വെയിലേറ്റ് വാടിയോ? ചർമം തിളങ്ങും; ഇതാ അടുക്കളയില്‍ നിന്നൊരു സൂപ്പർ ഫെയ്സ്പാക്ക്

Mail This Article
വെയിലേൽക്കുന്നത് ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താൻ ഇടയാക്കും. വീടിനകത്തായാലും പുറത്തായാലും സൺ സ്ക്രീൻ ഉപയോഗിക്കേണ്ടത് വേനലിൽ അനിവാര്യമാണ്. വിപണിയിൽ നിന്ന് പലതരത്തിലുള്ള ഫെയ്സ്പാക്കുകള്‍ ഉപയോഗിച്ച് മുഖത്തെ കരുവാളിപ്പ് മാറ്റാൻ ശ്രമിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ ഇത്തരം ഫെയ്സ്പാക്കുകളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പലർക്കും മുഖത്തിന് അലർജി പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ വീട്ടിൽ തന്നെ തയാറാക്കാവുന്ന തികച്ചും പ്രകൃതിദത്തമായൊരു ഫെയ്സ്പാക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധനേടുന്നത്. വീട്ടിൽ തന്നെ ലഭ്യമാകുന്ന വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് തയാറാക്കാവുന്ന ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാൽ മുഖത്തെ കരുവാളിപ്പ് മാറുമെന്നു മാത്രമല്ല. ചർമത്തിനു നല്ല തിളക്കവും നൽകും.
മുട്ടയുടെ വെള്ള, തേൻ, കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയാണ് ഈ ഫെയ്സ്പാക്ക് തയാറാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവകൾ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് മുട്ടയുടെ വെള്ള. ചർമം മൃദുവാക്കുന്നതിനും അയഞ്ഞുതൂങ്ങുന്നത് തടയുന്നതിനും മുട്ടയുടെ വെള്ള വളരെ നല്ലതാണ്.
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന തേൻ ചർമത്തിനു തിളക്കം നൽകും. ചർമത്തിന് ആവശ്യമായ ജലാംശം നൽകുന്ന തേൻ നല്ല മോയ്ചറൈസറാണ്. മുഖക്കുരുവും പാടുകളും മാറ്റാനും തേന്‍ സഹായിക്കും. കാപ്പിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ചർമത്തിന് യുവത്വം നിലനിർത്താൻ സഹായിക്കുന്നതാണ് മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമത്തിലെ കരിവാളിപ്പും കറുത്തപാടുകളും ഇല്ലാതാക്കും.
ഫെയ്സ്പാക്ക് തയാറാക്കുന്ന വിധം
മുട്ടയുടെ വെള്ളയിൽ ഒരു ടീ സ്പൂൺ കാപ്പിപ്പൊടിയും തേനും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മാസ്കിൽ നിന്ന് കുറച്ച് മുഖത്ത് എടുത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ മാറ്റം കണ്ടറിയാൻ സാധിക്കും.