ADVERTISEMENT

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയിൽ രവി ബസ്റൂർ ഈണമൊരുക്കിയ ‘ബ്ലഡ്’ എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഗായകൻ സന്തോഷ് വെങ്കി. ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു. 

‘ഞാൻ ഒരിക്കലും ഡബ്സിക്ക് പകരമല്ല. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് രവി ബസ്റൂറുമായി പരിചയമുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഞാൻ അദ്ദേഹത്തിനു വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നു. പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയത്. പാട്ട് റെക്കോർഡ് ചെയ്യാൻ ഡബ്സി ബെംഗളൂരുവിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. ഒരിക്കലും അദ്ദേഹത്തിന് പകരമല്ല ഞാൻ പാടിയതെന്നു തീർത്തു പറയുകയാണ്’, സന്തോഷ് വെങ്കി ഒടിടി പ്ലേയോട് പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാർക്കോയിലെ ‘ബ്ലഡ്’ പുറത്തിറങ്ങിയത്. ഡബ്സി പാടിയ പതിപ്പായിരുന്നു അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. പിന്നാലെ ശബ്ദത്തിൽ വിയോജിപ്പറിയിച്ച് പ്രേക്ഷകർ രംഗത്തെത്തി. ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളും ശക്തമായി. ഇതോടെ പാട്ട് മറ്റൊരു ഗായകന്റെ ശബ്ദത്തിൽ പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സന്തോഷ് വെങ്കി നേരത്തേ പാടിവച്ച പതിപ്പ് റിലീസ് ചെയ്യുകയായിരുന്നു. 

English Summary:

Santhosh Venky reacts to Marco song controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com