ആശുപത്രിവിട്ട് വീട്ടിൽ തിരിച്ചെത്തി അമൃത സുരേഷ്; പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് കുറിപ്പ്
Mail This Article
ഏതാനും ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക അമൃത സുരേഷ് വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ വിശ്രമത്തിലിരിക്കുന്ന ഗായികയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നെഞ്ചിന്റെ ഒരുഭാഗത്തായി ബാൻഡേജ് ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം. എന്നാൽ അമൃതയ്ക്ക് എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
മുൻ ഭർത്താവ് ബാലയ്ക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളുടെ തുറന്നുപറച്ചിലുകൾക്കു പിന്നാലെ അമൃതയ്ക്കു നേരെയും വിമർശനസ്വരങ്ങളുയർന്നിരുന്നു. ഇതിനിടെ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. തന്റെ ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അപേക്ഷിച്ച് സഹോദരിയും ഗായികയുമായ അഭിരാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. ചികിത്സയ്ക്കു ശേഷം ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് അമൃത ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
ആശുപത്രിയിലായിരുന്ന സമയത്ത് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും അമൃത നന്ദി അറിയിച്ചു. ‘മൈ ഗേള്‍ ഈസ് ബാക്ക് ഹോം’ എന്നെഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു അമൃത സുരേഷ്.