പാട്ടെഴുതിയത് വൈരമുത്തു, ‘മഹാരാജ’ ഒരിക്കലും കാണില്ല: ഉറപ്പിച്ച് ചിന്മയി
Mail This Article
വിജയ് സേതുപതിയുടെ 50ാം ചിത്രം ‘മഹാരാജ’ ഒരുകാരണവശാലും കാണില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ചിത്രം ലൈംഗികാതിക്രമങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും മാത്രവുമല്ല, 18 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തു ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും ചിന്മയി വിമർശിച്ചു.
‘നിർഭാഗ്യവശാൽ, മഹാരാജയിലെ പാട്ടുകൾക്കു വരികൾ എഴുതിയത് വൈരമുത്തു ആണെന്നു ഞാൻ അറിഞ്ഞു. തമിഴ് സിനിമയിൽ പ്രവർത്തിക്കുന്നവർ കുറച്ചുകൂടി മികച്ച കാര്യങ്ങൾ ചെയ്യുമെന്നു ഞാൻ പ്രതീക്ഷിച്ചു. പക്ഷേ വീണ്ടും വീണ്ടും അവർ എന്നെ നിരാശപ്പെടുത്തുകയാണ്. പീഡകരെയും ലൈംഗിക കുറ്റവാളികളെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും അർഹമായ ശിക്ഷ ലഭിക്കും. അതിന്റെ ആഘാതം പതിന്മടങ്ങായിരിക്കും’, ചിന്മയി കുറിച്ചു.
തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി.
ചിന്മയിയുടെ തുറന്നുപറച്ചിൽ തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചതാണ്. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നീണ്ട 5 വർഷങ്ങൾക്കു ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയ്ക്കു ശബ്ദം നൽകി ചിന്മയി രണ്ടാം വരവ് നടത്തിയിരുന്നു.