ADVERTISEMENT

തന്നെ സ്ഥിരമായി വിമർശിക്കുന്നവരെ വെല്ലുവിളിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അതു പൂർണമായി ജീവിക്കണമെന്നും ഗോപി സുന്ദർ പറയുന്നു. ‘നാണംകെട്ടവൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ താൻ അഭിനയിക്കുന്നില്ല. ‘ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ,’ എന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം കൂടി ചേർത്താണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. 

ഗോപി സുന്ദറിന്റെ വാക്കുകൾ: ‘ആളുകൾ തങ്ങളുടെ യഥാർഥ സ്വഭാവം മറച്ചുപിടിച്ചും അടക്കിപ്പിടിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഭിനയിക്കുന്നു. പക്ഷേ, ഞാൻ അങ്ങനെ അഭിനയിക്കുന്നില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. ‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ അവരുടെ അനുസരണക്കേടാണ് നാണക്കേടിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിച്ചത്. സത്യത്തിൽ അവർ ആധികാരികമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ബൈബിൾ പറയുന്നതുപോലെ, ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (യോഹന്നാൻ 8:32). വെറും നാട്യത്തേക്കാൾ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളൂ. അതു പൂർണമായി ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജീവതം ജീവിക്കാൻ അനുവദിക്കൂ. എപ്പോഴും സമ്മതത്തെ മാനിക്കുക. സന്തോഷത്തോടെയിരിക്കൂ, യഥാർഥമായിരിക്കൂ. എല്ലാവർക്കും പുതുവത്സരാശംസകൾ.’

ഗോപി സുന്ദർ (Photo: Facebook)
ഗോപി സുന്ദർ (Photo: Facebook)

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഇതോടെ പരോക്ഷ പ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തു. 

പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റ് ഗോപി സുന്ദർ പങ്കുവച്ചിരുന്നു. മയോനിക്കൊപ്പമുള്ള ചിത്രത്തിന് ‘വാടാ വാടാ’ എന്ന അടിക്കുറിപ്പ് ചേർത്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഗോപി സുന്ദർ ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും വിമർശകർ വെറുതെ വിടാറില്ല. പലപ്പോഴും അത്തരം കമന്റുകൾക്ക് തക്ക മറുപടിയും ഗോപി സുന്ദർ നൽകാറുണ്ട്.

English Summary:

Music director Gopi Sundar defiantly responds to critics, embracing the label "shameless" and challenging them to live authentically. His recent posts with Mayonni fuel relationship rumors, but he emphasizes living a true life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com