തെളിഞ്ഞൊഴുകട്ടെ സിനിമാമേഖല
Mail This Article
ലൈംഗിക ആരോപണങ്ങളുടെ പേരിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖും രാജിവച്ചത് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർചലനങ്ങൾക്കു പുതിയ മാനം നൽകുകയാണ്. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ചു പരിഹാരങ്ങൾ നിർദേശിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പ്രഹരശേഷിയാണ് ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
സിനിമാരംഗത്തുള്ള സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങളെ ‘ഷോക്കിങ്’ എന്നു വിശേഷിപ്പിച്ചാണ്, അവർ അഭിമുഖീകരിക്കുന്ന ഒന്നാമത്തെ പ്രശ്നമായി ലൈംഗികാതിക്രമം ജസ്റ്റിസ് ഹേമ ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം കിട്ടാൻ ലൈംഗികബന്ധം പകരം ചോദിക്കുന്നെന്നും ജോലിസ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ ശരിവച്ചുള്ള വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാവണം നമ്മുടെ സിനിമാമേഖലയെന്ന ലക്ഷ്യത്തോടെയുള്ള റിപ്പോർട്ടിന്മേൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടിയിരുന്നെങ്കിലും അതു സംഭവിച്ചില്ല. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികൾ പലതും വിമർശനത്തിനു കാരണമാവുകയും ചെയ്തു. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഇത്രയും വൈകിയതിൽത്തുടങ്ങുന്നു വീഴ്ചകൾ. വിവിധ സമ്മർദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം സാംസ്കാരിക വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അപേക്ഷകർക്കു കൈമാറിയത്.
റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ സർക്കാർ മുക്കിയ വിവരവും ഇതിനിടെ നാം കേട്ടു. പ്രമുഖർ ലൈംഗികചൂഷണം നടത്തിയെന്ന പരാമർശമുള്ള ഖണ്ഡികയ്ക്കു പിന്നാലെയുള്ള 11 ഖണ്ഡികകൾ വെട്ടിയ ശേഷമാണു റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ കമ്മിഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട 32 ഖണ്ഡികകളിൽ ഈ ഭാഗം ഉൾപ്പെടുന്നില്ല. ഒഴിവാക്കുന്ന ഭാഗങ്ങൾ വിവരാവകാശ അപേക്ഷകരെ അറിയിക്കണമെന്ന നിർദേശവും സാംസ്കാരിക വകുപ്പ് ലംഘിച്ചു. ആകെ 113 ഖണ്ഡികകളാണ് മുൻകൂട്ടി അറിയിച്ച് ഒഴിവാക്കിയത്.
ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്നും റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ പറ്റുമെന്നു സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞതു ശ്രദ്ധേയമാണ്. ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം തുടങ്ങിയവ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ടെന്നും നടപടിയുണ്ടായില്ലെങ്കിൽ ഇതുവരെ ചെയ്തതെല്ലാം പാഴ്‌വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. പരാതി പറയാൻപോലും മുന്നോട്ടുവരാൻ പറ്റാത്ത സാഹചര്യമുള്ള നിസ്സഹായരാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ല, സമൂഹത്തെയാകെ ബാധിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞതു സർക്കാർ കേൾക്കുകതന്നെ വേണം.
ആരോപണവിധേയരെ സംരക്ഷിക്കാനാണു സർക്കാർ ശ്രമമെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ഏതു തൊഴിൽമേഖലയിലും സ്‌ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയും ചോദ്യംചെയ്യപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൂടാ. പൊതുസമൂഹത്തിന്റെ ജാഗ്രത്തായ ഇടപെടൽ കുറയുന്നുണ്ടോ എന്ന ആത്മപരിശോധനയ്‌ക്കുള്ള സമയംകൂടിയാണിത്. പെൺമയുടെ നേർക്കു വിവേചനത്തോടെയും ക്രൂരതയോടെയും കയ്യുയർത്താൻ ഇനിയെങ്കിലും ആർക്കും ഇവിടെ ധൈര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാവണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർനടപടികൾ. ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം സർക്കാർ രൂപീകരിച്ചതു നല്ലതുതന്നെ.
മലയാള സിനിമയുടെ ആത്മാഭിമാനമാണ് ഇവിടെ കളങ്കിതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ, സർക്കാരും സിനിമാസംഘടനകളും പൊതുസമൂഹവും ചേർന്ന് എന്തുവില കൊടുത്തും സിനിമാമേഖലയുടെ ശുദ്ധി തിരിച്ചെടുത്തേതീരൂ. നിയമത്തിനു മുകളിൽ പറക്കാൻ ആരെയും സർക്കാർ അനുവദിക്കാനും പാടില്ല.