ADVERTISEMENT

സംസ്ഥാനത്തു മറ്റെ‍ാരു നഗരത്തിനും തിരുവനന്തപുരത്തിന്റേതുപോലൊരു ഗതികേട് ഉണ്ടായിട്ടുണ്ടാവില്ല; ഉണ്ടാവാനും പാടില്ല. ഒരൊറ്റ പൈപ്പ് മാറ്റുന്നതിന്റെ പേരിൽ തലസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം ജനങ്ങൾക്ക് അഞ്ചു ദിവസത്തോളം ജല അതോറിറ്റി വെള്ളം നിഷേധിച്ചത് ഉത്തരവാദിത്തമില്ലായ്മയുടെയും അനാസ്ഥയുടെയും നിർഭാഗ്യസാക്ഷ്യമായി.

റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനുവേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ, പണി നീണ്ടുപോയതോടെ ശുദ്ധജലം കിട്ടാതെ ജനം നെട്ടോട്ടമോടി. ജലവിതരണം ഉടൻ പൂർവസ്ഥിതിയിലാക്കുമെന്ന അധികൃതരുടെ ഉറപ്പ് തുടർച്ചയായി കേട്ടുകെ‍ാണ്ടിരുന്ന നഗരവാസികൾക്ക് അതിലെ പെ‍ാള്ളത്തരം വൈകാതെ മനസ്സിലാകുകയും ചെയ്തു. 

മന്ത്രിമാരും എംഎൽഎമാരുമെ‍ാക്കെ താമസിക്കുന്ന നഗരത്തിൽ ജലവിതരണപ്രതിസന്ധി എത്രയുംവേഗം പരിഹരിക്കുമെന്നു കരുതിയ ജനത്തിനു തെറ്റി. പ്രശ്നം മന്ത്രിമന്ദിരങ്ങളെ ബാധിച്ചില്ല. മിക്ക മന്ദിരങ്ങളും പ്രശ്നബാധിത വാർഡുകളിലല്ല എന്നതാണു കാരണം. ഇനി അഥവാ, മന്ത്രിമാരുടെ വീടുകളിൽ വെള്ളം മുടങ്ങിയാൽ ഉടൻ ടാങ്കറിൽ എത്തിക്കുമെന്ന യാഥാർഥ്യവുമുണ്ട്. ഭാഗികമായി വെള്ളം മുടങ്ങുമെന്ന് അറിയിച്ചിരുന്ന കുന്നുകുഴി വാർഡിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലും എംഎൽഎ ഹോസ്റ്റലിലും വെള്ളം മുടങ്ങിയില്ല.

കോർപറേഷനിലെ 44 വാർഡുകളിൽ വെള്ളം മുടങ്ങിയ സാഹചര്യത്തിൽ, പകരം വെള്ളമെത്തിക്കുന്നതിലും ജല അതോറിറ്റിക്കു ഗുരുതര വീഴ്ച സംഭവിച്ചു. പൈപ്‌ലൈനുകൾ മാറ്റുമ്പോഴോ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് തിരുവനന്തപുരം – നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്‌ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ജല അതോറിറ്റി ആരംഭിച്ചത്. മുൻപിൻനോട്ടമില്ലാത്ത ആ നടപടിയാണ് തലസ്ഥാന നഗരത്തെ കഷ്ടത്തിലാക്കിയത്. പ്രധാന ജോലികൾക്കുമുൻപ് ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അനുമതി നേടേണ്ടതുണ്ട്. നിശ്ചയിച്ച സമയത്തു ജോലി പൂർത്തിയായില്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയും വേണം. 

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു പുറമേ മറ്റു സർക്കാർ ഓഫിസുകൾ, ഭക്ഷണശാലകൾ, ഹോസ്റ്റലുകൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം പ്രവർത്തനം താളംതെറ്റി. ഞായറാഴ്ച രാത്രി ജലവിതരണം പുനഃസ്ഥാപിച്ചെന്ന് അറിയിപ്പുണ്ടായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇന്നലെയും വെള്ളംകിട്ടിയില്ല. ശുദ്ധജലം മുടങ്ങിയതോടെ ടാങ്കറിൽ വെള്ളമെത്തിക്കാൻ നഗരവാസികൾ മുടക്കേണ്ടിവന്നതു വൻതുകയാണ്. 500 ലീറ്ററിന്റെ ടാങ്കറിന് 1500– 2000 രൂപ നൽകേണ്ടി വന്നു. ശുദ്ധജല വിതരണത്തിനു കോർപറേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വിൽക്കുന്നവർ രംഗത്തിറങ്ങുകയായിരുന്നു.

വെള്ളം മുട്ടിയതോടെ വീടു പൂട്ടി സ്വന്തം നാടുകളിലേക്കു പോയവരുണ്ട്. മറ്റു ചിലർ നഗരത്തിനുപുറത്ത് അഭയം തേടി. ഇതിനൊന്നും മാർഗം ഇല്ലാത്തവരാണ് വൻതുക മുടക്കി ടാങ്കർ വെള്ളത്തെ ആശ്രയിച്ചത്. ജലവിതരണത്തിനു പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി വീഴ്ച വരുത്തിയതോടെ വലിയ പ്രതിഷേധമുണ്ടായി.

അഞ്ചു ദിവസത്തോളം ശുദ്ധജലം കിട്ടാതിരുന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതു ഭരണസംവിധാനത്തിന്റെ കുറ്റകരമായ അനാസ്ഥയാണെന്നതിൽ സംശയമില്ല. ആസൂത്രണമില്ലാതെ ജോലികൾ തുടങ്ങിയതുകെ‍ാണ്ടാണ് കൃത്യസമയത്തു പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്ന ആക്ഷേപം ഗൗരവമുള്ളതാണ്. നടപടിക്രമങ്ങൾ പാലിക്കാതെയും പകരംസംവിധാനം ഏർപ്പെടുത്താതെയും പ്രശ്നപരിഹാരം വൈകിച്ചും  ജനങ്ങൾക്കു നരകജീവിതം വിധിച്ചവരെയെല്ലാം കണ്ടെത്തി മാതൃകാപരമായ നടപടികളെടുത്തേതീരൂ. ഇനിയെ‍ാരിക്കലും ഒരിടത്തും ഇങ്ങനെയെ‍ാരു വീഴ്ച സംഭവിച്ചുകൂടാ.

English Summary:

Editorial about water crisis in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com