
പൊട്ടിയ വാൾ സോക്കറ്റുകൾ
കുട്ടികളുള്ള വീടുകളിൽ ഏറ്റവുമധികം ശ്രദ്ധ വേണ്ട കാര്യമാണിത്. വാൾ സോക്കറ്റുകളിൽ കേടുപാടുള്ള നിലയിലാണെങ്കിൽ അവയിൽ സ്പർശിക്കുമ്പോൾ വൈദ്യുതാഘാതം ഏൽക്കാനിടയുണ്ട്. സോക്കറ്റുകളിൽ നട്ടുകൾ, ബോൾട്ടുകൾ തുടങ്ങിയ ചെറിയ ഭാഗങ്ങൾ ധാരാളമുണ്ട്. കൃത്യമായ കവറിങ് ഇല്ലെങ്കിൽ ഇത് മുറിവുകൾക്കും കാരണമാകും. പൊട്ടിയതോ കേടായതോ ആയ സോക്കറ്റുകൾ ഉണ്ടെങ്കിൽ തീപിടുത്തങ്ങളും ഷോക്കേറ്റുള്ള അപകടങ്ങളും ഒഴിവാക്കാൻ അവ മാറ്റി സ്ഥാപിക്കുക.
പഴയ ബൾബുകളും ട്യൂബ്‌ലൈറ്റുകളും
ബൾബുകളും ട്യൂബ് ലൈറ്റുകളും മാറ്റി പുതിയവ സ്ഥാപിച്ചാലും കളയാതെ വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് തള്ളുന്നവരുണ്ട്. എന്നാൽ ഇവയിൽ ടങ്സ്റ്റൺ ഫിലമെന്റുകൾ അടക്കമുള്ള ചെറിയ ഭാഗങ്ങളും രാസവസ്തുക്കളും വാതകങ്ങളും നിറച്ചിരിക്കും. അതിനാൽ ഏതെങ്കിലും കാരണവശാൽ ഇവ പൊട്ടുമ്പോൾ വലിയ വ്യാപ്തിയിൽ ചിന്നിച്ചിതറി അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇവയിലെ ഗ്ലാസുകളും ലോഹങ്ങളും പുനരുപയോഗിക്കാൻ സാധിക്കുമെന്നതിനാൽ മാറ്റിവയ്ക്കാതെ യഥാവിധം കൈകാര്യം ചെയ്യുക.
ഇയർ ഫോണുകളും സ്പീക്കറുകളും
ഇയർ ഫോണുകളിലും സ്പീക്കറുകളിലും പ്ലാസ്റ്റിക്, ബാറ്ററികൾ, ലോഹ കാന്തങ്ങൾ, കോപ്പർ കോയിലുകൾ തുടങ്ങി അനേകം ഘടകങ്ങളുണ്ട്. ഉപയോഗം കഴിഞ്ഞ ഇയർഫോണുകളും സ്പീക്കറുകളും കൃത്യമായി ഡിസ്പോസ് ചെയ്തില്ലെങ്കിൽ ഈ ഘടകങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാകും. ഇവയിലെ ബാറ്ററിയിൽ നിന്നും ലീക്കേജ് ഉണ്ടായാൽ അവയ്ക്കൊപ്പം ഡ്രോയറിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നാശമാകും.