ADVERTISEMENT

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ അഭിമാനപ്പൊട്ടാണ് മായുന്നത്. സാധാരണക്കാരന്റെ ജീവിതത്തിന് ആദ്യപരിഗണന നൽകുന്ന രാഷ്ട്രീയം ജീവിതത്തിലുടനീളം പിന്തുടർന്ന നേതാവായിരുന്നു സീതാറാം യച്ചൂരി

മതനിരപേക്ഷവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെന്ന ആശയത്തെ, ഭരണഘടനാമൂല്യങ്ങളുടെ അടിസ്ഥാനത്തിലും ഇടതു ബോധ്യങ്ങളോടെയും അദ്ദേഹം തെളിമയോടെ വ്യാഖ്യാനിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ദേശീയമായി ഇടതുപക്ഷം പരിമിതപ്പെട്ടപ്പോഴും പക്ഷാതീത ദേശീയ നേതാവായി യച്ചൂരി തലയുയർത്തിനിന്നത് നിലപാടുകളിലെ വ്യക്തതകൊണ്ടാണ്. കമ്യൂണിസ്റ്റ് കടുംപിടിത്തത്തിനു പകരം, പാളിച്ചകളെ പരസ്യമായി തിരുത്തിപ്പറയുന്ന സൗമ്യവും കരുത്തുമുള്ള ശൈലി അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. 

ആദ്യ യുപിഎ മന്ത്രിസഭയ്ക്ക് ഇടതുപക്ഷം പുറത്തുനിന്നു നൽകിയിരുന്ന പിന്തുണ യുഎസുമായുള്ള ആണവക്കരാറിന്റെ പേരിൽ പിൻവലിച്ചത് തെറ്റായിപ്പോയെന്നു ജനറൽ സെക്രട്ടറി പദമേറ്റെടുത്ത ശേഷം 2015ൽ യച്ചൂരി പറഞ്ഞു. വിലക്കയറ്റംപോലെ പാവപ്പെട്ടവനെ ബാധിക്കുന്ന വിഷയങ്ങളാണ് ഉന്നയിച്ചിരുന്നതെങ്കിൽ അടുത്ത തിര‍ഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമായിരുന്നില്ല എന്നും കൂട്ടിച്ചേർത്തു.  

കലുഷിതമായ രാഷ്ട്രീയ സന്ദർഭങ്ങളെ നിറചിരിയോടെ യച്ചൂരി നേരിട്ടു. തീക്ഷ്ണബുദ്ധിയും നേതൃഗുണവും സവിശേഷമായ ആശയവിനിമയ ശേഷിയും അടിയുറച്ച കാഴ്ചപ്പാടുമാണ് 32–ാം വയസ്സിൽ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്കും 40–ാം വയസ്സിൽ പൊളിറ്റ്ബ്യൂറോയിലേക്കും അദ്ദേഹത്തെ ഉയർത്തിയത്. 2005–2017 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്ന യച്ചൂരി 2015 ഏപ്രിലിൽ സിപിഎം ജനറൽ സെക്രട്ടറി പദത്തിലെത്തി.  

യച്ചൂരി നേതൃത്വത്തിലെത്തിയിട്ടും സിപിഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തു മുന്നേറ്റമുണ്ടാക്കാൻ കഴിയാതെപോയതിനു മുൻഗാമികളുടെ നയങ്ങളും ഇടതുപാർട്ടികളുടെ നയവൈകല്യങ്ങളും കാരണമാണ്. ആണവനയത്തിന്റെ പേരിൽ മൻമോഹൻ സിങ് സർക്കാരിനു പിന്തുണ പിൻവലിക്കാൻ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായിരിക്കെ എടുത്ത തീരുമാനം രാഷ്ട്രീയമായി ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി, പാർലമെന്ററി രംഗത്തു സാന്നിധ്യം നാമമാത്രമാക്കി. 

യച്ചൂരി ജനറൽ സെക്രട്ടറി പദത്തിലെത്തുമ്പോൾ സാധ്യതകൾ പരിമിതപ്പെട്ട സ്ഥിതിയിലായിരുന്നു പാർട്ടി. ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷവും പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിനു പാർട്ടിയിലെ കടുംപിടിത്തക്കാർ തടസ്സം നിന്നു. ഇതിൽ പ്രധാനം കോൺഗ്രസിനോടുള്ള സമീപനമായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്നു ബിജെപിക്കെതിരെ സഖ്യമുണ്ടാക്കാൻ യച്ചൂരി കഠിനപ്രയത്നം നടത്തുമ്പോഴും നേതൃത്വത്തിലെ ഒരുവിഭാഗം കോൺഗ്രസ് വൈരത്തിൽ ഉറച്ചുനിന്നു. കോൺഗ്രസ് സഖ്യം അഭിലഷിച്ച ബംഗാൾ ലൈനും കോൺഗ്രസ് വിരുദ്ധ കേരള ലൈനും പാർട്ടിയെ പിളർപ്പിന്റെ വക്കുവരെ എത്തിച്ചു. കോൺഗ്രസ് ഇല്ലാത്ത ബിജെപി വിരുദ്ധസഖ്യം എന്നത് അപ്രായോഗികമാണെന്ന നിലപാടാണ് യച്ചൂരി സ്വീകരിച്ചത്. 

പാർലമെന്റിൽ ഗണനീയ ശക്തിയല്ലാതിരുന്നിട്ടും ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കാൻ യച്ചൂരിക്കു സാധിച്ചു. 

ബിജെപി വിരുദ്ധ പാർട്ടികൾക്കിടയിൽ ഏകോപനമുണ്ടാക്കുന്നതിൽ ഹർകിഷൻ സിങ് സുർജിത്തായിരുന്നു യച്ചൂരിയുടെ വഴികാട്ടിയെന്നു പറയാം.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം വൻമുന്നേറ്റമുണ്ടാക്കിയപ്പോൾ സഖ്യത്തിന്റെ അമരക്കാരിൽ പ്രമുഖൻ എന്ന നിലയിൽ യച്ചൂരിയും ശ്രദ്ധിക്കപ്പെട്ടു. 

‘ഇരുമ്പുമറ’യ്ക്കുള്ളിലൊതുങ്ങാതെ, സിപിഎമ്മിൽ മാധ്യമങ്ങളുമായി മികച്ച ആശയവിനിമയം നടത്തുന്ന വ്യക്തിയായിരുന്നു യച്ചൂരി. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയില്ല. ജനാധിപത്യ സമൂഹത്തിന് അനുഗുണമായ തുറന്ന പെരുമാറ്റം എന്നും കാത്തുസൂക്ഷിച്ചു.  

ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാർട്ടികളിലെയും നേതാക്കളുമായി മികച്ച ബന്ധം നിലനിർത്തിയ യച്ചൂരി 1996ൽ ദേശീയ മുന്നണി സർക്കാരിന്റെയും 2004ൽ യുപിഎ മുന്നണിയുടെയും രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മൻമോഹൻ സിങ് സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകുന്നതിലും ജനോപകാരപ്രദമായ നിയമനിർമാണങ്ങളിലും അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധിയുടെ കയ്യൊപ്പുണ്ടായിരുന്നു. 

ചൈനയിലെയും ലാവോസിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് നേതാക്കൾക്കു നേരിട്ടു പരിചയമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവ് ഒരുപക്ഷേ യച്ചൂരിയായേക്കും. അത്തരം സൗഹൃദങ്ങളാണ് പിൽക്കാലത്ത് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളിൽ അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. 500 വർഷത്തോളം നീണ്ട രാജവാഴ്ച അവസാനിപ്പിച്ച് ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നേപ്പാൾ ജനാധിപത്യപാതയിലേക്കു നീങ്ങിയ ഘട്ടത്തിൽ, രാജ്യത്തെ മുഖ്യധാരാ പാർട്ടികളെയും ഒളിവിൽ പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളെയും കൂട്ടിയോജിപ്പിച്ചതു യച്ചൂരിയുടെ ശ്രമങ്ങളാണ്. 

ആദർശാധിഷ്ഠിത കാഴ്ചപ്പാടിനും ധിഷണയ്ക്കും പുറമേ ഏതു സാഹചര്യത്തോടും ഒത്തുപോകാനുള്ള വഴക്കവും യച്ചൂരിയെ മറ്റു കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നു വ്യത്യസ്തനാക്കി. സാമ്രാജ്യത്വ വിരുദ്ധ, വർഗീയ വിരുദ്ധ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ, കമ്യൂണിസ്റ്റുകാർ ഗണനീയ ശക്തിയല്ലാത്ത ഇന്ത്യയുടെ തലസ്ഥാനനഗരത്തിൽ അദ്ദേഹം തലയുയർത്തിനിന്നു. 

എല്ലാ രാഷ്ട്രീയ നേതാക്കളും യച്ചൂരിയുടെ വിയോഗത്തിൽ ഹൃദയത്തിൽ തട്ടിയാണ് പ്രതികരിച്ചത്. പാർട്ടിക്കുപുറത്തെ അദ്ദേഹത്തിന്റെ സുഹൃദ്​വലയം എത്രത്തോളം വിപുലമായിരുന്നു എന്നതിനു തെളിവാണിത്. സിപിഎമ്മിനു മാത്രമല്ല, മതനിരപേക്ഷ രാഷ്ട്രീയത്തിനാകെ കനത്ത നഷ്ടമാണ് ഈ വേർപാട്.

English Summary:

Editorial about Veteran CPM leader Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com