നിറവയറുമായി റഹ്മാന്റെ സ്റ്റുഡിയോയിൽ, ക്രെഡിറ്റ് കിട്ടാതെ പോയ ആ ഹമ്മിങ്; ഇളയരാജയുടെ പ്രിയ ഗായിക സുനന്ദ
Mail This Article
ഒരുപാട് ഹൃദയങ്ങളെ ഒരുപോലെ ഉരുക്കിയൊരു വിഖ്യാതഗാനമുണ്ട് തമിഴിൽ. 'ഉയിരേ ഉയിരേ വന്ത് എന്നോട് കലർന്ത് വിട്..' എ.ആർ.റഹ്‌മാന്റെ ഈണത്തിൽ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും അസാധ്യമായി ആലപിച്ച പാട്ട്.
ആ പാട്ടിന്റെ രണ്ടാമത്തെ ചരണത്തിന് തൊട്ടുമുൻപ് ഉച്ചസ്ഥായിയിൽ വരുന്നൊരു 'ആലാപ്' ഉണ്ട്. തീവ്രവിരഹത്തിന്റെ എല്ലാ വേദനയും പകർന്നൊഴുകുന്നൊരു ഹമ്മിങ്. ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ ഭാഗം സ്വർണ്ണലതയാണ് പാടിയിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. പക്ഷേ അത് പാടിയ സുനന്ദ എന്ന മലയാളിഗായികയ്ക്ക് എവിടെയും ക്രെഡിറ്റ് വരാത്ത ജീവനുള്ള ആ ഗാനശകലം വളരെ പ്രാധ്യാന്യമുള്ളതാണ് - ആദ്യത്തെ കൺമണി ജനിക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നിറവയറുമായി റഹ്മാന്റെ സ്റ്റുഡിയോയിലെത്തി അത് പാടിയത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായതുകൊണ്ട് തന്നെ.
തന്റെ പാട്ടുകളിലെ ശ്വാസനിശ്വാസങ്ങളെക്കുറിച്ചു പോലും കൃത്യമായ ധാരണയുള്ള റഹ്‌മാൻ 'ഉയിരേ ഉയിരേ'യിലെ ഹൈ പിച്ചിലുള്ള ആ ഹമ്മിങ്ങിനായി മാത്രം സുനന്ദയുടെ ശബ്ദം ഉപയോഗിച്ചതിൽ അതിശയിക്കാനില്ല. അതിനു മുമ്പ് ധാരാളം ജിംഗിളുകൾ റഹ്‌മാന് വേണ്ടി പാടിയിട്ടുള്ള സുനന്ദ അദ്ദേഹത്തിന്റെ രണ്ടു സൂപ്പർ ഹിറ്റ് സിനിമാഗാനങ്ങളും പാടിയിട്ടുണ്ട്. 'കാതലനി'ലെ 'ഇന്ദിരയോ ഇവൾ സുന്ദരിയോ' (മിൻമിനിയോടൊപ്പം - ഈ പാട്ടിന്റെ ഹിന്ദി, തെലുങ്കു പതിപ്പുകളും ഇവർ ഒരുമിച്ചാണ് പാടിയത്), 'കിഴക്ക് ചീമയിലെ' എന്ന സിനിമയിലെ 'എദ്ക്ക് പൊണ്ടാട്ടി' (ഷാഹുൽ ഹമീദ്, ടി.കെ.കല എന്നിവരോടൊപ്പം) എന്നീ പാട്ടുകൾ.
സുനന്ദയെ പക്ഷേ, തമിഴ് സിനിമാപിന്നണിലോകം അടയാളപ്പെടുത്തിയിരിക്കുന്നത് ഇളയരാജയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരിലൊരാളായിട്ടാണ്. ഭാരതിരാജ സംവിധാനം ചെയ്ത 'പുതുമൈപ്പെൺ' എന്ന ചിത്രത്തിലൂടെ ഇളയരാജയാണ് മലയാളിയായ സുനന്ദയെ പിന്നണിഗാനരംഗത്തെത്തിച്ചത്. പി.ജയചന്ദ്രനൊപ്പം അവർ പാടിയ 'കാതൽ മയക്കം' എന്ന ആ ഗാനം ഇന്നും തമിഴിലെ ഹിറ്റാണ്.
സോളോകളും യുഗ്മഗാനങ്ങളുമായി നൂറിലേറെ പാട്ടുകൾ തമിഴിൽ പാടിയിട്ടുള്ള സുനന്ദയ്ക്ക് ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെ ആ ഭാഷയിലുണ്ട്.
കാതൽ മയക്കം - പുതുമൈപ്പെൺ (ഇളയരാജ)
വെള്ളമനം ഉള്ള മച്ചാ - ചിന്ന വീട് (ഇളയരാജ)
പൂ മുടിത്ത് പൊട്ടു വൈത്ത - എൻ പുരുഷൻ താൻ എനക്ക് മട്ടും താൻ (ഇളയരാജ)
ആനന്ദം പൊങ്കിട - സിറൈപ്പറവൈ (ഇളയരാജ)
പൂവേ സെംപൂവേ - സൊല്ല തുടിക്ക്ദ് മനസ്സ് (ഇളയരാജ)
ശെമ്പകമേ ശെമ്പകമേ - എങ്ക ഊര് പാട്ട്ക്കാരൻ (ഇളയരാജ)
സെമ്മീനേ സെമ്മീനേ - സെവ്വന്തി (ഇളയരാജ- കൂടെപ്പാടിയ ജയചന്ദ്രന് തമിഴ്‌നാട് സംസ്ഥാന അവാർഡ് ഈ പാട്ടിന് ലഭിച്ചു)
അമ്മാ അമ്മാ - ഉഴൈപ്പാളി (ഇളയരാജ)
മന്നവാ മന്നവാ - വാൾട്ടർ വെട്രിവേൽ (ഇളയരാജ)
ഒരു കോലൈക്കിളി - പൊൻവിലങ്ക് (ഇളയരാജ)
സൊല്ലി സൊല്ലി വന്തതില്ലൈ - സെന്തമിൾപ്പാട്ട് (ഇളയരാജ)
എനക്കെന്ന ഒരുവരും - താലാട്ട് (ഇളയരാജ)
കണ്ണിൽ ഈറം എന്നടി - മുൻ അറിവിപ്പ് (ദേവാ)
മൊട്ടുവിട്ട ചിന്നപ്പൊണ്ണ് - പുദുസാ പടിക്കിറേൻ പാട്ട് (ദേവാ)
ദൂളി ദൂളി മാണിക്യദൂളി - തങ്കപ്പാപ്പ (ദേവാ)
പൂന്തെൻട്രലേ നീ - മനസ്സുക്കുൾ മത്താപ്പ് (എസ്. എ. രാജ്‌കുമാർ)
മനസ്സ്ല് മനസ്സ്ല് പാട്ട് - പുതുവർഷം (എസ്. എ. രാജ്‌കുമാർ)
ആനന്ദം ആനന്ദം പാടും - പൂവേ ഉനക്കാക (എസ്. എ. രാജ്‌കുമാർ)
നട്ച്ചത്തിര ജന്നലിൽ വാനം - സൂര്യവംശം (എസ്. എ. രാജ്‌കുമാർ)
മാതൃഭാഷയായ മലയാളത്തിൽ ജെറി അമൽദേവിന്റെ സംഗീതത്തിലാണ് സുനന്ദ ആദ്യം പാടിയത്. 1985ൽ റിലീസായ 'അദ്ധ്യായം ഒന്ന് മുതലി'ലെ 'അക്കുത്തിക്കുത്താനവരമ്പത്ത്' പാടിയെത്തിയ സുനന്ദയുടെ മലയാളത്തിലെ ആദ്യഹിറ്റ് 1986ൽ 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമയിൽ യേശുദാസ്, സതീഷ് ബാബു എന്നിവർക്കൊപ്പം പാടിയ 'ദേവദുന്ദുഭി സാന്ദ്രലയം' ആണ്. സലിൽ ചൗധരി, ജോൺസൻ, രവീന്ദ്രൻ, കണ്ണൂർ രാജൻ, എ. ടി. ഉമ്മർ, ഭരദ്വാജ് എന്നിവരുടെയൊക്കെ സംഗീതത്തിൽ മലയാളത്തിൽ സുനന്ദ പാടിയിട്ടുണ്ടെങ്കിലും അവയിലൊന്ന് പോലും സുനന്ദ എന്ന ഗായികയ്ക്ക് മലയാളത്തിൽ കിട്ടിയ മികച്ച അവസരങ്ങളായി തോന്നിയിട്ടില്ല.
മലയാളത്തിലേക്കാളും നല്ല പാട്ടുകൾ അവർക്ക് തമിഴിലും തെലുങ്കിലും കിട്ടിയപ്പോൾ ഹിന്ദിയിലെ പ്രശസ്ത സംഗീതസംവിധായകരായ നദീം-ശ്രാവൺ ജോഡി സുനന്ദയ്ക്ക് നൽകിയ പാട്ടുകൾ ഹിന്ദിയിലെ വലിയ ഹിറ്റുകളായിരുന്നു. ഹിന്ദിയിൽ തുടർന്നും പാടുവാനായി ബോംബയിൽ തന്നെ താമസിക്കുവാൻ അവർ നിർദ്ദേശിച്ചെങ്കിലും സുനന്ദയ്ക്ക് അത് സ്വീകാര്യമായിരുന്നില്ല.
Sangraam (1993) - Sajana Ban Ke Phiru
Sangraam (1993) - Beshak Tum Meri Mohabbat Ho
Rang (1993) - Tumhen Dekhen Meri Aankhen
Sambandh (1994) - Sanam Yeh Pyar Hi To Hai (ഈ ചിത്രം 2009ൽ 'Sanam Teri Kasam' എന്ന പേരിലാണ് റിലീസായത്)
കോഴിക്കാട് ജനിച്ച സുനന്ദ ബാങ്കുദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലമാറ്റങ്ങൾക്കൊപ്പം കോഴിക്കോടും തൃപ്പൂണിത്തുറയിലും ഗുരുവായൂരുമായാണ് പ്രീഡിഗ്രി വരെ പഠിച്ചത്. അപ്പോഴേക്കും അച്ഛന് ചെന്നൈയിലേക്ക് ട്രാൻസ്ഫർ കിട്ടിയതിനാൽ ഉപരിപഠനത്തിനായി (ബി.എ.മ്യൂസിക്) ചെന്നൈയിലെ ക്വീൻ മേരീസ് കോളേജിലാണ് ചേർന്നത്. ആ സമയത്ത് അച്ഛന്റെ സഹപ്രവർത്തകനായ രാമസുബ്രഹ്മണ്യം വഴിയാണ് സുനന്ദയുടെ പാട്ട് ഇളയരാജയുടെ ശ്രദ്ധയിൽപ്പെടുന്നത്. അമ്മ വഴി ബന്ധു കൂടിയായ ജയചന്ദ്രനൊപ്പമായിരുന്നു ആദ്യഗാനമായ 'കാതൽ മയക്കം' പാടിയത്.
ഇളയരാജ നൽകിയ പ്രോത്സാഹനത്തോടൊപ്പം മറ്റു സംഗീതസംവിധായകരുടെയും കീഴിൽ പാടി തമിഴിൽ സുനന്ദ സജീവമായിരുന്നു. പക്ഷേ വിവാഹശേഷം ഭർത്താവിനൊപ്പം സുനന്ദ വിദേശത്ത് താമസമാക്കുന്നെന്നൊരു വ്യാജവാർത്ത ഇൻഡസ്ട്രിയിൽ പടർന്നത് സുനന്ദ പോലുമറിഞ്ഞില്ല. കർണ്ണാടകസംഗീതത്തിൽ ശ്രദ്ധ കൊടുത്തതിനാലാവണം, അവസരങ്ങൾ കുറഞ്ഞത് സുനന്ദയും ശ്രദ്ധിച്ചുകാണില്ല. സുനന്ദയുടെ സിനിമേതരഗാനങ്ങൾ അക്കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. കുഞ്ഞുങ്ങൾക്കും കുടുംബത്തിനും പ്രാധ്യാന്യം കൊടുത്തുകൊണ്ട് ജീവിതം മുൻപോട്ടുപോയിക്കൊണ്ടിരുന്നപ്പോൾ പിന്നണിരംഗത്തേക്കുള്ള അവസരങ്ങൾ തേടാനും അവർ ശ്രമിച്ചതായി തോന്നുന്നില്ല.
തികച്ചും മലയാളിയാണെങ്കിലും തമിഴിൽ തുടക്കം കുറിച്ച സുനന്ദയ്ക്ക് മലയാളസിനിമയിൽ ലഭിച്ച അവസരങ്ങൾ വളരെ കുറവാണ്. നല്ല പാട്ടുകൾ മികച്ച രീതിയിൽ പാടിയിട്ടും മലയാളപിന്നണിലോകം അങ്ങനെയൊരു ഗായികയെ ഓർക്കുന്നതായിപ്പോലും തോന്നിയിട്ടില്ല. അങ്ങനെ അവഗണിക്കപ്പെട്ട അനവധി ഗായകർക്കിടയിൽ സുനന്ദയും ഒരു പേര് മാത്രമായി മറയാതെ ഇനിയും ആ സുന്ദരസ്വരത്തിൽ ഒരുപാട് പുതിയ പുതിയ പാട്ടുകൾ പാടാനിടവരട്ടെ!