ADVERTISEMENT

ഗായിക ജെന്നിഫർ ലോപ്പസും നടനും സംവിധായകനുമായ ബെൻ അഫ്ലെക്കും വേർപിരിയുന്നുവെന്ന് സ്ഥിരീകരണം. താരദമ്പതികളോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇരുവരുടെയും വേർപിരിയൽ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ജെന്നിഫറും ബെന്നും പിരിയുന്നത്. ഔദ്യോഗികമായി വിവാഹമോചനം നേടുന്നതിന് അഫ്ലെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജെന്നിഫര്‍ പണം ചെലവഴിക്കുന്ന രീതിയില്‍ അഫ്‌ളെക്കിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണു വിവരം. അത് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി  വിവാഹശേഷം സകല ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. വീട് വാങ്ങിയപ്പോള്‍ ചെലവായ തുകയുടെ ഭൂരിഭാഗവും മുടക്കിയത് ജെന്നിഫറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭീമമായ തുക മുടക്കിയതുകൊണ്ടാണ് വിവാഹമോചനത്തിനായി ജെന്നിഫർ, അഫ്ലെക്കിന്റെ ആസ്തിയുടെ പാതി ആവശ്യപ്പെടുന്നതെന്നാണു വിവരം. നിലവിൽ അഫ്ലെക്കിനേക്കാള്‍ ഇരട്ടി ആസ്തിയുണ്ട് ജെന്നിഫര്‍ ലോപ്പസിന്. 

2001 ല്‍ ‘ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും ആദ്യമായി കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കു വളർന്നു. 2002 ല്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും 2004ൽ ജെന്നിഫർ പിന്മാറി. അതേ വർഷം ജൂണിൽ ഗായകൻ മാർക്ക് ആന്റണിയെ ജെന്നിഫർ വിവാഹം കഴിച്ചു. 2008ൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. 2005 ല്‍ ബെന്‍ അഫ്ലെക്ക് നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിക്കുകയും 11 വർഷങ്ങൾക്കിപ്പുറം വേർപിരിയുകയും ചെയ്തു. തുടർന്ന് 2021ൽ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും ഒന്നിച്ചു. 2022 ജൂലൈയിലായിരുന്നു വിവാഹം. ഇപ്പോൾ രണ്ടു വർഷങ്ങൾക്കിപ്പുറം ഇരുവരും വേർപിരിയുന്നു.

English Summary:

Jennifer Lopez demands half of Ben Affleck's property

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com