രൺബീർ ചോദിച്ചു, ‘ഈ പാട്ടൊന്നു മാറ്റിപ്പിടിച്ചാലോ?’; പറ്റില്ലെന്ന് സുമ! ഒടുവിൽ മലയാളം പഠിച്ച് താരദമ്പതികൾ!
Mail This Article
ആലിയ ഭട്ട്–രൺബീർ കപൂർ ദമ്പതികളുടെ മകളായ റാഹയ്ക്ക് പ്രിയപ്പെട്ട താരാട്ടീണം ‘ഉണ്ണി വാവാവോ’ എന്ന മലയാള ഗാനമാണ്. അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ആ പാട്ട് കേട്ടെങ്കിലേ മകൾ ഉറങ്ങൂ എന്ന് ആലിയ പറയുന്നു. അതിനു വേണ്ടി രൺബീർ ആ ഗാനം മനഃപാഠമാക്കിയെന്ന നടിയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചയാവുകയും ചെയ്തു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘ഉണ്ണി വാവാവോ’ എന്ന താരാട്ടീണം രൺബീറിനെയും ആലിയയെയും പഠിപ്പിച്ചത് മലയാളി നഴ്സ് സുമ നായർ ആണ്. അക്കഥ സുമയുടെ സഹോദരി അഭിരാമി പങ്കുവച്ചത് ഇങ്ങനെ:
‘ചേച്ചി 30 വർഷത്തോളമായി മുംബൈയിലാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവെയാണ് ആലിയ–രൺബീർ ദമ്പതികളുടെ മകളെ നോക്കാനുള്ള അവസരം ലഭിച്ചത്. മകൾ പിറന്ന അന്നു മുതൽ ചേച്ചി അവർക്കൊപ്പമുണ്ട്. താരകുടുംബത്തെ ഈ മലയാളം പാട്ട് ചേച്ചി പഠിപ്പിച്ചു എന്നതിൽ വലിയ അഭിമാനം തോന്നുകയാണ്. മലയാളി എവിടെച്ചെന്നാലും പൊളിയല്ലേ.
ചേച്ചിയും മറ്റു കുടുംബാംഗങ്ങളുമെല്ലാം മികച്ച ഗായകരാണ്. ഇടയ്ക്കു വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങളൊക്കെ പറയാറുണ്ട്. ആലിയ ഭട്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞപ്പോഴാണല്ലോ ഇക്കാര്യം എല്ലാവരും അറിയുന്നത്. അല്ലാതെ അവരുടെ വിശേഷങ്ങളൊന്നും പുറത്തുപറയാനാകില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലൊക്കെ ചില പരിമിതികളുണ്ട്.
റാഹയ്ക്ക് ചേച്ചി എപ്പോഴും അടുത്തുവേണം. ചേച്ചിയാണ് എപ്പോഴും അവളെ പാടിയുറക്കുന്നത്. ഇടയ്ക്കു ലീവിനു വന്നാൽപ്പോലും പെട്ടെന്നു തന്നെ തിരികെ വിളിക്കും. റാഹയും രൺബീറും ആലിയയുമൊക്കെ ചേച്ചിയെ 'സിസ്' എന്നാണു വിളിക്കുന്നത്. ചേച്ചിയെക്കുറിച്ച് ആലിയ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ഈ പാട്ട് ആദ്യമൊക്കെ പാടിക്കൊടുക്കുമ്പോൾ ആലിയയ്ക്കും രൺബീറിനും തീരെ വഴങ്ങിയില്ല. പാട്ടൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന് രൺബീർ ചോദിച്ചു. ചേച്ചി പറഞ്ഞു, യൂട്യൂബ് നോക്കി പഠിക്കൂ എന്ന്. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ടിരുന്ന് പഠിച്ചതാണ്. ഇപ്പോഴും റാഹ ഉറങ്ങുമ്പോൾ ഈ പാട്ട് ആലിയയും രൺബീറും പാടിക്കൊടുക്കും. അല്ലാതെ കുഞ്ഞ് സമ്മതിക്കില്ല’.
1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം സാന്ത്വനത്തിനു വേണ്ടി മോഹൻ സിത്താര ഈണമൊരുക്കിയ ഗാനമാണ് ‘ഉണ്ണി വാവാവോ’. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ചു. കെ.എസ്.ചിത്രയും കെ.ജെ.യേശുദാസും പാടിയ വ്യത്യസ്ത പതിപ്പുകൾ ഉണ്ടെങ്കിലും കൂടുതൽ ജനകീയമായത് ചിത്ര ആലപിച്ചതാണ്. ഇപ്പോൾ ആലിയ ഭട്ടിന്റെ വാക്കുകൾ സജീവ ചർച്ചയായതോടെ ഈ ഗാനം വീണ്ടും ശ്രദ്ധ നേടുകയാണ്.