ADVERTISEMENT

സഹോദരിയും നടിയുമായ രമ്യ നമ്പീശനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ. അടുത്തിടെയാണ് രാഹുൽ വിവാഹിതനായത്. വിവാഹ ദിനത്തിൽ രമ്യയ്ക്കൊപ്പമെടുത്ത മനോഹരമായ ചിത്രം പങ്കിട്ടുകൊണ്ടാണ് രാഹുലിന്റെ ഹൃദയം തൊടും കുറിപ്പ്. ഇതിലും മികച്ചൊരു സഹോദരിയെ തനിക്ക് കിട്ടില്ലെന്നും ഇനിയും ഒരുമിച്ച് ഒരുപാട് ഓർമകൾ സൃഷ്ടിച്ചെടുക്കാനുണ്ടെന്നും രാഹുൽ സുബ്രഹ്മണ്യൻ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം:

എന്റെ പ്രിയപ്പെട്ട സഹോദരി, എന്റെ കരുത്ത്, എന്റെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരി. എന്റെ നന്ദിയും സ്നേഹവും അറിയിക്കാൻ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചേച്ചിയുടെ അചഞ്ചലമായ പിന്തുണയും സ്നേഹവും എന്നും എന്റെ ജീവിതത്തിന്റെ ശക്തിയാണ്. ഉയർച്ചയിലും താഴ്ചയിലും വഴിയകാട്ടിയായിരുന്നു എനിക്ക് ചേച്ചി. എപ്പോഴും കൂടെയുള്ളതിനാൽ ഞാൻ എന്നും നന്ദിയുള്ളവനാണ്. ജീവിതത്തിലെ പുതിയ അധ്യായം ഞാൻ തുടങ്ങുകയാണ്, എന്റെ വിവാഹജീവിതം. സന്തോഷത്തോടൊപ്പം എനിക്ക് ആശങ്കകളുമുണ്ട്. എന്നാൽ വിവാഹ ഒരുക്കത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കാൻ ചേച്ചി ഉണ്ടായിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. ചേച്ചിയുടെ പിന്തുണയും ഉപദേശവും സ്നേഹവുമാണ് എന്റെ ലോകം. 

എല്ലാ കാര്യത്തിലും എന്റ പങ്കാളിയായതിനു നന്ദി. ഇതിലും മികച്ച ഒരു സഹോദരിയെ എനിക്കിനി കിട്ടാനില്ല. ഇനിയും നമുക്കൊരുമിച്ച് ഒരുപാടോർമകൾ സൃഷ്ടിക്കണം. ഒരുപാട് ചിരി നിമിഷങ്ങൾ പങ്കിടണം, ഒരുപാട് സാഹസികതകൾ ചെയ്യണം. ചേച്ചിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അത് വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ല. എന്റെ എല്ലാമെല്ലാം ആയതിനു നന്ദി.

രാഹുൽ സുബ്രമണ്യൻ കുറിച്ച വാക്കുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ‘കരയിപ്പിക്കല്ലേ കുഞ്ഞേ’ എന്നാണ് കുറിപ്പിനു താഴെ രമ്യ നമ്പീശൻ രേഖപ്പെടുത്തിയ കമന്റ്. ഇരുവരുടെയും മനോഹര ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ജൂൺ 12നായിരുന്നു രാഹുൽ സബ്രഹ്മണ്യത്തിന്റെ വിവാഹം. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. വിവാഹശേഷം കൊച്ചിയിൽ പ്രിയപ്പെട്ടവർക്കായി ഒരുക്കിയ വിവാഹ സൽക്കാരത്തിൽ ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ–സംഗീതരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ആഘോഷവേളയിൽ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായിരുന്നു.

മലയാളസിനിമയിലെ യുവസംഗീതസംവിധായകരിൽ പ്രധാനിയാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടുവച്ചത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി. 

English Summary:

Rahul Subrahmanian opens up about sister Ramya Nambeessan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com