നിറവയറുമായി രഞ്ജിനി, ചേർത്തുപിടിച്ച് ചുംബിച്ച് ഗോവിന്ദ് വസന്ത; വിഡിയോ വൈറൽ
Mail This Article
വീണ്ടും ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ പങ്കാളിയും കലാകാരിയുമായ രഞ്ജിനി അച്യുതൻ. ലൈറ്റ് പീച്ച് നിറത്തിലുള്ള മോഡേൺ സിൽക്ക് വസ്ത്രം ധരിച്ചാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. നിറവയറിലേക്കു വാത്സല്യപൂർവം നോക്കിയിരിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ എഴുതിയ വൈകാരിക കുറിപ്പും ശ്രദ്ധേയമായി.
‘ഗർഭം ധരിച്ചപ്പോൾ എന്നെ ഞാൻ വീണ്ടെടുത്തതു പോലെയാണ് തോന്നിയത്. വിഷാദം, ഭയം, ഉത്കണ്ഠ തുടങ്ങിയവ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടി പുതിയ എന്നെ ഞാൻ സൃഷ്ടിച്ചെടുത്തു. ഗർഭധാരണവും ഒരു പുതിയ മനുഷ്യന്റെ ആഗമനവും എന്നതിലുപരി എന്റെ ജീവിതത്തിലെ പുതിയ ഉണർവ് ആണ് ഇതെന്നു ഞാൻ തിരിച്ചറിയുന്നു. ദീർഘകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് എനിക്കു കാണാൻ കഴിയുന്നു. അതിൽ ഞാൻ അതിരറ്റ് സന്തോഷിക്കുകയാണ്. എനിക്കു സാധിക്കുമെന്നും അർഹതയുണ്ടെന്നും മനസ്സിലാക്കുന്നു. ഈ 9 മാസം കൊണ്ട് ഞാൻ എനിക്കു വേണ്ടി വളരെയേറെ കാര്യങ്ങൾ ചെയ്തു. ഈ ജീവിതപാഠം ഉൾക്കൊണ്ട് എന്റെ കുഞ്ഞ് എന്റെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവരും’, രഞ്ജിനി അച്യുതൻ കുറിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷം ഗോവിന്ദ് വസന്തയും രഞ്ജിനിയും പങ്കുവച്ചത്. രഞ്ജിനി പോസ്റ്റ് ചെയ്ത മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഞ്ജിനിയെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ഗോവിന്ദ് വസന്തയെയും ചിത്രങ്ങളിൽ കാണാം. പിന്നാലെയാണ് പുതിയ സീരീസ് ചിത്രങ്ങളും എത്തിയത്. മറ്റേണിറ്റി വിഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങളും രഞ്ജിനി പങ്കിട്ടു.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നുണ്ട്. 2012ലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും വിവാഹിതരായത്. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.