ADVERTISEMENT

സിനിമയെന്ന തൊഴിൽമേഖല ലൈംഗിക അതിക്രമങ്ങൾക്കോ വിവേചനങ്ങൾക്കോ ഇടമില്ലാത്തവിധം, എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാവണമെന്നാണു നാം ആഗ്രഹിക്കുന്നതെങ്കിലും അതല്ല യാഥാർഥ്യമെന്നു വ്യക്തമാക്കുന്നതായി ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട്. നമ്മുടെ സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്കാരിക കേരളത്തിന്റെ മൂല്യബോധത്തെത്തന്നെ ചോദ്യംചെയ്യുന്ന കാര്യങ്ങൾ ഈ മേഖലയിൽ നടക്കുന്നുവെന്നു റിപ്പോർട്ട് പറയുമ്പോൾ അതുണ്ടാക്കുന്ന മുഴക്കം വലുതാണ്.

മറ്റേതു തൊഴിൽമേഖലയിലുള്ളതിലും കടുത്ത ലൈംഗികചൂഷണമാണു മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നതെന്നും ഭയന്ന് മാതാപിതാക്കളെ ഒപ്പം കൂട്ടേണ്ടത്ര അരക്ഷിതാവസ്ഥയുണ്ടെന്നുമാണ് സമിതി കണ്ടെത്തിയത്. 61 പേജുകളും ഒട്ടേറെ ഖണ്ഡികകളും വെട്ടിമാറ്റിയിട്ടും ബാക്കിയായ ആരോപണങ്ങളുടെ സ്ഫോടനശേഷി ഞെട്ടിക്കുന്നതാണ്. സിനിമാ മേഖലയിലെ സ്ത്രീകൾ എന്തിനും തയാറാകുമെന്ന തോന്നൽ ഒപ്പം പ്രവ‍ർത്തിക്കുന്ന പുരുഷന്മാർ വച്ചുപുലർത്തുന്നുവെന്നു റിപ്പോർട്ട് പറയുമ്പോൾ അതു കേരളത്തെത്തന്നെ നാണംകെടുത്തുന്നു. പെൺകുട്ടികളെ ശരീരവും ആത്മാഭിമാനവും വരെ അടിയറവയ്ക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥ എടുത്തുപറഞ്ഞ് ആണധികാര കേന്ദ്രീകൃതമാണു സിനിമയെന്നു ചൂണ്ടിക്കാട്ടുകയാണ് റിപ്പോർട്ട്. 

കെ‍ാച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്നു സിനിമാ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടതായി ഹേമ സമിതി വിലയിരുത്തുന്നുണ്ട്. അഭിനയത്തിലും സാങ്കേതികവിദ്യയിലും രചനാരംഗത്തുമെല്ലാം കഴിവുള്ള ഒട്ടേറെ സ്ത്രീകൾ ഇതുമൂലം സിനിമയിലേക്കു കടന്നുവരാൻ മടിക്കുന്ന സാഹചര്യവുമുണ്ടായി. മറ്റു ചിലർ തൊഴിൽതന്നെ വിട്ടുപോയി. രാജ്യാന്തരതലത്തിൽവരെ നേട്ടത്തിന്റെ മായാമുദ്രകൾ പതിച്ച മലയാള സിനിമയിലാണ് ഇങ്ങനെയെ‍ാക്കെ സംഭവിക്കുന്നതെന്നുകൂടി ഓർമിക്കണം. 

റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഇത്രയും വൈകിയതിനു ന്യായീകരണമില്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി 2019 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. വിവിധ സമ്മർദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് സാംസ്കാരിക വകുപ്പ് തിങ്കളാഴ്ച അപേക്ഷകർക്കു കൈമാറിയത്. 

സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങൾ ഇപ്പോഴും ഉയർന്നുവരുന്ന സാഹചര്യത്തിൽ സമിതിശുപാർശകളെ സർക്കാർ ദീർഘകാലം കാണാമറയത്തു വച്ചതെന്തിനാണ്? ഈ രംഗത്തു പ്രവർത്തിക്കുന്ന വനിതകളോടുള്ള അനീതിതന്നെയല്ലേ അത്? കമ്മിറ്റി ശുപാർശകളിന്മേൽ അടിയന്തര ഇടപെടലാണു വേണ്ടിയിരുന്നത്. റിപ്പോർട്ട് പൂഴ്ത്തിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അവകാശപ്പെട്ടത്.

സിനിമാരംഗത്തെ പരാതികൾ പരിഹരിക്കാൻ ജില്ലാ ജഡ്ജിയുടെ അധികാരങ്ങളുള്ള ട്രൈബ്യൂണൽ വേണമെന്നു ഹേമ കമ്മിറ്റി ശുപാർശ ചെയ്യുന്നു. ലൈംഗിക പീഡനം അടക്കമുള്ളവയിൽ കുറ്റക്കാർക്കു കർശനശിക്ഷയുറപ്പാക്കുന്ന നിയമം അനിവാര്യമെന്നും ‘ദ് കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് റഗുലേഷൻ ആക്ട്’ നടപ്പാക്കണമെന്നും മദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സെറ്റിൽ അനുവദിക്കില്ലെന്നു നിർമാതാക്കൾ തീരുമാനിക്കണമെന്നും മറ്റുമുള്ള ശുപാർശകൾ അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നു വകുപ്പു മന്ത്രി ആവർത്തിക്കുമ്പോൾ, മൊഴികളിൽ ഇതിനകം എന്തന്വേഷണമാണു നടന്നതെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.

സിനിമാരംഗത്തെ നിയമവിരുദ്ധ– സ്ത്രീവിരുദ്ധ നടപടികളെ സർക്കാർ ശക്തമായി നേരിടുമെന്നു മുഖ്യമന്ത്രി പറഞ്ഞതു നടപ്പാവുകതന്നെവേണം. സിനിമയുടെ പേരിൽ നടക്കുന്ന മോശം കാര്യങ്ങൾ ഇത്രയും വെളിപ്പെട്ട സാഹചര്യത്തിൽ കോൺക്ലേവ് പോലുള്ള ചർച്ചാവേദികളല്ല, കർശന നടപടികളാണ് ഈ മേഖലയുടെ അടിയന്തരാവശ്യമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. അതേസമയം, കുറച്ചുപേർ നടത്തുന്ന ചൂഷണത്തിന്റെയും പീഡനത്തിന്റെയും കളങ്കം അഭിമാനത്തോടെ മുന്നോട്ടുപോകുന്ന നമ്മുടെ സിനിമാവ്യവസായത്തിൽ പെ‍ാതുവായി പതിയാനും പാടില്ല. 

പക്ഷപാതപരമല്ലാത്തതും സമത്വത്തിലൂന്നുന്നതുമായ സുരക്ഷിത പ്രവർത്തനാന്തരീക്ഷം തീർച്ചയായും നമ്മുടെ സിനിമയ്ക്ക് ഉണ്ടാവേണ്ടതുണ്ട്. സിനിമയെന്ന തൊഴിലിടം വിവേചനങ്ങൾക്ക് ഇടമില്ലാത്തവിധം എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാവണമെന്നാണു ഡബ്ല്യുസിസിയെപ്പോലെതന്നെ പെ‍ാതുസമൂഹവും ആഗ്രഹിക്കുന്നത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും പാരസ്പര്യത്തിന്റെ കരുത്തും നൽകാൻ സർക്കാരും സമൂഹവും ഒപ്പമുണ്ടായേതീരൂ. അതിനു വഴിയൊരുക്കാൻ ശ്രമിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി ശുപാർശകൾ പാഴായിക്കൂടാ.

English Summary:

Editorial about Hema Commission report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com