പുറംലോകം കാണാത്ത ആ പേജുകളില്‍ എന്തായിരിക്കും ? ആരുടെ പേരുകൾ ആയിരിക്കും ?
Mail This Article
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നശേഷം ചര്‍ച്ചകളില്‍ ചൂടുപിടിക്കുന്നത് സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചാണ്. ഇതൊക്കെ ആരും പറയാതെ തന്നെ ഏറെക്കുറെ പൊതുസമൂഹത്തിന് അറിയാവുന്ന കാര്യങ്ങളാണെന്ന് ചിലര്‍ വാദിക്കുന്നു. അതില്‍ ഒരു പരിധി വരെ സത്യമുണ്ടെങ്കിലും ജസ്റ്റിസ് ഹേമയുടെ സത്യസന്ധതയും സമൂഹത്തോടുളള പ്രതിബദ്ധയും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. വസ്തുതകളില്‍ വെളളം ചേര്‍ക്കാതെയും ഒന്നും മറച്ചു വയ്ക്കാതെയും കമ്മറ്റിക്ക് മുന്നില്‍ ഹാജരായവരില്‍ നിന്നും ലഭ്യമായ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് അവര്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയുണ്ടായി. ഒരു പ്രലോഭനങ്ങള്‍ക്കും എതിര്‍ശബ്ദങ്ങള്‍ക്കും അവരുടെ മഹനീയ വ്യക്തിത്വത്തെ സ്വാധീനിക്കാനായില്ല.
എന്നാല്‍ കമ്മീഷന്‍ കഷ്ടപ്പെട്ട് ശേഖരിച്ച വിവരങ്ങളിലെ മര്‍മ്മ പ്രധാനമായ കാര്യങ്ങള്‍ ഇപ്പോഴും ഇരുട്ടുമുറിയില്‍ പുറം ലോകം അറിയാതെ വിശ്രമിക്കുകയാണ് എന്നതാണ് വസ്തുത. അതില്‍ എന്തൊക്കെയാണുളളതെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കമ്മറ്റി ശേഖരിച്ചിട്ടുണ്ടെന്നും അനുഭവസാക്ഷിമൊഴികളുടെയും അവര്‍ സമര്‍പ്പിച്ച മറ്റ് തെളിവുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ണ്ണായകമായ പല വിവരങ്ങളും കമ്മറ്റി കണ്ടെത്തി രേഖപ്പെടുത്തിയിട്ടുളളത്. പുറത്ത വന്ന റിപ്പോര്‍ട്ടില്‍ നാം കാണുന്നത് ജനറലൈസ് ചെയ്യപ്പെട്ട ചില കാര്യങ്ങള്‍ മാത്രമാണ്. കാസ്റ്റിംഗ് കൗച്ച്, ലൈംഗികതയ്ക്ക് നിര്‍ബന്ധിതമായി പ്രേരിപ്പിക്കുക, കതകില്‍ മുട്ടി വിളിക്കുക എന്നിങ്ങനെ പൊതുവായി സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുളള പരാമര്‍ശങ്ങളാണ്. അതിന്റെ അടിസ്ഥാനത്തില്‍ ചില അന്വേഷണങ്ങള്‍ നടത്താമെന്നല്ലാതെ ആര്‍ക്കുമെതിരെ കേസ് എടുക്കാനാവില്ല.
അതേസമയം വളരെ സ്‌പെസിഫിക്കായി ആര് ആരോട് എപ്പോള്‍ എങ്ങനെ എന്തൊക്കെ ചെയ്തു എന്നത് കാര്യകാരണസഹിതം വര്‍ഷം, സ്ഥലം, സമയം, മാസം, തീയതി എന്നിങ്ങനെ വിശദാംശങ്ങള്‍ സഹിതം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ പുറത്തു വന്നാല്‍ പൊതുതാത്പര്യ ഹര്‍ജികളുമായി പലരും മുന്നോട്ട് വരുമെന്നും ചിലപ്പോള്‍ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. മാത്രമല്ല ഇന്ന് സമൂഹത്തില്‍ ആദരണീയരെന്ന് വ്യാപകമായി കരുതപ്പെടുന്ന പല വ്യക്തികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കുറ്റവാളി ഉന്നതനാണെന്ന് കരുതി കുറ്റം കുറ്റമല്ലാതായി മാറുമോ എന്നാണ് പൊതുസമൂഹത്തിന്റെ ചോദ്യം. നിയമത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുളള നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ സിനിമാ വകുപ്പ് മന്ത്രിയുടെ ഭാഷ്യം മറ്റൊന്നാണ്. കമ്മറ്റിക്ക് മുന്‍പില്‍ നല്‍കപ്പെടുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ല പോലും. ദുരനുഭവം നേരിട്ട വ്യക്തി സര്‍ക്കാരിനെയോ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെയോ സമീപിച്ച് പരാതി നല്‍കണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പരാതി നല്‍കാന്‍ പീഡനം നേരിട്ട സ്ത്രീകളിലെ വളരെ സീനിയറായ ആളുകള്‍ പോലും ഭയപ്പെടുന്നു. കാരണം പരാതികള്‍ പുറത്തു വന്നാല്‍ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുളളവരുടെ പേര് വിവരങ്ങള്‍ അടക്കം പുറത്തു വരും. മാധ്യമങ്ങള്‍ അത് ആഘോഷിക്കും. തങ്ങളുടെ ഇമേജ് നഷ്ടമായതില്‍ പ്രകോപിതരായ പവര്‍ ഹൗസുകള്‍ വെറുതെയിരിക്കില്ലെന്ന് അവർ കരുതുന്നു. സീരിയലുകളില്‍ പോലും അഭിനയിക്കാന്‍ കഴിയാത്ത വിധം വിലക്കുകള്‍ ഏര്‍പ്പെടുത്തിയേക്കാമെന്നും അവർ ഭയപ്പെടുന്നു. തിലകനെ പോലെ ഒരു അതികായന്‍ നേരിട്ട പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കുന്ന തെളിവുകളായി മുന്നിലുണ്ട്. മലയാള സിനിമയിലെ മാഫിയാവത്കരണത്തെക്കുറിച്ച് പൊതുസമൂഹത്തോട് ആദ്യം വിളിച്ചു പറഞ്ഞത് അദ്ദേഹമാണ്. പിന്നാലെ സംവിധായകന്‍ വിനയനും.
നടി ആക്രമിക്കപ്പെട്ട സന്ദര്‍ഭത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് മഞ്ചു വാര്യരും സൂചിപ്പിച്ചിരുന്നു. ഇത്തരം ക്രിമിനല്‍ ഗൂഢാലോചനകള്‍ ആ പ്രത്യേക സംഭവത്തില്‍ മാത്രമല്ല നടന്നിട്ടുളളതെന്ന് പരസ്യമായും രഹസ്യമായും പറയുന്നവരുണ്ട്. അതിജീവിത നേരിട്ട അനുഭവത്തെ വെല്ലുന്ന ഒട്ടനവധി മനുഷ്യത്വ വിരുദ്ധമായ നടപടി കളുടെ കൂത്തരങ്ങളാണ് മലയാള സിനിമയെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെതിരെ നടപടികള്‍ പോയിട്ട് അന്വേഷണം പോലും നടക്കില്ലെന്ന് പ്രതിസ്ഥാനത്തുളളവര്‍ക്ക് നന്നായറിയാം. കാരണം അവരുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് അവര്‍ക്ക് ഉറച്ച ബോധ്യമുണ്ട്. സിനിമയിലെ പ്രമാണിമാരും രാഷ്ട്രീയ മേലാളന്‍മാരും പരസ്പര പൂരകങ്ങളായി നിലനില്‍ക്കുന്നിടത്തോളം കാലം ഇതെല്ലാം മൂടി വയ്ക്കപ്പെടുമെന്ന് അവര്‍ ആശ്വസിക്കുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ട സര്‍ക്കാര്‍ പ്രതിനിധികളുടെ വാദം മറ്റൊന്നാണ്. ഇടതുപക്ഷ സര്‍ക്കാരായതു കൊണ്ട് മാത്രമാണ് നടി ആക്രമിക്കപ്പെട്ട കേസും ഇപ്പോള്‍ ഹേമാ കമ്മറ്റിയും യാഥാര്‍ത്ഥ്യമായതെന്ന് അവര്‍ അവകാശപ്പെടുന്നു. അല്ലായിരുന്നെങ്കില്‍ ഒരു കമ്മറ്റി പോലും രൂപീകരിക്കുകയില്ലായിരുന്നെന്നും അവര്‍ ചൂണ്ടികാട്ടുന്നു. എങ്കില്‍ എന്തുകൊണ്ട് പോക്‌സോ കേസിന്റെ പരിധിയില്‍ വരാവുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത നരാധമന്‍മാരുടെ പേര് വിവരങ്ങള്‍ മറച്ചുവച്ചതെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാതെ സ്വകാര്യതയുടെയും സാങ്കേതികത്വത്തിന്റെയും പേര് പറഞ്ഞ് ഉരുണ്ട് കളിക്കുന്നതെന്ന് എതിര്‍പക്ഷവും ചോദിക്കുന്നു. പരസ്പരമുളള കുറ്റപ്പെടുത്തലുകളും അവകാശ വാദങ്ങളുമല്ലാതെ കാതലായ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ഇരുകൂട്ടരും.
യഥാര്‍ത്ഥത്തില്‍ ഇനി ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കുറ്റാരോപിതര്‍ എന്ന പേരില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നവരെ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യണം. അതില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സത്യം വെളിച്ചത്ത് കൊണ്ടു വരണം. രണ്ട് ഇത്തരം സംഭവങ്ങള്‍ ഉള്‍പ്പെടുന്ന, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടണം. ഏറ്റവും മര്‍മ്മപ്രധാനമായ സംഗതി ഇതൊന്നുമല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാത് വിധത്തില്‍ ശക്തമായ നിയമനിര്‍മ്മാണം കൊണ്ടു വരണം. ഇത്തരം കേസുകള്‍ മാത്രം പരിശോധിക്കാനായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു സെല്‍ രൂപീകരിക്കണം. നിയമസഭയില്‍ അടക്കം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യപ്പെടണം.
കാരണം ലോകം എല്ലാ തലത്തിലും വികസിച്ചുകൊണ്ടിരിക്കുന്ന പുരോഗമനപരമായ മുഖമുളള ഈ കാലഘട്ടത്തില്‍ മറ്റൊരു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ശരീരം കാഴ്ചവയ്ക്കണം എന്ന നിബന്ധനയില്ല. ഉഭയകക്ഷി സമ്മതപ്രകരം ആണും പെണ്ണും തമ്മിലുളള ബന്ധങ്ങള്‍ ഏത് മേഖലയിലും സംഭവിക്കാം. എന്നാല്‍ ശരീരം നല്‍കുക എന്നത് ഒരു യോഗ്യതാ മാനദണ്ഡമായി മുന്നോട്ട് വയ്ക്കുകയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും സ്ത്രീയുടെ മാനം കവര്‍ന്നെടുക്കുകയും ചെയ്യുന്ന പ്രാകൃതമായ പ്രവണത ആധുനിക സമൂഹത്തിന് തന്നെ നാണക്കേടാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് വരുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനകരമാണ്. വനിതാ കമ്മീഷനും മനഷ്യാവകാശ കമ്മീഷനും പോലുളള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ക്രിമിനല്‍ മനസുളള ചിലര്‍ സിനിമയുടെ പേരില്‍ കലാകാരികളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത തീര്‍ത്തും അപലപനീയമാണ്.
ഡ.ബ്ലൂ.സി.സി യുടെ സ്ഥാപകാംഗമായ ഒരു നടി പിന്നീട് സംഘടനയില്‍ നിന്ന് അകലുകയും ഹേമാ കമ്മറ്റിക്ക് മുന്നില്‍ സംഘടനയുടെ പരാതികള്‍ക്ക് വിരുദ്ധമായി സംസാരിക്കുകയും ചെയ്തു. സിനിമയില്‍ അവസരങ്ങള്‍ക്കായി ഒരു തരത്തിലുളള ചൂഷണങ്ങളും സ്ത്രീവിരുദ്ധതയും നടക്കുന്നില്ലെന്ന് അവര്‍ തറപ്പിച്ചു പറയുകയും ചെയ്തു. ഹേമാ കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നടി പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും അസത്യവും തന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന കുറ്റപ്പെടുത്തലുളളതായും അറിയുന്നു. അത് വാസ്തവമാണെങ്കിലും അതിന്റെ മറുവശം പരിശോധിച്ചാല്‍ മറ്റ് ചില സത്യങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയും.
ഇതേ നടി കൂടി മൂന്‍കൈ എടുത്താണ് ഡ.ബ്ലൂ.സി.സി എന്ന സംഘടന രൂപീകരിച്ചതും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതികള്‍ ഉന്നയിച്ചതും അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചതും. പെട്ടെന്ന് അവര്‍ ചുവടു മാറ്റിയതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടാവാം. പഴയ നിലപാടില്‍ ഉറച്ചു നിന്ന മുഴുവന്‍ കലാകാരികള്‍ക്കും സിനിമയില്‍ അപ്രഖ്യാപിത വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അവരില്‍ പലരും നിലനില്‍പ്പിനായി തത്രപ്പെടുന്ന കാഴ്ചയും നാം കണ്ടു. വിട്ടുവീഴ്ച ചെയ്യാത്തവരും ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നവരും സിനിമയില്‍ വേണ്ട എന്ന നിശ്ശബ്ദ സന്ദേശമായിരുന്നു ഇത്.
വൈയക്തികമായ സാഹചര്യങ്ങള്‍ മൂലം തൊഴില്‍ അത്യാവശ്യമായ ഒരു നടിയെ സംബന്ധിച്ച് എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാനാവില്ല. മാത്രമല്ല കമ്മറ്റി പരാമര്‍ശിക്കുന്ന മാഫിയാ സംഘത്തില്‍ പെട്ടവരൂടെ ഭാഗത്തു നിന്നുളള സമ്മര്‍ദ്ദങ്ങളും ഭീഷണികളും അവരും നേരിട്ടിരിക്കാം. സ്വാഭാവികമായും തന്റെ അവസരങ്ങളും സാമ്പത്തിക സ്രോതസുകളും പൂര്‍ണ്ണമായി അവസാനിപ്പിച്ച് പരസ്യമായ ഏറ്റുമുട്ടലിനിറങ്ങാനുളള ധൈര്യം ഒരുപക്ഷെ അവര്‍ക്കുണ്ടായെന്ന് വരില്ല. അതേസമയം നൈതികതയുടെ ത്രാസില്‍ വിലയിരുത്തുമ്പോള്‍ അവര്‍ ചെയ്തതിനെ ന്യായീകരിക്കാനുമാവില്ല. ഒരു കൂട്ടം അഭിനേത്രികള്‍ തങ്ങളുടെ ഉപജീവനമാര്‍ഗം അടയുമെന്ന് അറിഞ്ഞിട്ടും നാളത്തെ തലമുറയ്‌ക്കെങ്കിലും നീതി ലഭിക്കണമെന്ന ബോധ്യത്തോടെ പൊരുതാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ അതിനോട് ആദ്യം ചേര്‍ന്നു നില്‍ക്കുകയും പിന്നീട് പാലം വലിക്കുകയും ചെയ്ത പ്രവൃത്തി അപലപനീയമാണ്.
എന്തായാലും എതിര്‍പക്ഷത്തുളളവര്‍ ശക്തരാണ്. വളരെ ലളിതമായി ഇതിനെ നിര്‍വചിക്കാന്‍ നമുക്ക് സാധിക്കും. സ്ത്രീകള്‍ക്കെതിരായ നിയമങ്ങള്‍ ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന കാലമാണിത്. ഒരു സ്ത്രീയെ ഏതാനും മിനിറ്റുകളില്‍ കൂടുതല്‍ തുറിച്ച് നോക്കിയാല്‍ പോലും അത് പീഢനത്തിന്റെ പരിധിയില്‍ വരുന്നതും കേസ് എടുക്കാവുന്നതുമായ കുറ്റമാണ്. അതുപോലെ വിവാഹമോചന കേസുകളില്‍ പെട്ടെന്ന് നടപടിയുണ്ടാകാനായി ചില സ്ത്രീകള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലും പുരുഷന്‍മാര്‍ക്കെതിരെ കേസ് എടുക്കുന്ന നാടാണ് കേരളം. ഒരു സ്ത്രീ തന്നെ ആക്രമിച്ചു എന്ന് മൊഴി കൊടുത്താല്‍ കുറ്റാരോപിതനെ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി ജയിലില്‍ അടക്കാനും നിയമം ഉണ്ടെന്ന് പറയപ്പെടുന്നു.
ഒരു തൊഴില്‍ മേഖലയിലും തൊഴില്‍ ലഭിക്കാനായി സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരം പിടിച്ചു വാങ്ങാം എന്ന വ്യവസ്ഥ നിലനില്‍ക്കുന്നില്ലെന്ന് മാത്രമല്ല അത് കടുത്ത നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ദേശീയ വനിതാ കമ്മീഷനില്‍ ഖുശ്ബുവിനെ പോലെയുളള ചലച്ചിത്ര താരങ്ങള്‍ കൂടി അംഗമാണ്. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ( അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും) ഇത്തരം വിഷയങ്ങള്‍ ദേശീയ ഏജന്‍സികളുടെ കൂടി ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി.സതീദേവി ഇക്കാര്യത്തില്‍ ഇരവാദം ഉയര്‍ത്തുന്ന വനിതകള്‍ക്കൊപ്പമാണ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെല്ലാം കൂടി ശ്രമിച്ചാല്‍ ഇപ്പോള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞ പ്രശ്‌നങ്ങള്‍ കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങാതെ ശക്തമായ നിയമനിര്‍മ്മാണം കൊണ്ടു വരേണ്ടത് അത്യാന്താപേക്ഷിതമാണ്.
പോക്‌സോ കേസിന്റെ പരിധിയില്‍ വരാവുന്ന കുറ്റകൃത്യങ്ങള്‍ പോലും സംഭവിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ നിന്നറിയുന്നത്. റിപ്പോര്‍ട്ടില്‍ അത്തരം സൂചനകള്‍ ഉള്‍ക്കൊളളുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു.
സാധാരണഗതിയില്‍ ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അറസ്റ്റ് ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങള്‍ പോലും ചെയ്ത് സിനിമാക്കാര്‍ എന്ന പ്രിവിലേജില്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത് ആശാസ്യമല്ല.
സിനിമയിലെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും അറിയുന്ന വിവരങ്ങള്‍ കൂടി ആധാരമാക്കുമ്പോള്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ മറവില്‍ കേരളത്തില്‍ സംഭവിക്കുന്നത്. സിനിമാ മേഖലയുമായി ബന്ധമില്ലാത്ത ചില ഫ്രോഡ് കൂട്ടായ്മകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സിനിമയുടെയും സീരിയലിന്റെയും പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്നു. ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കാസ്റ്റിംഗ് കാള്‍ പരസ്യങ്ങള്‍ നല്‍കി ആളുകളെ ഹോട്ടല്‍ മുറികളിലേക്ക് വിളിച്ചു വരുത്തുന്നു. താടിയും കണ്ണടയുമൊക്കെയുളള സംവിധായക വേഷധാരിയായ ഒരാളെ നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തും. കൂടെ റൈറ്റിംഗ് പാഡുമായി തിരക്കഥാകൃത്ത് എന്ന പേരില്‍ ഒരാളുമുണ്ടാവും.
സംവിധായകന്‍ തന്റെ ഐഫോണിലോ വാടകയ്ക്ക് എടുത്ത എസ്.എല്‍.ആര്‍ ക്യാമറയിലോ ചില സീനുകള്‍ പകര്‍ത്തി പുതുമുഖത്തെ മോണിറ്ററിലിട്ട് കാണിക്കും. നാളെ താനും മറ്റൊരു സൂപ്പര്‍നായികയാകുന്നത് സ്വപ്നം കാണുന്ന പുതുമുഖം ഒരു മോഹവലയത്തിലെത്തുന്നു. വ്യാജ നിര്‍മ്മാതാവ് ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നു. നക്ഷത്രഹോട്ടലിലെ താമസവും ഭക്ഷണവും പുതുമുഖത്തിനും വാല്‍നക്ഷത്രത്തിനും (കൂടെ വരുന്നവര്‍ക്ക് സിനിമാ രംഗത്ത് നല്‍കുന്ന ഓമനപേര്) ഒരു മായികാ ലോകത്ത് എത്തിയ പ്രതീതിയുണ്ടാക്കുന്നു. അടുത്ത പടി സംവിധായകനോ നിര്‍മ്മാണ കാര്യദര്‍ശിയോ ഇവര്‍ക്ക് കാര്യങ്ങള്‍ ഉപദേശിച്ചു കൊടുക്കുന്നു. സിനിമയില്‍ അവസരം ലഭിക്കാനുളള
ഗുരുദക്ഷിണയെക്കുറിച്ചാണ് സൂചന. ചിലര്‍ ആദ്യം തന്നെ ആ കൊളുത്തില്‍ വീഴും. മറ്റ് ചിലര്‍ കേള്‍ക്കേണ്ട താമസം പാട്ടുപെട്ടി മടക്കും. ഇനിയൊരു കൂട്ടര്‍ ആദ്യം എതിര്‍ത്താലും പിന്നീട് കീഴടങ്ങൂം. കാരണം നാട്ടുകാരോടും ബന്ധുക്കളോടും സിനിമയില്‍ ചാന്‍സ് കിട്ടി എന്നു പറഞ്ഞിട്ടാണ് പോന്നിരിക്കുന്നത്. അങ്ങനെ ഏതാനും ദിവസങ്ങള്‍ നീണ്ട കോംപ്രമൈസിന് ശേഷം പുതുമുഖം നാട്ടിലേക്ക് മടങ്ങും. ഷൂട്ടിംഗ് തീയതി അറിയിക്കാം എന്ന സംവിധായകന്റെ വാക്ക് വിശ്വസിച്ചാണ് മടക്കം. പിന്നീട് മാസങ്ങള്‍ പിന്നിട്ടാലും ആരും ഒന്നും അറിയിക്കില്ല. കാസ്റ്റിംഗ് കാളിന് കൊടുത്തിരുന്ന നമ്പറില്‍ വിളിച്ചാല്‍ ഈ നമ്പര്‍ നിലവില്‍ ഇല്ലെന്ന മറുപടി കിട്ടും.
താമസിച്ചിരുന്ന ഹോട്ടലില്‍ അന്വേഷിച്ചു ചെന്നാല്‍ അവിടെ കൊടുത്ത പേരും വിലാസവും പോലും വ്യാജമായിരിക്കും. ഇത്തരം ഡസന്‍ കണക്കിന് സംഘങ്ങളാണ് സംസ്ഥാനത്തുടനീളം വിലസുന്നത്. ഇവരില്‍ പലരും ഇന്നേവരെ ഒരു സിനിമയെടുത്തവരോ പലപ്പോഴും ഷൂട്ടിംഗ് പോലും കണ്ടിട്ടുളളവരല്ല. സിനിമയുടെ പേരില്‍ സാമ്പത്തിക ചൂഷണവും ലൈംഗികമായ മുതലെടുപ്പുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മാനം ഭയന്ന് പലരും പരാതിപ്പെടാറില്ല എന്നത് ഇക്കൂട്ടരുടെ വിജയം. ഒരു സ്ഥലത്ത് പരീക്ഷിച്ച് വിജയിച്ച അതേ ടെക്‌നിക്ക് ഇവര്‍ പിന്നീട് മറ്റൊരു സ്ഥലത്ത് പയറ്റും.
സിനിമയുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വ്യാജന്‍മാര്‍ക്ക് വിലസാമെങ്കില്‍ പിന്നെ പണവും സ്വാധീനവും പ്രാമാണികത്തവുമുളളവര്‍ക്ക് എന്താണ് പാടില്ലാത്തത്? കര്‍ശനമായ നിയമനിര്‍മ്മാണം ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം. തൊഴില്‍നിയമത്തിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും നിര്‍ബന്ധമായും സിനിമയ്ക്കും ബാധകമാകണം. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമില്ല എന്ന മട്ടില്‍ അന്യഗ്രഹജീവികളെ പോലെ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നവരെ നിയമപരമായി തന്നെ നേരിടുകയാണ് വേണ്ടത്. അതിന് മുന്നിട്ടിറങ്ങാന്‍ ഡബ്ലൂ.സി.സി മാത്രമല്ല ഇതര വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം സാമൂഹിക പ്രതിബദ്ധതയുളള ഓരോ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.
നടന്‍ തിലകന്‍ ഉന്നയിച്ച ആരോപണങ്ങളും ഇപ്പോള്‍ ഹേമാ കമ്മറ്റിയുടെ കണ്ടെത്തലുകളും ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍ സിനിമയ്ക്ക് പിന്നില്‍ സംഭവിക്കുന്ന പലതും ഒരു ക്രിമിനല്‍ കഥ പറയുന്ന സിനിമയേക്കാള്‍ ഭീതിദമായ കാര്യങ്ങളാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് നടി പാര്‍വതി തിരുവോത്ത് തനിക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഒരു ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. കണ്ടതിനും കേട്ടതിനും അറിഞ്ഞതിനുമപ്പുറം ഭയാനകമാണ് സിനിമയുടെ മറവില്‍ നടക്കുന്ന പല കാര്യങ്ങളുമെന്ന് തുറന്ന് പറയുന്ന ധാരാളം പേര്‍ അണിയറയിലുണ്ട്. അവര്‍ക്ക് ആര്‍ക്കും മുന്നില്‍ വന്ന് നിന്ന് പറയാനുളള ധൈര്യമില്ല. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിന്റെ മറവില്‍ ക്രിമിനലുകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ നോക്കി അവര്‍ പരിഹാസച്ചിരി പൊഴിക്കുന്നു.
ഇന്നലെ നടി രേവതി പത്രസമ്മേളനത്തില്‍ പറഞ്ഞതു പോലെ നമ്മള്‍ സംസാരിക്കുന്നതും പരിശ്രമിക്കുന്നതും നമുക്ക് വേണ്ടിയല്ല. സിനിമ പാഷനായി കരുതി നാളെ ഈ രംഗത്തേക്ക് വരുന്ന പാവം കലാകാരികള്‍ക്ക് വേണ്ടിയാണ്. അവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയാത്ത വിധം എന്ത് തടസമാണ് ഈ നാട്ടിലെ നിയമസംവിധാനങ്ങള്‍ക്ക് മുന്നിലുളളത്?