‘ഞാൻ റഹ്‌മാനെ സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു; അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കരുത്’; മൗനം വെടിഞ്ഞ് സൈറ
Mail This Article
വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു പുറത്തുവന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ച് സൈറ ഭാനു. റഹ്മാനും സൈറയും ദാമ്പത്യബന്ധം അനസാനിപ്പിക്കുകയാണെന്നു പരസ്യപ്പെടുത്തി ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ വിലയിരുത്തലുകളും അനുമാനങ്ങളുമുണ്ടായി. റഹ്മാന്റെ പേരിൽ അപവാദങ്ങൾ ശക്തമായതോടെയാണ് പ്രതികരണവുമായി സൈറ ഭാനു എത്തിയത്. ഇതാദ്യമായാണ് വിഷയത്തിൽ സൈറയുടെ പ്രതികരണം പുറത്തുവരുന്നത്.
കഴിഞ്ഞ രണ്ടു മാസങ്ങളായി മുംബൈയിലാണ് സൈറ താമസിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയാണ് സൈറ. താൻ റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞ സൈറ, അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു.
‘ഞാന്‍ സൈറ ഭാനു. രണ്ടു മാസമായി മുംബൈയിലാണ് താമസം. ദയവ് ചെയ്ത് യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ വ്യാജപ്രചരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. എന്തുകൊണ്ട് സൈറ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ് ഞാനിപ്പോൾ. എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ നിമിഷങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്. ഞങ്ങൾ ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്’, സൈറ ഓഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു.
എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി. വിവാഹമോചനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കവെയാണ് മോഹിനി ഡേയുടെ പേരു ചേർത്ത് റഹ്മാനെക്കുറിച്ച് അപവാദപ്രചാരണങ്ങളും തലപൊക്കിയത്.
സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരണവുമായി വന്ദന ഷാ രംഗത്തെത്തി. റഹ്‌മാന്‍- സൈറ വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്‌മാന്റേയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അതുകൊണ്ടും തീർന്നില്ല പ്രചാരണങ്ങൾ. അഭ്യൂഹങ്ങൾ വീണ്ടും തലപൊക്കിയതോടെ റഹ്മാന്റെ മക്കളും വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നാലെ മോഹിനി ഡേയും എത്തി. പ്രചരിക്കുന്നത് വ്യാജമാണെന്നും തന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നും മോഹിനി ഡേ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വീണ്ടും അഭ്യൂഹങ്ങൾ ശക്തമായതോടെ മുന്നറിയിപ്പുമായി റഹ്മാൻ രംഗത്തെത്തി. വിദ്വേഷം പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റഹ്മാൻ അറിയിച്ചു.