‘റഹ്മാൻ എനിക്ക് അച്ഛനെപ്പോലെ, വിവാഹമോചനം അശ്ലീലവത്കരിച്ചത് നിരാശാജനകം’; കുപ്രചാരണങ്ങൾ തള്ളി മോഹിനി ഡേ
Mail This Article
സംഗീതസംവിധായകൻ റഹ്മാന്റെ പേരു ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോടു ശക്തമായി പ്രതികരിച്ച് റഹ്മാന്റെ ബാൻഡ് അംഗവും ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. റഹ്മാൻ തനിക്ക് സ്വന്തം പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തെ എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളുവെന്നും മോഹിനി ഡേ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി അഭ്യർഥിച്ചു.
‘എനിക്കും എ.ആർ.റഹ്മാനുമെതിരെ പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരുസംഭവങ്ങളേയും ചില മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. ഗുരുതര കുറ്റകൃത്യമാണത്. റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്കു ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം എന്റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ ഞാൻ ബാധ്യസ്ഥയല്ല’, മോഹിനി ഡേ കുറിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും തങ്ങൾ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. പിന്നാലെ മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു വെളിപ്പെടുത്തി. തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അപവാദപ്രചാരണങ്ങൾ ശക്തമായി. പിന്നാലെ പ്രതികരണവുമായി റഹ്മാനും സൈറയും ഇവരുടെ മക്കളും രംഗത്തെത്തിയിരുന്നു. മോഹിനി ഡേയും രൂക്ഷമായിത്തന്നെ പ്രതികരിച്ചു. എന്നിട്ടും കുപ്രചാരണങ്ങൾ തുടർന്നതോടെയാണ് മോഹിനി വീണ്ടും പ്രതികരണക്കുറിപ്പുമായി എത്തിയത്.
എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി. 1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോൾ ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്.