പിറന്നു വീണപ്പോൾ ‘നിർഭാഗ്യവാനായ കുട്ടി’യെന്ന് ആളുകൾ വിളിച്ചു, ഒടുവിൽ ലോകത്തിന്റെ തന്നെ ഭാഗ്യതാരോദയം!
Mail This Article
സാക്കിര്‍ ഹുസൈന് ജനിച്ചത് മുംബൈയിലെ ഒരു നഴ്സിങ് ഹോമിലാണ്. അദ്ദേഹത്തിന്റെ ജനനസമയത്ത് പിതാവ് അല്ലാ രഖാ രോഗം മൂര്‍ഛിച്ച അവസ്ഥയായിരുന്നു. നഴ്സിങ് ഹോമില്‍ പിറന്നു വീണ തന്റെ കുഞ്ഞിനെ അല്ലാ രഖാ കാണുന്നത് രണ്ടു ദിവസം കഴിഞ്ഞ് കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷമാണ്. അതുകൊണ്ട് തന്നെ നിര്‍ഭാഗ്യവാനായ കുട്ടിയായി ആളുകള്‍ കുഞ്ഞു സാക്കിറിനെ കരുതിയിരുന്നു. മതവിശ്വാസ പ്രകാരം പിറന്നു വീണ കുട്ടികളുടെ ചെവിയില്‍ ഖുറാന് സൂക്തങ്ങള്‍ ഉരുവിടുന്ന ഒരു ചടങ്ങിന് അച്ഛന് അല്ലാ രഖായുടെ കൈയില്‍ കൊടുത്ത സാക്കിറിന്റെ ചെവിയില്‍ അല്ലാ രഖാ ചൊല്ലിയത് തബലയുടെ താളം തധകിട് തധകിട്. ഇതു ചോദ്യം ചെയ്ത സാക്കിറിന്റെ അമ്മ ബാവി ബീഗത്തോട് അല്ലാ രഖാ പറഞ്ഞത് ഇങ്ങനെയാണ് - ഇതാണ് എന്റെ പ്രാര്‍ഥന സൂക്തങ്ങള്‍. ഗണപതിയേയും ദേവി സരസ്വതിയേയും ആരാധിക്കാന്‍ എന്റെ ഗുരുനാഥന് എനിക്ക് പറഞ്ഞു തന്ന മന്ത്രങ്ങള്‍ ഇവയാണ്. അവ എന്റെ മകനിലേക്ക്ു പകര്‍ന്നു കൊടുക്കുന്നു.
ഖുറേഷി എന്നാണ് അല്ലാ രഖായുടെ കുടുംബപേര്. ആളുകള്‍ ബേബി ഖുറേഷി എന്ന് സാക്കിറിനെ വിളിച്ചു. സൂഫി വര്യന്റെ ഭവന സന്ദര്‍ശനമാണ് ബേബി ഖുറേഷി എന്ന പേര് സാക്കിര്‍ ഹുസൈന് എന്നാവാന്‍ കാരണം. അന്ന് സാക്കിറിന്റ വീട് സന്ദര്‍ശിച്ച ആ സൂഫി വര്യന് പറഞ്ഞത് ഈ കുട്ടി അല്ലാ രഖായുടെ രോഗം ഭേദമാക്കുമെന്നാണ്. അവന് ഫക്കീര്‍ ഹസ്രത്ത് ഇമാം ഹുസൈന്റെ നാമമായ സാക്കിര്‍ ഹുസൈന് എന്ന പേരിടാന്‍ അനുശാസിച്ചു. അങ്ങനെ ബേബി ഖുറേഷി സാക്കിര്‍ ഹുസൈനായി മാറി. കാലക്രമേണ ചെറിയ രോഗങ്ങളും അപകടങ്ങളും സാക്കിര്‍ ഹുസൈനെ ബാധിച്ചിരുന്നുവെങ്കിലും അല്ലാ രഖായുടെ രോഗം ക്രമേണ കുറഞ്ഞു വന്നു. നാല് വര്‍ഷത്തിനു ശേഷം അല്ലാ രഖായുടെ രോഗം നിശേഷം മാറ്റിയ ഭാഗ്യവാനായ കുട്ടിയായി സാക്കിര്‍ ഹുസൈന് മാറി.