ADVERTISEMENT

നീന... ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലാത്ത നിന്റെ പേരിനും കഥയ്ക്കും എന്തു പ്രസക്തിയെന്നാണോ? അല്ലെങ്കിലും ജീവിച്ചിരുന്ന കാലത്തും നിനക്കെന്തിനായിരുന്നു ഒരു പേര്. എന്റെ പ്രണയമേ എന്നു വിളിച്ചു ചേർത്തുപിടിക്കാൻ എക്കാലവും വിനയനെപോലൊരു കാമുകനുള്ളപ്പോൾ, നിനക്കെന്തിനാണൊരു വിളിപ്പേര്? നീനയെ ഓർമിക്കുമ്പോഴൊക്കെ നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ളൊരു പക്ഷിയുടെ ചിറകടി ഞാൻ കേൾക്കാറുണ്ട്. കൺമുന്നിൽ മണിവത്തൂരിലെ ശിവരാത്രിവിളക്കുകൾ തെളിയാറുണ്ട്.

ഊട്ടിയിലെ ഒരു തണുത്ത വൈകുന്നേരം പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അവരുടെ ആദ്യ കാഴ്‌ച. പള്ളിയകത്തേക്ക് ഓടിക്കയറിയ ആ ചെറുപ്പക്കാരൻ നീനയുടെ ഹൃദയത്തിലേക്കുകൂടിയായിരുന്നു അന്ന് ചേക്കേറിയത്. സഹോദരനായ ജോസ്‌ച്ചായന്റെ കൂടെ ഊട്ടിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ.വിനയചന്ദ്രൻ; ഒരു മണിവത്തൂരുകാരൻ സുന്ദരൻ. കേവലം പരിചയത്തിനപ്പുറത്തേക്കു വളർന്നിരുന്നില്ല ആ അടുപ്പം. ആദ്യമായി പ്രണയം തുറന്നു പറഞ്ഞതു വിനയനായിരുന്നു. അന്യജാതിക്കാരനെ വിവാഹം ചെയ്യാൻ ഡാഡിയും ജോസ്‌ച്ചായനും സമ്മതിക്കില്ലെന്നു പറഞ്ഞൊഴിഞ്ഞുമാറിയപ്പോഴും വിനയനറിയാമായിരുന്നു നീനയ്ക്കു മനസ്സുകൊണ്ടു സമ്മതമാണെന്ന്. ലണ്ടനിലും കാനഡയിലുമൊക്കെ ജീവിച്ച ആ നസ്രാണിപ്പെണ്ണിനെ അയാൾ തന്നെ മംഗലം കഴിച്ചു മണിവത്തൂരിലേക്ക് കൊണ്ടുപോകുമെന്ന്. 

മണിവത്തൂര്... എല്ലാ മീനവറുതിയിലും ശിവരാത്രിയുൽസവം നടക്കുന്ന മണിവത്തൂര് കടവ് വിനയേട്ടൻ പറഞ്ഞതുകേട്ട് എത്രയോവട്ടം നീന സ്വപ്നത്തിൽ കണ്ടിരിക്കുന്നു. ആളും തിരക്കും കുപ്പിവളക്കടകളും പലഹാരക്കച്ചവടക്കാരും കതിനയും കരിമരുന്നും കരിവീരന്മാരുമെല്ലാം അവളുടെ മണിവത്തൂർ സ്വപ്നങ്ങൾക്കു നിറംനൽകി. വിനയേട്ടനുമായി ചേർന്ന് ആയിരം ശിവരാത്രികൾ കാണണമെന്നായിരുന്നു നീനയുടെ മോഹം... ഒരിക്കലും നടക്കാതെപോയ മോഹം... 

എന്നെന്നേക്കുമായി നീന യാത്ര പറഞ്ഞപ്പോഴും വിനയൻ അവളോടു ചേർത്തുപിടിച്ച പ്രണയത്തിന്റെ കൈ വിടുവിച്ചതേയില്ല. അവളുടെ മോഹമായിരുന്ന മണിവത്തൂരിലെ ശിവരാത്രികളിലേക്ക്, അവളില്ലാതെ പോകേണ്ടിവന്നപ്പോഴൊന്നും വിനയൻ തനിച്ചായതുമില്ല. ഒരിക്കലുമൊരിക്കലും ഒറ്റയ്ക്കാണെന്നു തോന്നാതിരിക്കാൻമാത്രം ഓർമകൾ സമ്മാനിച്ചുകൊണ്ടായിരുന്നല്ലോ നീന വിനയനിൽനിന്നു വേർപെട്ടുപോയത്. അതുകൊണ്ടല്ലേ മരണത്തിനപ്പുറവും ആ നസ്രാണിപ്പെണ്ണ് മണിവത്തൂരുകാരിയായിതന്നെ ജീവിച്ചത്.

ഗാനം: നെറ്റിയിൽ പൂവുള്ള

ചിത്രം: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

രചന: ഒ.എൻ.വി

സംഗീതം: എം.ബി.ശ്രീനിവാസൻ

ആലാപനം: യേശുദാസ്

നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ

നീ പാടാത്തതെന്തേ

ഏതു പൂമേട്ടിലോ മേടയിലോ നിന്റെ

തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ

തേൻ കുടം വെച്ച് മറന്നൂ (നെറ്റിയിൽ...)

 

താമരപൂമൊട്ടു പോലെ നിന്റെ

ഓമൽക്കുരുന്നുടൽ കണ്ടൂ

ഗോമേദകത്തിൻ മണികൾ പോലെ

ആമലർ കണ്ണുകൾ കണ്ടു

പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ

തേൻ കുടം പൊയ് പോയ ദു:ഖം (നെറ്റിയിൽ..)

 

തൂവൽത്തിരികൾ വിടർത്തീ നിന്റെ

പൂവൽ ചിറകുകൾ വീശി

താണു പറന്നു പറന്നു വരൂ എന്റെ

പാണി തലത്തിലിരിക്കൂ

എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ

പാട്ടിന്റെ പാൽകിണ്ണം ( നെറ്റിയിൽ..)

English Summary:

Nettiyil Poovulla nostalgic song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com