ADVERTISEMENT

എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചനവാർത്തയ്ക്കു പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി പലരും വിമർശനങ്ങളുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ. 

റഹ്‌മാന്‍- സൈറാ വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്‌മാന്റേയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്ന് അവർ കൂട്ടിച്ചേർത്തു. ‘എല്ലാ വിവാഹബന്ധങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാന്യമായാണ് ആ ബന്ധം അവസാനിപ്പിച്ചത്. റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരും’ വന്ദന ഷാ വ്യക്തമാക്കി.

റഹ്‌മാന്‍-സൈറാ ഭാനു വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ബന്ധം വേര്‍പിരിയുന്നത് പരസ്പരബഹുമാനത്തോടെയാണെന്നും അഭിഭാഷക പറഞ്ഞു. അതേസമയം, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍നിന്ന് വന്ദന ഒഴിഞ്ഞുമാറി.

റഹ്മാനും സൈറയും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യംചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന ഉറപ്പിച്ചു പറഞ്ഞു. ഒരു ഇംഗ്ലിഷ് വാർത്താ ചാനലിനോടു പ്രതികരിക്കുകയായിരുന്നു വന്ദന ഷാ.

എ.ആർ.റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം വന്ദനാ ഷാ തന്നെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു. പിന്നാലെ വൈകാരികമായി പ്രതികരിച്ച് എ.ആർ.റഹ്മാനും രംഗത്തെത്തി. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിൽ കുറിച്ചു. 

1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടയ്ക്കിടെ പങ്കുവയ്ക്കുമായിരുന്നു. ഇരുവരുടെയും മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതരാണ്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചു കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com