വിദ്യാസാഗറിന്റെ പ്രിയപ്പെട്ട ഗായകരിലൊരാൾ, പലവിധ ഭാഷകളിൽ നിറഞ്ഞ സ്വരം; പക്ഷേ മലയാളത്തിൽ മാത്രം ആ സംഗീതത്തിൽ മിൻമിനി പാടിയില്ല!
Mail This Article
സ്വതന്ത്രസംഗീതസംവിധായകനായി 36 വർഷങ്ങൾ കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ പല മൊഴികളിലായി 250നടുത്ത് സിനിമകൾക്കാണ് വിദ്യാസാഗർ ഈണമൊരുക്കിയത്. മലയാളത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ എന്ന് നമ്മൾ മലയാളികൾ കരുതുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ ഭാഷയിൽ 74 സിനിമകൾ ഉള്ളപ്പോൾ തമിഴിൽ 106 ചിത്രങ്ങളാണ് ഇതുവരെ വിദ്യാസാഗറിന്റെ സംഗീതത്തിൽ പുറത്തു വന്നത്. അദ്ദേഹത്തിന്റെ ആദ്യസിനിമയായ 'പൂമന'വും തമിഴാണ്. ആ സിനിമയിലെ ആദ്യഗാനം പാടിയത് മലയാളികളായ ദിനേശും ചിത്രയും ചേർന്നാണെന്ന് ഒന്ന് കൂട്ടിച്ചേർക്കാം. എന്നാൽ മാതൃഭാഷയായ തെലുങ്കിൽ 66 പടങ്ങളാണ് വിദ്യാസാഗറിന്റെ ക്രെഡിറ്റിലുള്ളത്. ആദ്യചിത്രം 1988ൽ റിലീസായ 'ധർമതേജാ'.
ഭാഷാഭേദമില്ലാതെയാണ് പാട്ടുകൾ കേൾക്കാറുള്ളത് - പ്രത്യേകിച്ചും തെന്നിന്ത്യൻ സംഗീതസംവിധായകരുടെ സൃഷ്ടികൾ. അതിൽത്തന്നെ ഒരീണത്തിൽ പല ഭാഷകളിലായി വരുന്ന പാട്ടുകളോടൊരു കൗതുകം കൂടും. ഉത്തരേന്ത്യയിൽ നിന്നും വന്ന സലിൽ ചൗധരിയുടെ ഒരേ സംഗീതത്തിലുള്ള പല ഭാഷാഗാനങ്ങൾ കേട്ടുതുടങ്ങിയപ്പോഴാണ് ഈ കൗതുകം തുടങ്ങിയതെങ്കിലും പിന്നീട് പല ഭാഷകളിൽ സിനിമകൾ ചെയ്യുന്ന എ.ആർ.റഹ്‍മാന്റെയും കീരവാണിയുടെയും ഇളയരാജയുടേയുമൊക്കെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലുള്ള മിക്കവാറും പാട്ടുകൾ തേടിപ്പിടിച്ച് കേൾക്കാൻ തുടങ്ങി. അതിലെ ഗാനസാഹിത്യവൈവിധ്യങ്ങളും ആലപിക്കുന്നവരുടെ പ്രത്യേകതകളുമൊക്കെ സമാനചിന്തകളുള്ള സുഹൃത്തുക്കളുമായി സംവദിക്കാറുമുണ്ടായിരുന്നു.
ചില സംഗീതസംവിധായകരുടെ ഈണങ്ങൾ ചില ഗായകരുടെ സ്വരത്തിലെത്തുമ്പോൾ ആസ്വാദനത്തിന്റെ ചാരുത കൂടുന്നതായി കേൾക്കുമ്പോൾ തോന്നിയിരുന്നു. അതെന്റെ മാത്രം തോന്നലായിരിക്കാം. തമിഴിൽ ഇളയരാജ - ജാനകി, തെലുങ്കിൽ കീരവാണി - ചിത്ര, മലയാളത്തിൽ വിദ്യാസാഗർ - സുജാത എന്നിങ്ങനെയുള്ള കോംബോകൾ ഒരുപാട് ഹിറ്റുകളും സൃഷ്ടിച്ചിട്ടുണ്ട്.
വിദ്യാസാഗറിന്റെ വലിയ ആരാധകർ പോലും ശ്രദ്ധിക്കാതെ പോയൊരു കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പ്രാധാന്യത്തേക്കാളുപരി പ്രത്യേകത മാത്രമുള്ളൊരു കാര്യം.
മിൻമിനിയെ പാട്ടാസ്വാദകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിൽ തുടങ്ങി, കുറഞ്ഞൊരു കാലം കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഒഡിയ, ബഡഗ എന്നീ ഭാഷകളിൽ നിരവധി പാട്ടുകൾ മിൻമിനി പാടിയിട്ടുണ്ട്. തമിഴിൽ ഇളയരാജയാണ് ആദ്യം പാടിച്ച് അധികം പാട്ടുകൾ കൊടുത്തതെങ്കിലും എ.ആർ.റഹ്മാനു വേണ്ടി പാടിയ 'ചിന്ന ചിന്ന ആസൈ'യാണ് മിൻമിനിയെ പ്രശസ്തയാക്കിയതും പുരസ്‌കാരങ്ങൾ നേടിക്കൊടുത്തതും.
1991 മുതൽ 1993 വരെ മാത്രമാണ് മിൻമിനിയുടെ പിന്നണിഗാനാലാപനകാലം എന്ന് പറയേണ്ടി വരും. അജ്ഞാതമായ കാരണങ്ങളാൽ പാടാൻ കഴിയാതെ വെറും 23 വയസ്സിൽ പിന്നണിയിൽ നിന്നും അവർ പതിയെ പിൻവലിയുമ്പോൾ അനവധി സിനിമാപ്പാട്ടുകൾ ആ സ്വരമാധുരിയിൽ പ്രശസ്തങ്ങളായി മാറിയിരുന്നു.
'മീര'യിൽ പാടി തമിഴിൽ തുടക്കമിട്ടതിന്റെ തൊട്ടുപിന്നാലെ 'ആത്മബന്ധം' എന്ന സിനിമയിലൂടെ തെലുങ്കിൽ മിൻമിനിയെ അവതരിപ്പിച്ചത് കീരവാണിയാണ്. കീരവാണി തന്നെയാണ് 'ഏമണ്ടീ ഏവീ ശ്രീവാറു' എന്ന് തുടങ്ങുന്ന ആ പാട്ട് എഴുതിയതും.
പക്ഷേ തെലുങ്കിൽ മിനി ഏറ്റവുമധികം പാടിയിരിക്കുന്നത് തെലുങ്ക് മാതൃഭാഷയായ വിദ്യാസാഗറിനു വേണ്ടിയാണെന്നത് ഒരു കൗതുകമല്ലേ? കാരണം 1996 ൽ 'അഴകിയ രാവണനി'ലൂടെ മലയാളത്തിലെത്തി ഇന്നും മുൻപന്തിയിലുള്ള വിദ്യാസാഗറിന്റെ ഒരു പാട്ടുപോലും മാതൃഭാഷയായ മലയാളത്തിൽ മിനി പാടിയിട്ടില്ല. അതുകൊണ്ടു തന്നെ വിദ്യാസാഗർ - മിൻമിനി എന്നൊരു കോംബോ മലയാളഗാനപ്രേമികൾ ആലോചിച്ചിട്ടേയുണ്ടാവില്ല.
ആ കൂട്ടുകെട്ടിലുള്ള ചില പാട്ടുകളെ പരിചയപ്പെടാം.
വിദ്യാസാഗറിന്റെ സംഗീതത്തിൽ ഇരുപതിലേറെ പാട്ടുകൾ തെലുങ്കിൽ മിനി പാടിയിട്ടുണ്ടെങ്കിലും ആദ്യം പാടിയത് ഏതാണെന്നു കൃത്യമായി ഉറപ്പില്ല. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ 'കിലുക്ക'ത്തിന്റെ തെലുങ്ക് റീമേക്ക് 'അല്ലരി പിൾല'യിലാവണം ആദ്യഗാനം. മീന നായികയായ 'അല്ലരി പിൾല'യിലെ 'ഇൺട്ട ഇൺട്ട ഉൺടാലി' എന്ന പാട്ട് മലയാളത്തിലെ 'മീനവേനലിൽ' എന്ന പാട്ടിന്റെ സന്ദർഭത്തിലാണുള്ളത്. മനോയോടൊപ്പം മിനി പാടിയിരിക്കുന്ന ഈ പാട്ടിൽ വിദ്യാസാഗറിന്റെ ചില ശബ്ദശകലങ്ങളുമുണ്ട്.
1992 ൽ വിദ്യാസാഗർ മ്യൂസിക് നൽകി റിലീസായ 'ചില്ലറ മൊഗുഡു അല്ലരി കൊടുകു' എന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് മിൻമിനി പാടിയത്. അതിലൊന്ന് എസ്പിബിയോടൊപ്പം നായിക ജയസുധയ്ക്കു വേണ്ടി 'ഏമണ്ടോയ് വച്ചാരാ' എന്നുതുടങ്ങുന്ന ഹാപ്പി മൂഡിലുള്ളൊരു പ്രണയഗാനമാണ്. മറ്റൊന്ന് സിൽക്ക് സ്മിതയ്ക്കു വേണ്ടി 'ഏർറാ ടോപ്പി ഓഡു നന്നു'വെന്ന സോളോയും. പാടിഫലിപ്പിക്കാൻ വളരെ വിഷമമുള്ളൊരു പാട്ട് മിനി അസാധ്യമായിത്തന്നെ പാടിയിട്ടുണ്ട്.
ശോഭന നായികയായ 'നാഗജ്യോതി' എന്ന തെലുങ്ക് ചിത്രത്തിൽ വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ പാട്ടുകളെപ്പറ്റി മിനി പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. മനോയോടൊപ്പം പാടിയ 'ശുഭലേഖ തെറ്റ്ച്ചിന്തമ്മ' എന്നൊരു പ്രണയഗാനവും 'വേയി പടഗലതല്ലി'എന്നൊരു അമ്മൻ പാട്ടുമാണ് മിൻമിനി 'നാഗജ്യോതി'ക്കു വേണ്ടി പാടിയത്.
പ്രശസ്തനടി ശാരദ നിർമിച്ച് വിദ്യാസാഗറിന്റെ സംഗീതത്തിൽ 1992ൽ റീലീസായ ചിത്രമാണ് 'പെല്ലൺട്ടേ നൂറേല്ല പൺട്ട'. അതിലെ 'സോദരാ നാകേമി ബാധറാ' എന്ന ഗാനം മിനി പാടിയത് ആദ്യകാലഗായകരായ എ.എം.രാജയുടെയും ജിക്കിയുടെയും മകനായ ചന്ദ്രശേഖറിനൊപ്പമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ കസെറ്റിലും ടൈറ്റിലിലും 'ജൂനിയർ എ.എം.രാജ & മിൻമിനി' എന്നായിരുന്നു ക്രെഡിറ്റ് ഉണ്ടായിരുന്നത്. ചന്ദ്രശേഖർ ഇപ്പോൾ ആലാപനരംഗത്തില്ലെന്നാണു തോന്നുന്നത്.
'കിളിച്ചുണ്ടൻ മാമ്പഴം', 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായിരുന്ന സൗന്ദര്യ തെലുങ്കിൽ നായികയായ ആദ്യചിത്രമായിരുന്നു 'മനവരാലി പെൾല്ലി'. ആ ചിത്രത്തിനു വേണ്ടി എസ്പിബിയും മിനിയും ചേർന്നു പാടിയ 'ചമ്പകചാരുഡു' എന്ന സെമി-ക്ലാസിക്കൽ ഗാനം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. (ഈ ചിത്രത്തിന്റെ 'ചാന്ദ്കില' എന്ന പാട്ടിന്റെ ട്യൂണാണ് 'ഒരു മറവത്തൂർ കനവി'ലെ 'കന്നി നിലാ പെൺകൊടിയേ' എന്ന പാട്ടിനുള്ളത് )
1993 ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത 'പില്ലലു ദിദ്ദിന കാപുരം' വിദ്യാസാഗറിന്റെ മനോഹരഗാനങ്ങൾ നിറഞ്ഞൊരു തെലുങ്ക് ചിത്രമാണ്. 'മംഗളഗൗരിസ്വരൂപം' എന്ന പാട്ടു മനോയും ചിത്രയും മിൻമിനിയും ചേർന്ന് പാടിയപ്പോൾ 'ഇദ്ദരി മുദ്ദുല'യെന്ന റൊമാന്റിക് ഡ്യൂയറ്റ് എസ്പിബിയും മിൻമിനിയുമാണ് പാടിയത്. ഇതേ ചിത്രം 'അണ്ണൻ തമ്പി'യായി തമിഴിലേക്ക് മൊഴി മാറിയപ്പോഴും ഈ രണ്ടു പാട്ടുകളും പാടിയത് മിനിയാണ്.
സൂപ്പർസ്റ്റാർ വിക്രം നായകനായ ആദ്യതെലുങ്ക് ചിത്രമാണ് 93 ൽ റിലീസായ 'ചിരിനവ്വ്‌ല വരമിസ്താവാ'. മിനി, മിൻമിനിയായി തമിഴിൽ അരങ്ങേറിയ ചിത്രമായ 'മീര'യിൽ വിക്രമാണ് നായകൻ എന്ന കാര്യം ഇവിടെ വെറുതേ ഓർക്കാം. വിദ്യാസാഗർ ഈണമിട്ട ആറ് പാട്ടുകളുള്ള 'ചിരിനവ്വ്‌ല വരമിസ്താവാ'യിൽ എസ്പിബിയും മിൻമിനിയും ചേർന്നുള്ള രണ്ടു യുഗ്മഗാനങ്ങളാണുള്ളത് - 'ഒയിലേ ഒയിലേ' എന്നൊരു ക്യാംസ് പാട്ടും 'അല്ലാട്ടപ്പ പില്ലോഡമ്മു' എന്നൊരു ടിപ്പിക്കൽ ഹൈ ടെമ്പോ ഡ്യൂയറ്റും. (ഇതേ ചിത്രത്തിലെ 'ഒകടെ കോരിക' എന്ന പാട്ടാണ് തമിഴിൽ 'മലരേ മൗനമാ'യെന്ന് പുനരവതരിച്ചത്)
1993ൽ സൗന്ദര്യ നായികയായി പ്രദർശനത്തിനെത്തിയ 'അസലേ പെൾല്ലൈനിവാന്നി' എന്ന സിനിമയിലും വിദ്യാസാഗറിന്റെ സംഗീതത്തിൽ മിൻമിനി രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. സൗന്ദര്യ അഭിനയിച്ച 'കോകിലമ്മ പാട്ടുപാഡേ' എന്നു തുടങ്ങുന്ന ഒരു സോളോ ചിത്രത്തിൽ നായികയുടെ അവതരണഗാനമാണ്. മറ്റൊന്ന് മനോയോടൊപ്പം സിൽക്ക് സ്മിതയ്ക്കു വേണ്ടി 'നഡിജാമലോ' എന്നൊരു സെൻഷ്വൽ ഡ്യൂയറ്റും.
തെലുങ്കിലെ എവർഗ്രീൻ സ്റ്റാർ ആയിരുന്ന കൃഷ്ണയും രംഭയും അഭിനയിച്ച 'റൗഡി അണ്നയ്യ' എന്ന ചിത്രത്തിൽ എസ്പിബിക്കൊപ്പം മിൻമിനി 'അട്ടട്ട ഉടുംപട്ട' എന്ന യുഗ്മഗാനമാണ് പാടിയത്.
രാജധാനി, വൺ ബൈ ടു എന്നിങ്ങനെ വേറെ ഏതാനും തെലുങ്ക് ചിത്രങ്ങൾക്കു വേണ്ടിയും മിൻമിനി വിദ്യാസാഗറിന്റെ സംഗീതത്തിൽ പാടി. ഇവയിലേറെയും വലിയ വിജയചിത്രങ്ങളാണോ എന്നുറപ്പില്ല. എങ്കിലും പാട്ടുകളിൽ വിദ്യാസാഗറിന്റെ വിരൽസ്പർശം നമുക്കു കേൾക്കാൻ കഴിയുന്നുണ്ടല്ലോ.
കീരവാണി അവതരിപ്പിച്ച് ചക്രവർത്തി, ഇളയരാജ, എ.ആർ.റഹ്‌മാൻ, രാജ് കോട്ടി, ശ്രീ, മാധവപ്പെദ്ദി സുരേഷ്, ശശികുമാർ, ദേവാ, രാജശ്രീ, നരേന്ദ്രനാഥ് എന്നിങ്ങനെ കുറേ സംഗീതസംവിധായകർക്കു വേണ്ടി മിൻമിനി തെലുങ്കിൽ പാടിയിട്ടുണ്ടെങ്കിലും വിദ്യാസാഗറിനു വേണ്ടി പാടിയ പാട്ടുകൾ മുന്നിട്ടുനിൽക്കുന്നു എന്ന് പറയാം - അത് എണ്ണം കൊണ്ടും എല്ലാം കൊണ്ടും!