വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പു പോലും ഭാര്യയുടെ ഇഷ്ടത്തിന്; ‘റഹ്മാൻ സ്റ്റൈലി’നു പിന്നിലെ സൈറാ ബാനു
Mail This Article
29 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീഴുകയാണെന്ന് എ.ആർ. റഹ്മാന്റെ ഭാര്യ സൈറാബാനു വെളിപ്പെടുത്തിയതിന്റെ അമ്പരപ്പിലാണ് ആരാധക ലോകം. ‘സ്റ്റൈലിഷ് ദമ്പതികളാ’യാണ് സൈറയും റഹ്മാനും പൊതുയിടങ്ങളിൽ എത്തിയിരുന്നത്. സൈറ ബാനുവിന്റെ തിരഞ്ഞെടുപ്പുകൾക്കനുസരിച്ച് പ്രശ്സ്ത ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയാണ് പലപ്പോഴും റഹ്മാന്റെ വസ്ത്രങ്ങൾ ഒരുക്കിയിരുന്നത്. എ.ആർ. റഹ്മാന്റെ സ്റ്റൈലുകളിലൂടെ തന്നെയാണ് സൈറാ ബാനു കൂടുതൽ ജനശ്രദ്ധ നേടിയതും. കറുപ്പ് എലഗന്റ് നിറമാണെന്ന വിശ്വാസത്തിൽ പലപ്പോഴും കറുപ്പ് വസ്ത്രങ്ങൾ തന്നെയായിരുന്നു റഹ്മാനു വേണ്ടി സൈറ ഒരുക്കിയിരുന്നത്.
തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകൾ എന്നും ഭാര്യയുടെ ഇഷ്ടത്തിനൊത്തവയാണെന്ന് എ.ആർ. റഹ്മാൻ പലയിടങ്ങളിലും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഭാര്യ ആവശ്യപ്പെടുന്ന വസ്ത്രങ്ങൾ മാത്രമാണ് താൻ ധരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘‘സ്റ്റൈലിങ് വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് എന്റെ ഭാര്യ. അവൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ എനിക്ക് കൂൾ ലുക്ക് നൽകുന്നു എന്നാണ് സൈറ വിശ്വസിക്കുന്നത്. എന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അവൾക്ക് സന്തോഷമുള്ള കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. അവൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയും ഞാൻ അത് ധരിക്കുകയും ചെയ്യുന്നു.’’– റഹ്മാൻ ഒരു ദേശീയ മാധ്യമത്തോട് നൽകിയ അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു. സൈറാ ബാനുവിന്റെ ഈ സ്റ്റൈൽ തിരഞ്ഞെടുപ്പുകൾ കൊണ്ടുതന്നെ ഒന്നിച്ചെത്തുന്ന വേദികളിൽ ഇവർ എന്നും ശ്രദ്ധകേന്ദ്രമായി. 10 -15 വർഷങ്ങളായി താൻ പൊതുവേദിയിൽ എത്തുന്ന എല്ലാ ലുക്കിനും പിന്നിൽ സൈറാ ബാനു മാത്രമാണെന്ന് എ.ആർ. റഹ്മാൻ തുറന്നു സമ്മതിച്ചിട്ടുണ്ട്.
ഓരോ കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും അത് കൃത്യമായി നടത്തിയെടുക്കണമെന്ന ദൃഢ നിശ്ചയമുള്ള കൂട്ടത്തിലാണ് സൈറാ ബാനു എന്നും റഹ്മാൻ പറഞ്ഞിരുന്നു. സൈറാ ബാനു തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ സാധ്യമല്ല എന്ന് പറയേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ കറുപ്പല്ലാതെ മറ്റെന്തെങ്കിലും നിറങ്ങൾ കൂടി പരീക്ഷിച്ചു കൂടെ എന്ന ആവശ്യം മാത്രമാണ് റഹ്മാൻ ഉയർത്തിയിട്ടുള്ളത്. റഹ്മാന്റെ ആ ആഗ്രഹത്തിനൊത്ത് സ്റ്റൈലിങ്ങിൽ വിട്ടുവീഴ്ച ചെയ്യാനും സൈറ തയാറായിരുന്നു.
മറ്റു സെലിബ്രിറ്റികളെ അപേക്ഷിച്ച് പൊതുജനമധ്യത്തിലേയ്ക്ക് കൊണ്ടുവരാതെ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിച്ചു കൊണ്ടായിരുന്നു ഇവരുടെ ജീവിതം. സമൂഹമാധ്യമങ്ങളിൽ കുടുംബത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ നിന്നും ഇരുവരും വിട്ടുനിന്നു. 1995ലാണ് ഇവർ വിവാഹിതരായത്. വിവാഹം നടന്നത് എങ്ങനെയെന്നും മുൻപ് തന്നെ റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിത്തിരക്കുകൾ മൂലം ഒരു പെൺകുട്ടിയെ സ്വയം കണ്ടെത്താവുന്ന സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ട് അറേഞ്ച്ഡ് മാരേജായിരുന്നു ആകെയുള്ള വഴി. അമ്മയാണ് റഹ്മാനുവേണ്ടി സൈറാ ബാനുവിനെ തിരഞ്ഞെടുത്തത്. സൂഫി സന്യാസി മോത്തി ബാബയുടെ ആരാധനാലയത്തിൽ വച്ച് റഹ്മാന്റെ അമ്മയും സഹോദരിയും സൈറയെ ആദ്യമായി കാണുകയായിരുന്നു. സൈറയേയൊ കുടുംബത്തെയോ അമ്മയ്ക്ക് അറിയില്ലായിരുന്നു. ആരാധനാലയത്തിന് സമീപത്തു തന്നെ താമസിക്കുന്ന സൈറയ്ക്കൊപ്പം അൽപ നേരം നടന്നു സംസാരിച്ചു. മകന് യോജിക്കുമെന്ന് തോന്നിയതോടെ വളരെ സ്വാഭാവികമായ രീതിയിൽ കാര്യങ്ങൾ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. ഖദീജ, റഹിമ, അമീൻ എന്നിവരാണ് മക്കൾ