എ.ആർ.റഹ്മാന്റെ പേരിൽ അപവാദപ്രചാരണം; പൊട്ടിത്തെറിച്ച് മക്കൾ
Mail This Article
എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളോടു പ്രതികരിച്ച് മക്കളായ ഖദീജയും റഹീമയും അമീനും. റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കപ്പുറം ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇരുകൂട്ടരുടെയും വേർപിരിയൽ തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ ചർച്ചകളും അനുമാനങ്ങളുമുണ്ടായി. അപവാദപ്രചാരണങ്ങൾ ശക്തമായതോടെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റഹ്മാന്റെ മക്കൾ രംഗത്തെത്തിയത്.
‘എന്റെ അച്ഛൻ ഒരു ഇതിഹാസമാണ്. സംഗീതരംഗത്തിന് അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം നിലനിർത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് കാണുമ്പോൾ വളരെ നിരാശ തോന്നുന്നു. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമിക്കാം. അത്തരം തെറ്റായ വിവരങ്ങളിൽ ഏർപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കൂ. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’, എ.ആർ.അമീൻ കുറിച്ചു.
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ മുഖവും റഹ്മാന്റെ ചിത്രവും ചേർത്തു കൊളാഷ് ചെയ്ത്, ഇതിൽ പ്രായത്തിന്റെ വ്യത്യാസമല്ലാതെ മറ്റൊന്നും കാണാനാകില്ലെന്നും തന്റെ പിതാവ് അത്രയും നിഷ്കളങ്കനാണെന്നും അമീൻ കൂട്ടിച്ചേർത്തു. ‘വിദ്വേഷികൾ കിംവദന്തികൾ പടച്ചുവിടുന്നു, വിഡ്ഢികൾ അത് പ്രചരിപ്പിക്കുന്നു, വിവേകശൂന്യർ അത് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യും’ എന്ന് റഹ്മാന്റെ മൂത്തമകൾ ഖദീജ പരിഹാസത്തോടെ കുറിച്ചു. ഇതേ വാക്കുകൾ റഹ്മാന്റെ രണ്ടാമത്തെ മകൾ റഹീമയും പങ്കുവച്ചു.
മൂവരുടെയും സമൂഹമാധ്യമ പോസ്റ്റുകൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണു പിന്തുണയുമായി എത്തുന്നത്. റഹ്മാൻ എന്ന ഇതിഹാസത്തിന്റെ മൂല്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും നെഗറ്റീവ് കമന്റുകളെ അവഗണിക്കൂ എന്നും ആരാധകർ പ്രതികരിച്ചു.
എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി.
1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടയ്ക്കിടെ പങ്കുവയ്ക്കുമായിരുന്നു. ഇരുവരുടെയും മക്കളും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതരാണ്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചു കഴിഞ്ഞു.