‘മനസ്സിലാവാത്ത കാര്യത്തിന് ഒരുമിച്ചു കരയാനും ക്രൂരമായി ഉപദേശിക്കാനും കൂടെയുള്ളയാൾ’; സിതാരയെക്കുറിച്ച് കുറിപ്പ്
Mail This Article
ഗായിക സിതാര കൃഷ്ണകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഗായകരായ മിഥുൻ ജയരാജും വിധു പ്രതാപും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിതാര നൃത്തം ചെയ്യുന്ന ടെലിവിഷൻ വിഷ്വലിനു മുന്നിൽ നിന്ന് അതേ ചുവട് അനുകരിക്കുന്ന രസകരമായ ദൃശ്യമാണ് വിധു പ്രതാപ് പങ്കുവച്ചത്.
വിധുവിന്റെ വാക്കുകൾ: ‘കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിച്ചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നെ കാണാൻ അത്ര പോരാ.. തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോൾ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ’.
സിതാരയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് മിഥുന്റെ ആശംസ. ‘പിറന്നാൾ ആശംസകൾ സിത്തുവേ. വയറു കൊളുത്തിപ്പിടിക്കണതു വരെ അലറിച്ചിരിക്കാനും, കൊച്ചു കുട്ടികളെക്കാൾ അലമ്പായി കൊഞ്ഞനം കുത്താനും, രാത്രി 3 മണി വരെ ഇരുത്തി ക്രൂരമായി ഉപദേശിക്കാനും, മനസ്സിലാവാത്ത കാര്യത്തിന് ഒരുമിച്ചു കരയാനും, നിരുപാധികം കൂടെ നിൽക്കാനും കൂടെ ഉണ്ടാവും എന്ന ധൈര്യം നല്ലോണം ഉണ്ട് എനിക്ക്. കൂടുതൽ ഡെകറേഷൻസിനു മുതിരുന്നില്ല. പിറന്നാളുമ്മകൾ’ മിഥുൻ ജയരാജ് കുറിച്ചു.
ഇരുവരുടെയും വാക്കുകൾ ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു സിതാരയ്ക്കു ജന്മദിനാശംസകൾ അറിയിക്കുന്നത്. 38ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം സിതാര കൃഷ്ണകുമാർ ആഘോഷിച്ചത്.