എന്നെ ‘ട്രാക്കിലാക്കിയ’ ദൈവം
Mail This Article
42 വർഷം മുൻപു വല്യത്താൻ സാറെഴുതിയ ഒരു റിപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ ഇന്നു നിങ്ങൾ കാണുന്ന പി.ടി.ഉഷ ഉണ്ടാകുമായിരുന്നില്ല.
1980 ലെ മോസ്കോ ഒളിംപിക്സിൽ പങ്കെടുത്തു തിരികെയെത്തിയ കാലം. 81 ൽ ബാംഗ്ലൂരിൽ ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിൽ പതിവുള്ള 100, 200 മീറ്ററുകൾക്കൊപ്പം 4x400 മീറ്റർ റിലേ ടീമിനൊപ്പം മൂന്നാമതൊരു സ്വർണംകൂടി. മെഡലുകൾ വാങ്ങി പരിശീലകൻ നമ്പ്യാർ, ഇന്ത്യൻ ചീഫ് കോച്ച് ജെ.എസ്.സൈനി എന്നിവർക്കൊപ്പം ട്രാക്കിലൂടെ നടക്കുകയായിരുന്നു ഞാൻ. പെട്ടെന്നു ബോധംകെട്ടു വീണു.
-
Also Read
ആയുർ ബയോളജിയുടെ സ്രഷ്ടാവ്
ന്യൂഡൽഹി എയിംസിലേക്ക് സംസ്ഥാന സർക്കാർ എന്നെ പരിശോധനയ്ക്കു കൊണ്ടുപോയി. കുറെ ഹൃദയമിടിപ്പുകൾ കഴിയുമ്പോൾ ഇടയ്ക്ക് ഒരു മിടിപ്പ് നിലയ്ക്കുന്ന (എക്ടോപിക് ഹാർട്ബീറ്റ്) അവസ്ഥയാണെന്നും ട്രാക്കിലിറങ്ങി മത്സരിക്കാൻ ഉഷയ്ക്കു കായികക്ഷമതയില്ല എന്നും എയിംസിലെ ഡോക്ടർ രേഖപ്പെടുത്തിയതോടെ എന്റെ കരിയർ അവസാനിച്ച മട്ടായി.
2 മാസം നിരാശയുടെ ട്രാക്കിലായിരുന്നു ഞാൻ. എന്റെ സങ്കടംകണ്ട് മാതാപിതാക്കൾ ശ്രീചിത്രയിലെത്തിച്ചു. വല്യത്താൻ സാർ എന്നെ പരിശോധിക്കാൻ വന്നു. എനിക്ക് ഇനിയും ഓടണം എന്നു പറഞ്ഞ് ഞാൻ അദ്ദേഹത്തിനു മുന്നിലിരുന്ന് കരഞ്ഞു. മിടിപ്പിൽ പ്രശ്നമുണ്ടെങ്കിലും കായികക്ഷമതയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷേ, എയിംസ് നൽകിയ സർട്ടിഫിക്കറ്റ് മറികടന്ന് എഴുതിയാൽ, ട്രാക്കിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും ഡോക്ടറുടെ നേരെ വിരൽചൂണ്ടും.
പക്ഷേ, ഡോക്ടർ അതു കാര്യമാക്കാതെ എഴുതി: ഉഷ കാൻ കൊംപീറ്റ് ഇൻ 100 ആൻഡ് 200 (ഉഷയ്ക്ക് 100, 200 മീറ്ററുകളിൽ മത്സരിക്കാം).
ആ സർട്ടിഫിക്കറ്റ് മൂലം അത്‌ലറ്റിക് ഫെഡറേഷൻ എന്നെ ദേശീയ ക്യാംപിലേക്കു തിരിച്ചുവിളിച്ചു. 1982 ലെ ഏഷ്യൻ ഗെയിംസ് മുതൽ ഞാൻ നടത്തിയ കുതിപ്പിനു കാരണം ആ സർട്ടിഫിക്കറ്റിലെ 8 വാക്കുകളായിരുന്നു.
4 വർഷം മുൻപ് തിരുവനന്തപുരത്ത് കണ്ടപ്പോൾ എന്റെ കായികജീവിതം രക്ഷിച്ച കാര്യം ഞാൻ ഓർമിപ്പിച്ചു. അദ്ദേഹം ചോദിച്ചു: ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ? ഞാൻ ഓർക്കും സാർ, ആ സർട്ടിഫിക്കറ്റ് മാത്രമല്ല അങ്ങും എന്റെ ഓർമയിലുണ്ടാകും, എന്നും.