ADVERTISEMENT

എ.ആർ.റഹ്മാൻ–സൈറ ഭാനു വേർപിരിയലിനോടു പ്രതികരിച്ച് ഇരുവരുടെയും മക്കൾ രംഗത്ത്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ദമ്പതികളുടെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. സാഹചര്യം മനസ്സിലാക്കുന്നതിനു നന്ദി പറയുകയാണെന്നും മൂവരും പ്രതികരിച്ചു.

LISTEN ON

ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദി പറയുകയാണെന്നും റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ കുറിച്ചു. ഇതേ വാക്കുകൾ എ.ആർ.അമീനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നുമുള്ള കാര്യം അവർക്ക് അറിയാം. അവർ തിരഞ്ഞെടുത്തത് ചെയ്യാൻ അവരെ അനുവദിക്കുക’, എന്നാണ് രണ്ടാമത്തെ മകൾ എ.ആർ.റഹീമ കുറിച്ചത്. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർമിക്കണമെന്നും റഹീമ കൂട്ടിച്ചേർത്തു. 

എ.ആർ.റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു. പിന്നാലെ വൈകാരികമായി പ്രതികരിച്ച് എ.ആർ.റഹ്മാനും രംഗത്തെത്തി. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിൽ കുറിച്ചു. 

1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ റഹ്മാൻ ഇടയ്ക്കിടെ പങ്കുവയ്ക്കുമായിരുന്നു. ഇരുവരുടെയും മക്കളും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതരാണ്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സംഗീതരംഗത്ത് ഹരിശ്രീ കുറിച്ചു കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com