സംഭവിച്ചുപോയി, സാഹചര്യം മനസ്സിലാക്കിയതിന് ആസിഫിനു നന്ദി: രമേശ് നാരായണൻ
Mail This Article
നടൻ ആസിഫ് അലിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പരസ്യ പ്രതികരണവുമായി സംഗീതസംവിധായകൻ രമേശ് നാരായണൻ. പ്രത്യേക സാഹചര്യത്തിൽ അങ്ങനെയൊരു കാര്യം സംഭവിച്ചു പോയെന്നും മനസ്സിലാക്കി പ്രതികരിച്ചതിന് ആസിഫിനോടു നന്ദി പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ആസിഫുമായി ഫോണിൽ സംസാരിച്ചെന്നും വൈകാതെ നേരിൽ കാണുമെന്നും രമേശ് നാരായണൻ കൂട്ടിച്ചേർത്തു.
‘അങ്ങനെയൊരു കാര്യം സംഭവിച്ചുപോയി. സാഹചര്യം മനസ്സിലാക്കി മികച്ച രീതിയിൽ പ്രതികരിച്ചതിന് ആസിഫിനോടു പ്രത്യേകം നന്ദി പറയുകയാണ്. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തെ മനസ്സിലാക്കുന്നു. ഞാൻ ആസിഫിന് മെസേജ് അയച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം രാവിലെ എന്നെ വിളിച്ചു. ഏറെ നേരം ഞങ്ങൾ സംസാരിച്ചു. ഉടൻ തന്നെ നേരിൽ കാണും.
സംഭവവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതിൽ വിഷമമുണ്ട്. അത് ഒഴിവായിക്കിട്ടിയാൽ വലിയ സന്തോഷം. മതപരമായ ചർച്ചകളിലേക്ക് ഈ വിഷയം നീങ്ങരുത് എന്നൊരു ആഗ്രഹമുണ്ട്. വർഗീയമായി കലാശിക്കരുത്. നമ്മളെല്ലാവരും മനുഷ്യരാണ്. ആ രീതിയിൽ മാത്രമേ ഇതിനെ കാണാവൂ. സ്നേഹബന്ധം അന്യോന്യം നിലനിന്നു പോകട്ടെ’, രമേശ് നാരായണൻ പറഞ്ഞു.