ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അവർ അകന്നുപോയി’. ഇങ്ങനെ പറഞ്ഞാണ് സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വിവരം അഭിഭാഷക വന്ദനാ ഷാ പുറംലോകത്തെ അറിയിച്ചത്. തികച്ചും അപ്രതീക്ഷിതമായ പ്രഖ്യാപനം! സംഗീതജീവിതത്തിൽ എപ്പോഴും റഹ്മാന് പിന്തുണയുമായി നിന്നിരുന്ന, ഭർത്താവിന്റെ വസ്ത്രധാരണത്തിലും ഫാഷനിലും പോലും പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന റഹ്മാന്റെ ‘പഴ്സനൽ സ്റ്റൈലിസ്റ്റ്’ ആണ് സൈറ ഭാനു. 29 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോൾ റഹ്മാനും സൈറയും അവസാനിപ്പിച്ചിരിക്കുന്നത്. വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ദമ്പതികൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും തീരുമാനിച്ചത് ചെയ്യാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഇരുവരുടെയും മക്കളും രംഗത്തെത്തി. സൈറയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങൾ റഹ്മാൻ പതിവായി പങ്കുവയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി ആരും പ്രതീക്ഷിച്ചതുമില്ല. വേർപിരിയൽ തീരുമാനത്തോട് വൈകാരികമായാണ് റഹ്മാൻ പ്രതികരിച്ചത്. വേർപിരിയൽ പ്രഖ്യാപനം വന്നതോടെ റഹ്മാന്റെ വിവാഹജീവിതം സംബന്ധിച്ച് പലവിധ ചർച്ചകളും സജീവമായിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. ആരാണ് സൈറ ഭാനുവെന്നും തിരയുന്നു ചിലർ.

ആരാണ് സൈറ?

1973 ഡിസംബർ 20ന് ഗുജറാത്തിലെ കച്ചിലാണ് സൈറ ഭാനു ജനിച്ചത്. സംസ്കാരസമ്പന്നമായ ഒരു ഇടത്തരം കുടുംബത്തിലെ അംഗം. ജീവിതത്തെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള, വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നയാൾ. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവസാന്നിധ്യമാണ് സൈറ. റഹ്മാനെയും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് സൈറ കൂടുതൽ അടുപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം തുടങ്ങിയവയ്ക്ക് ഊന്നൽ കൊടുക്കുന്ന സംരംഭങ്ങൾക്ക് സമഗ്രമായ സംഭാവന നൽകുന്നുണ്ട് സൈറ. സമൂഹമാധ്യമങ്ങളിൽ സൈറ അത്രകണ്ട് സജീവമല്ല. തന്റെ ജീവിതം അവർ എല്ലായ്പ്പോഴും സ്വകാര്യമായിത്തന്നെ സൂക്ഷിച്ചു. പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നതു പോലും വിരളം. റഹ്മാൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ മാത്രമാണ് സൈറ ഭാനുവിന്റെ മുഖം പൊതുസമൂഹം കാണുന്നതുപോലും. നടൻ റഹ്മാന്റെ ഭാര്യ മെഹ്റുന്നീസയുടെ സഹോദരിയാണ് സൈറ. 

അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ എ.ആർ.റഹ്മാനും ഭാര്യയും. Photo: Special Arrangement
അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ എ.ആർ.റഹ്മാനും ഭാര്യയും. Photo: Special Arrangement

അമ്മ കണ്ടെത്തിയ പെൺകുട്ടി

റഹ്മാൻ ആവശ്യപ്പെട്ട പ്രകാരം അമ്മ കരീമ ബീഗമാണ് അദ്ദേഹത്തിനു വേണ്ടി വിവാഹം ആലോചിച്ചു തുടങ്ങിയത്. സംഗീതജീവിതവുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നതിനാൽ വധുവിനെ കണ്ടെത്താൻ റഹ്മാന് സമയമില്ലായിരുന്നു. എന്നാൽ താൻ വിവാഹം കഴിക്കേണ്ട പ്രായമായെന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. റഹ്മാൻ പറഞ്ഞതുപ്രകാരം അമ്മ മകനു പറ്റിയെ പെൺകുട്ടിയെ തിരഞ്ഞിറങ്ങി. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇവ മൂന്നുമുള്ള പെൺകുട്ടിയായിരിക്കണം തന്റെ ഭാര്യയായി വരേണ്ടതെന്ന് റഹ്മാൻ അമ്മയോട് ആദ്യം തന്നെ നിബന്ധന വച്ചിരുന്നു. ഒടുവിൽ മകന്റെ സങ്കൽപങ്ങൾക്കിണങ്ങും വിധത്തിൽ ഒരു പെൺകുട്ടിയെ അമ്മ കണ്ടെത്തിക്കൊടുത്തു. തിരക്കിലായിരുന്ന റഹ്മാനു വേണ്ടി വിവാഹാലോചന കൊണ്ടുവന്നതും പെണ്ണ് കാണാൻ പോയതും അമ്മ കരീമ ബീഗവും റഹ്മാന്റെ സഹോദരി ഫാത്തിമയുമാണ്. ചെന്നൈയിലെ മോത്തി ബാബ ദര്‍ഗയില്‍വച്ച് ഇരുവരും സൈറയെ ആദ്യമായി കണ്ടു. തങ്ങൾക്ക് പെൺകുട്ടിയെ ഇഷ്ടമായെന്ന് റഹ്മാനെ അറിയിച്ചതോടെ അദ്ദേഹം വിവാഹത്തിനു സമ്മതിച്ചു. ഇക്കാര്യം റഹ്മാൻ തന്നെ മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ മുഖത്തു നോക്കാൻ പോലും നാണമായിരുന്നു റഹ്മാന് അക്കാലത്ത്. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. പ്രത്യേകിച്ച് പെൺകുട്ടികളോട്. പല യുവതികളും തന്റെ സംഗീതത്തിൽ പാട്ട് പാടാൻ വരികയും അവർക്കൊപ്പം പലപ്പോഴായി ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ടെങ്കിലും അവരെയൊന്നും ജീവിതപങ്കാളിയാക്കണമെന്നു തോന്നിയിരുന്നില്ലെന്നു റഹ്മാൻ പറഞ്ഞിട്ടുണ്ട്.. രാപ്പകലുകൾ ജോലിയായതുകൊണ്ടു തന്നെ വിവാഹജീവിതത്തെക്കുറിച്ചു ചിന്തിക്കാനും സമയം കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് വിവാഹാലോചനയുമായി സഹോദരിയും അമ്മയും എത്തിയത്. 

വിവാഹത്തിലേക്ക്

28ാം ജന്മദിനത്തിലാണ് എ.ആര്‍.റഹ്‌മാന്‍ സൈറയെ ആദ്യമായി കാണുന്നത്. ഏതാനും സമയം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു അത്. പിന്നീട് ഫോൺ സംഭാഷണങ്ങളിലൂടെയാണ് ഇരുവരും കൂടുതൽ അടുത്തത്. കൂടിക്കാഴ്ചകൾ വളരെ ചുരുക്കം. 1995 മാര്‍ച്ച് 12 ന് റഹ്‌മാനും സൈറയും വിവാഹിതരായി. വിവാഹസമയത്ത് റഹ്മാന് ഇരുപത്തിയെട്ടും സൈറയ്ക്കും ഇരുപത്തിയൊന്നുമായിരുന്നു പ്രായം. സൈറ ഗുജറാത്തി, ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ള വ്യക്തിയായതിനാല്‍ തന്റെ കുടുംബം അതുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തെന്നും റഹ്‌മാൻ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. കൂട്ടുകുടുംബമായി ജീവിച്ചതിനാൽത്തന്നെ സൈറ കയറി വന്നപ്പോൾ ഇരുകൂട്ടർക്കും പലവിധ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. വിവാഹം കഴിഞ്ഞ അതേ വർഷം തന്നെ റഹ്മാനും സൈറയ്ക്കും ആദ്യ കൺമണി പിറന്നു. അവൾക്ക് ഖദീജ എന്ന് പേര് നൽകി. പിന്നീട് റഹീമ, അമീൻ എന്നിങ്ങനെ രണ്ട് മക്കൾ കൂടിയുണ്ടായി. മൂവരും സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. 

rahman-saira-style
എ.ആർ.റഹ്മാനും സൈറയും (ഇൻസ്റ്റഗ്രാം)

ഹണിമൂൺ രാത്രിയിലും സംഗീതസംവിധാനം

സംഗീതജീവിതവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന റഹ്മാൻ മധുവിധു രാവുകളിലും ജോലിത്തിരക്കിലായിരുന്നു. മധുവിധു യാത്രയിൽ മലമുകളിലുള്ള ഒരിടത്ത് താമസിക്കവെ മറ്റൊരു മുറിയിൽ സ്വസ്ഥമായിരുന്ന് റഹ്മാൻ സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കി. സുഖവിവരങ്ങൾ തിരക്കാൻ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ സൈറ ഉറങ്ങിയെന്നും താൻ സംഗീതമൊരുക്കുകയാണെന്നുമായിരുന്നു റഹ്മാന്റെ പ്രതികരണം. ഇക്കാര്യം അടുത്തിടെ നടൻ റഹ്മാൻ തുറന്നുപറഞ്ഞത് ഏറെ ചർച്ചയായിരുന്നു. 

‘പ്രശ്നങ്ങളുണ്ട്, സ്നേഹവും’

വിവാഹശേഷമുള്ള ജീവിതത്തിൽ താൻ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്ന് റഹ്മാൻ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമിടയിൽ പക്ഷം ചേരുന്നത് ഒഴിവാക്കുകയായിരുന്നു അതിൽ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടായിരുന്നുവെന്നും അത് ശാരീരികമല്ല ആത്മീയമായിരുന്നുവെന്നും റഹ്മാൻ പറയുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ എന്തൊക്കെ പ്രതികൂല സാഹചര്യങ്ങളുണ്ടായാലും തനിക്കു പിടിച്ചു നിൽക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. മക്കൾ ജനിച്ചപ്പോൾ റഹ്മാന്റെ കുടുംബത്തിലെ സകല കാര്യങ്ങളിലും മാറ്റങ്ങളുണ്ടായി. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും എല്ലാവരും തമ്മിൽ സ്നേഹമുണ്ടെന്നും റഹ്മാൻ പലതവണ ആവർത്തിച്ചിട്ടുണ്ട്. 

rahman-saira2
എ.ആർ.റഹ്മാനും സൈറയും (ഇൻസ്റ്റഗ്രാം)

റഹ്മാൻ അന്ന് പറഞ്ഞത്

വിരളമായി മാത്രമേ ഔദ്യോഗിക ചടങ്ങുകളിൽ റഹ്മാനൊപ്പം സൈറ വേദിയിലെത്താറുള്ളു. കഴിഞ്ഞ വർഷം ഒരു പുരസ്കാരദാന ചടങ്ങിൽ സൈറ സന്നിഹിതയായിരുന്നു. സദസ്സിനെ സൈറ ഹിന്ദിയിൽ അഭിസംബോധന ചെയ്തപ്പോൾ ‘തമിഴിൽ സംസാരിക്കൂ’ എന്ന് റഹ്മാൻ തമാശ രൂപേണ പറഞ്ഞതു ചർച്ചയായിരുന്നു. എന്നാൽ തനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാൻ അറിയില്ലെന്നായിരുന്നു സൈറയുടെ മറുപടി. തുടർന്ന് സൈറ ഇംഗ്ലിഷിൽ സംസാരിച്ചു. പ്രാദേശിക ഭാഷയായ കച്ഛിയും ഇംഗ്ലിഷും മാത്രമേ സൈറയ്ക്ക് വശമുണ്ടായിരുന്നൂള്ളൂ. തന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണോ എന്ന് ഇംഗ്ലിഷിലാണ് റഹ്മാൻ സൈറയോടു ചോദിച്ചതും. റഹ്‌മാന്റെ ശബ്ദത്തോടാണ് തനിക്ക് ജീവിതത്തിൽ ഏറ്റവുമിഷ്ടമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ആ ശബ്ദവുമായി താൻ പ്രണയത്തിലാണെന്നും സൈറ പൊതുവേദിയിലുൾപ്പെടെ പറഞ്ഞിട്ടുണ്ട്. 

റഹ്മാന്റെ സ്റ്റൈലിസ്റ്റ്: സൈറ

കുടുംബകാര്യങ്ങൾ നോക്കുകയും റഹ്മാന്റെ സംഗീതജീവിതത്തെ പിന്തുണയ്ക്കുകയും മാത്രമല്ല സൈറ ചെയ്തിരുന്നത്. റഹ്മാന്റെ ഫാഷൻ സെൻസിനും സ്റ്റൈലിനും പിന്നിലും സൈറയായിരുന്നു. റഹ്മാൻ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുത്തിരുന്നത് സൈറയാണ്. പങ്കാളിക്ക് ഏതൊക്കെ വസ്ത്രങ്ങൾ യോജിക്കുമെന്നും ഏതൊക്കെ നിറങ്ങൾ വേണമെന്നും സൈറ തീരുമാനിച്ചു. പ്രിയപ്പെട്ടവൾ വാങ്ങുമ്പോൾ താനത് ധരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സൈറ തിരഞ്ഞെടുക്കുന്നതെല്ലാം തനിക്ക് ഇഷ്ടമാണെന്നും റഹ്മാൻ മുൻപ് പറഞ്ഞിട്ടുണ്ട്. സൈറ ഏറെ ഇഷ്ടത്തോടെയാണ് തനിക്കു വേണ്ടി ഓരോന്നും തിരഞ്ഞെടുക്കുന്നതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. പലപ്പോഴും സൈറ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് റഹ്മാനു വേണ്ടി വാങ്ങിയിരുന്നത്. മറ്റു നിറങ്ങൾ കൂടി സെലക്ട് ചെയ്യണമെന്നും റഹ്മാൻ പറഞ്ഞിരുന്നു. അതിൻപ്രകാരം സൈറ തനിക്കിഷ്ടപ്പെട്ട നിറങ്ങളിലുള്ള വസ്ത്രങ്ങളും റഹ്മാന് വാങ്ങി നൽകുന്നത് പതിവായി. 

എ.ആർ. റഹ്മാനും സൈറാ ബാനുവും
എ.ആർ.റഹ്മാനും സൈറയും (ഇൻസ്റ്റഗ്രാം)

ആഘോഷങ്ങളിൽ ഒന്നിച്ച്

സ്വകാര്യ വിവാഹ ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ റഹ്മാനും സൈറയും ഒരുമിച്ചാണ് പലപ്പോഴും എത്തിയിരുന്നത്. ഏറ്റവുമൊടുവിലായി ഇരുവരും ഒരുമിച്ച് പങ്കെടുത്തത് അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിലാണ്. അതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ റഹ്മാൻ, സൈറയ്ക്കൊപ്പമുള്ള പ്രണയ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഓരോ വിവാഹവാർഷികത്തിലും ഹൃദ്യമായ കുറിപ്പുകൾ പങ്കുവയ്ക്കുന്നതും പതിവാണ്. 

LISTEN ON

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com